Archives / june 2021

ഷീജ രാധാകൃഷ്ണൻ. 
കണ്ടലുകളെ കാത്തു സൂക്ഷിച്ച കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ. 

ജൂൺ അഞ്ച് നാം പരിസ്ഥിതി ദിനമായി ആചരിക്കുമ്പോൾ, പരിസ്ഥിതി പ്രവർത്തകരിൽ മു൯പനായ് ആചരിക്കേണ്ട വ്യക്തി തന്നെയാണ് കല്ലേ൯ പൊക്കുടൻ. 

ഭൂമിയിലെ ഏറ്റവും മികച്ച ആവാസ വ്യവസ്ഥകളിലൊന്നാണ് കണ്ടൽക്കാടുകൾ. മത്സ്യങ്ങളും ഞണ്ടുകളും പക്ഷികളും എല്ലാ ഇവിടെ ഒത്തൊരുമയോടെ ജീവിക്കുന്നു. കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴുമുഖത്തുമൊക്കെ വളരുന്ന സസ്യമാണിത്. കടലാക്രമണത്തെയും മണ്ണൊലിപ്പിനേയും തടയാൻ കണ്ടലിനു ശേഷിയുണ്ട്. ഉപ്പു വെള്ളം ശുദ്ധീകരിക്കുകയും, ധാരാളം ജലജീവികളിടെ കുഞ്ഞുങ്ങൾ വളരുന്ന ഇടവുംകൂടിയാണ്.

തീരത്തിന്റെ ഹരിതമതിൽ എന്നു വരെ വിശേപ്പിക്കുന്ന ഈ കണ്ടലുകളുടെ പ്രാധാന്യം മനസ്സിലാകാതെ അവ വെട്ടി നശിപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പരിസ്ഥിതിവാദികൾ പോലും അന്ന് കണ്ടലുകളെ ഗൗനിച്ചിരുന്നില്ല. കണ്ണൂരിലെ പഴയങ്ങാടിയിലും പരിസരത്തുമൊക്കെ വികസനത്തിന്റെ പേരു പറഞ്ഞ് ആയിരകണക്കിന് കണ്ടൽ ചെടികളാണ് വെട്ടിനിരത്തിയത്. ഇതു ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമായി.  ഈ സമയത്താണ് ആരും പറയാതെ ഒരാൾ കണ്ടലുകൾക്ക് വേണ്ടി രംഗത്തെത്തിയത്.  കല്ലേൻ പൊക്കുടൻ എന്ന പരിസ്ഥിതി സ്നേഹി കണ്ടൽ സ്നേഹം കൊണ്ട് ലോകമെങ്ങും അറിയപ്പെട്ട ഇദ്ദേഹം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പ്രവർത്തകരിൽ ഒരാളാണ്.

ശക്തമായ കാറ്റിൽ പാട വരമ്പിലൂടെ നടന്നുപോകുന്ന കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നത് പൊക്കുടൻ സ്ഥിരമായി കണ്ടിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾക്ക് ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ് പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കുന്നത്. ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.

പുഴയിലെ തിരകൾ ശക്തമായി വരമ്പിലിടിച്ച് കയറുന്നതിനും ശക്തമായ കാറ്റിനും കണ്ടൽകാടുകൾ പരിഹാരമായി. അതേതുട൪ന്ന് 1989ൽ പഴയങ്ങാടി-മുട്ടുകണ്ടി ബണ്ടിന്റെ തീരത്ത് 500 കണ്ടൽ ചെടികൾ നട്ടാണ് പൊക്കുടൻ തന്റെ കണ്ടൽ വിപ്ലവത്തിനു തുടക്കം കുറിക്കുന്നത്. പൊക്കുടൻ നട്ടതില്‍ ഏറെയും പീക്കണ്ടല്‍ എന്ന പ്രാന്തന്‍ കണ്ടൽ വർഗമാണ്. വളർന്നു കഴിയുമ്പോൾ ചെറിയൊരു ആൽമരം പോലെ മനോഹരമാണ് ഈ ചെടി.

 ജർമ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

എന്റെ രാഷ്ട്രീയ ജീവിതം (ആത്മകഥ), കണ്ടൽ കാടുകൾക്കിടിയിൽ എന്റെ ജീവിതം, ചൂട്ടാച്ചി, എന്നിവയാണ് പൊക്കുചടൻ രചിച്ച കൃതികൾ.

ഒരുപാട് ആക്ഷേപവും പരിഹാസവും സഹിച്ചാണ് പൊക്കുടൻ പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയത്. ഭ്രാന്തൻ എന്നു വിളിച്ച് ആളുകൾ ഇദ്ദേഹത്തെ കളിയാക്കി. ചിലർ കണ്ടലുകൾ പിഴുതെറിഞ്ഞു. ചതുപ്പുനിലങ്ങളിൽ വീണ്ടും വീണ്ടും കണ്ടൽ വിത്തുകൾ നട്ടാണ് പൊക്കുടൻ ഈ എതിർപ്പുകളെ നേരിട്ടത്. തന്റെ പ്രായം പോലും കണക്കിലെടുക്കാതെ തോണിയിൽ പോയി അദ്ദേഹം വിത്തുകൾ ശേഖരിച്ചു. കണ്ടൽ ചെടിയുടെ പൊങ്ങി നിൽക്കുന്ന വേരിനടിൽ നിന്നു വിത്തു ശേഖരിക്കുന്നത് ബുദ്ധിമുട്ടേറിയ പണിയാണ്. നഗരങ്ങളിൽ നിന്നു ഒഴുകി വരുന്ന അറവുമാലിന്യവും സൂചിയും സിറിഞ്ചുമെല്ലാം ഇതിനിടയിൽ കാണും. എന്നാൽ ഇതോന്നും അദ്ദേഹം വകവച്ചില്ല. കണ്ടലുകളോട് അത്രയ്ക്ക് സ്നേഹമായിരുന്നു പൊക്കുടന്.

1937ൽ കണ്ണൂര്‍ ഏഴോമിലെ എടക്കീല്‍ തറയിൽ ആണ് കല്ലേൻ പൊക്കുടൻ ജനിക്കുന്നത്. അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടി, കല്ലേൻ വെള്ളച്ചി എന്നിവരായിരുന്നു മാതാപിതാക്കൾ. അവഗണനയും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. ഇതു മൂലം രണ്ടാം ക്ലാസ് വരെ മാത്രമെ പഠിക്കാൻ സാധിച്ചുള്ളു. തുടർന്ന് ആ ചെറു പ്രായത്തിൽ തന്നെ ജൻമിയുടെ കീഴിൽ കൃഷി പണിക്കു പോകേണ്ടി വന്നു.

ജാതിവിവേചനത്തിന്റെയും ജന്മി വ്യവസ്ഥിതിയുടെയും കയ്പ് അദ്ദേഹത്തിനു നന്നായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയാണ് പൊക്കുടന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആകർഷണം തോന്നുന്നത്. ഇതിനെതുടർന്ന് 18ാം വയസ്സില്‍ പാര്‍ട്ടിയിൽ ചേർന്നു. കർഷക സമരവും ജനകീയ പ്രക്ഷോഭങ്ങളും ജയിൽവാസവും എല്ലാമായി സംഭവബഹുലമായിരുന്നു അക്കാലം. എന്നാൽ 1980കളുടെ അവസാനത്തോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നകന്നു.

പൊക്കുടന്റെ ജീവിതത്തിലെ ഹരിതരാഷ്ട്രീയമാണ് പിന്നീട് ലോകം കണ്ടത്. തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിതം തന്നെ കണ്ടലിനു വേണ്ടിയായിരുന്നു എന്നു പറയാം. ഒരു ലക്ഷത്തോളം കണ്ടല്‍ചെടികൾ കേരളത്തിന്റെ പലഭാഗങ്ങളിലായി അദ്ദേഹം വച്ചു പിടിപ്പിച്ചു. “കണ്ടല്‍ച്ചെടികള്‍ എനിക്ക് മക്കളെപ്പോലെയാണ്. ഞാനവയുടെ അച്ഛനാണെന്ന് അവര്‍ക്കും തോന്നുന്നുണ്ടാകും” എന്ന പൊക്കുടന്റെ വാക്കുകളിൽ തന്നെയുണ്ട് ആ വാത്സല്യം മുഴുവൻ.

ഭ്രാന്തൻ എന്നു വിളിച്ചവർ പോലും പൊക്കുടനെ വാഴ്ത്താൻ അധികകാലം വേണ്ടി വന്നില്ല. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും അദ്ദേഹത്തെ തേടിവന്നു. യുനെസ്‌കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകളെ പരാമർശിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ആദേഹം നേടി.. ആദിവാസി ദളിതർക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ വിഷയമായ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ആറു മക്കളാണ്.

പ്രകൃതിയെ തൊട്ടറിഞ്ഞ പൊക്കുടൻ 2015 സെപ്റ്റംബര്‍ 27ന് അന്തരിച്ചു. ആപ്പോഴേക്കും അദ്ദേഹം നട്ട കണ്ടൽ മരങ്ങൾ തഴച്ചു വളരാൻ തുടങ്ങിയിരുന്നു. അവയെ സംരക്ഷിക്കാനും പദ്ധതികൾ ഉണ്ടായി.

കണ്ടൽ നശീകരണം ഇപ്പോഴും പൂർണമായി അവസാനിച്ചിട്ടില്ല. അവശേഷിക്കുന്നവയെ സംരക്ഷിക്കുകയും പുതിയവ നട്ടു പിടിപ്പിക്കുകയും ആണ് നമുക്ക് പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ നൻമ. പൊക്കുടനോടുള്ള ഏറ്റവും വലിയ ആദരവും അതു തന്നെ ആയിരിക്കും.

Share :