Archives / july 2021

കുളക്കട പ്രസന്നൻ
 മലയാള ഭാഷയ്ക്ക് അയിത്തമോ ?

മലയാള ഭാഷയോട്  അയിത്തം തോന്നി തുടങ്ങിയോ ? ഈ ചോദ്യത്തിന് കാരണമായത് ഡൽഹി ജി പി പന്ത് ആശുപത്രിയിലെ നടപടിയാണ്. ഈ ആശുപത്രിയിൽ മലയാളം സംസാരിക്കാൻ പാടില്ലെന്ന് അധികൃതർ സർക്കുലർ ഇറക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷയാണ് മലയാളം. എന്നിട്ടും ജി.ബി. പന്ത് ആശുപത്രി അധികൃതരുടെ നടപടി എന്തേ ഇങ്ങനെ ? മലയാള ഭാഷയ്ക്ക് വേണ്ടത്ര മഹാത്മ്യം ഇല്ലെന്നവർ കരുതുന്നുണ്ടോ ?

ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന്  ലഭിച്ചത് ചെറു കാര്യമല്ല. 1500 വർഷത്തോളം പഴക്കമുണ്ടെന്ന് വിലയിരുത്തുപ്പെടുന്ന ഒരു ഭാഷയാണ് മലയാളം. സ്വന്തമായി ലിപിയുണ്ട്. മലയാളത്തിന് അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളുമുണ്ട്.സ്വരാക്ഷരവും വ്യഞ്ജനാക്ഷരവുമുണ്ട്. മൂന്നര കോടി കേരളീയരും ചെറു ദ്വീപ് സമൂഹമായ ലക്ഷദ്വീപ് നിവാസികളും മലയാളം സംസാരിക്കുന്നു.  ലോകത്തെവിടെയും മലയാളികളുണ്ട്. വിവിധ ജോലികൾക്കും പഠനാവശ്യത്തിനും എത്തപ്പെട്ടവർ.

മലയാള ഭാഷയിൽ കഥയും കവിതയും നോവലുമെല്ലാം പിറവി കൊണ്ടു. എം ടി വാസു ദേവൻ നായർ , തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ  , കമല സുരയ്യ തുടങ്ങി ലോകമറിയുന്ന എഴുത്തുകാരുണ്ട്,  കലാകാരന്മാരുണ്ട്. അടൂർ ഗോപാലകൃഷ്ണൻ എന്ന സിനിമാ സംവിധായകനെ ലോകം മാനിക്കുന്നു. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ മലയാളി ആയിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത  പി ടി ഉഷ മലയാളികളുടെ അഭിമാനമാണ്. അങ്ങനെ  എത്രയോ പേർ.

 ഡൽഹി ജി.ബി. പന്ത് ആശുപത്രിയിലെ നടപടി ചെറുതായി കാണാൻ കഴിയുന്ന ഒന്നല്ല. എന്തെന്നാൽ ഇന്ത്യയിൽ ചില അരുതാത്തത് നടക്കുന്നുണ്ട്. ഒരു രാജ്യം ഒറ്റ ഭാഷ എന്ന നിലപാട് കുറെ നാൾ മുമ്പെ കേട്ടു തുടങ്ങിയിരുന്നു. രാജ്യത്തിൻ്റെ ഒരറ്റത്തുള്ള കൊച്ചു സംസ്ഥാനത്തിൻ്റെ ഭാഷയ്ക്ക് മേൽ നിയന്ത്രണം കൊണ്ടു വന്നാൽ അതിൻ്റെ എതിർശബ്ദം എത്രമാത്രം എന്നളക്കാനുള്ള ഒരു തന്ത്രമായും ഇതിനെ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

ഡൽഹിയിലുള്ള മലയാളി സമൂഹം ചെറുതല്ല. അതറിയാതെ ആവില്ല ജി ബി.പന്ത് ആശുപത്രി അധികൃതർ തല തിരിഞ്ഞ സർക്കുലർ ഇറക്കിയത്.

വരുദിനങ്ങളിൽ ജി.ബി. പന്ത് ആശുപത്രി ഇറക്കിയതുപോലെ മറ്റു സ്ഥാപനങ്ങളും സർക്കുലർ ഇറക്കിയാൽ മലയാളികളെ സംബന്ധിച്ച് കൂടുതൽ ബുദ്ധിമുട്ടാകും. അതു സംസ്കാരത്തിലേക്കുള്ള കടന്നുകയറ്റമാകും.

മാതൃഭാഷയ്ക്കായി ഡൽഹിയിൽ നഴ്സസ് യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മലയാളികൾ ഒന്നടങ്കം ആ തീരുമാനത്തെ പിന്തുണയ്ക്കണം. അതു മാതൃഭാഷയോടുള്ള സ്നേഹം മാത്രമല്ല. ജീവശ്വാസം കൂടിയാണ്.

ആദ്യം ഭാഷയുടെ മേൽ കത്തിവയ്ക്കുമ്പോൾ നിരസ്സാരമായി കാണുന്നവർ ഉണ്ടാകാം. പിന്നീടാവും വേഷം, ഭക്ഷണം അങ്ങനെ ഓരോന്നായി നമ്മുടെ മേൽ ആധിപത്യം നേടുക. 

കമൻ്റ് -  മലയാളം മുഴങ്ങട്ടെ. ഡൽഹിയിൽ മാത്രമല്ല മലയാളികൾ ഉള്ള എല്ലാ നാട്ടിലും.

Share :