Archives / june 2021

രമ പിഷാരടി
സിൻഡ്രല്ലയും  ഞാനും

പണ്ടായിരുന്നത് പണ്ടുപണ്ടോർമ്മതൻ-

തുമ്പകൾ പൂവിട്ട  ഗ്രാമാന്തരങ്ങളിൽ,

 

ചോന്നവാകപ്പൂ വിരിച്ച സ്കൂൾമുറ്റത്ത്,

തൂവെയിൽ തുള്ളിക്കളിച്ച പാടങ്ങളിൽ

 

തുമ്പികൾക്കും, വെൺപിറാവ് പോൽ നീങ്ങുന്ന

വെള്ളിമേഘത്തിനും  കൂട്ടായിരുന്നൊരാൾ

 

സൂര്യനെ കൈവിരൽത്തുമ്പിലായ് തൊട്ടവൾ

മേഘങ്ങളെ മുടിത്തുമ്പിലായ് ചൂടിയോൾ;

 

കാറ്റിൻ്റെ ഹാർമോണിയം തേടി നീങ്ങിയോൾ

പാട്ടുപാടും തിരക്കൈകൾ പുണർന്നവൾ

 

കണ്ണിലെ സ്വപ്നത്തരിക്കുള്ളിലായിരം

കണ്ണാടിദീപങ്ങൾ  കത്തിച്ച് വച്ചവൾ.

 

നാട്ടുപച്ചയ്ക്കുള്ളിലായിരം പൂക്കളിൽ

കാറ്റിനോടോപ്പം  ചിരിച്ചുല്ലസിച്ചവൾ

 

ഉച്ചയ്ക്ക് കത്തിപ്പിടഞ്ഞ്  വീഴും നിഴൽ-

ച്ചിത്രങ്ങളിൽ തണൽവൃക്ഷങ്ങൾ നട്ടവൾ

 

സായാഹ്നസൂര്യൻ്റെ തീ പൂത്ത വാനത്ത്,

പാരിജാതങ്ങൾ പൊഴിഞ്ഞോരു സന്ധ്യയിൽ,

 

പാതിരാപ്പൂവിൻ്റെ  നക്ഷത്രലോകത്ത്

പാൽനിലാപ്പൂവിൻ്റെ  സ്വപ്നാടനങ്ങളിൽ

 

പാദുകം തേടുന്ന  രാജകുമാരൻ്റെ

പാവാടയിട്ടൊരു സിൻഡ്രല്ലയായവൾ...

 

 

കല്ലിലായ് തട്ടിത്തടഞ്ഞ്   നീങ്ങുമ്പോഴും

സിൻഡ്രല്ലയെന്ന്  പറഞ്ഞാശ്വസിച്ചവൾ.

 

കിന്നരിപ്പൂക്കൾ വിരിച്ച സ്വപന്ങ്ങളിൽ

സ്വർണ്ണച്ചെരിപ്പിട്ട്  മാലാഖയായവൾ

 

ചേമ്പിലയ്ക്കുള്ളിൽ  മഴത്തുള്ളി വീഴുന്ന

നേർത്തസംഗീതവും  കേട്ടങ്ങിരുന്നവൾ

 

കാത്തിരുന്നിട്ടും വരാത്തൊരാൾക്കെന്നപോൽ

കാഴ്ച്ചകൾ കണ്ണിലാമ്പൽപ്പൂക്കളാക്കിയോൾ

 

പണ്ടായിരുന്നത്, പണ്ട്, പണ്ടോർമ്മ തൻ

ശംഖുകൾ സൂക്ഷിച്ച  ബാല്യം അതേ! പണ്ട്-

 

പണ്ടായിരുന്നു, ചിരിച്ചോടി മാമ്പൂക്കൾ

മൺസുഗന്ധത്തിൽ പൊതിഞ്ഞ് സൂക്ഷിച്ചത്.

 

പണ്ടായിരുന്നൊരു  പൊട്ടിയ പാരഗൺ-

സിൻഡ്രല്ലയെപ്പോലെടുത്ത് സൂക്ഷിച്ചത്.

 

ഓർമ്മകൾ മുന്നിൽ  മുഖം മൂടിയിട്ടു-

പേമാരിയിൽ മുന്നിൽ കൊഴിഞ്ഞ് പോയീടവെ;

 

നാലുകെട്ടിൽ പണ്ട്  പാദുകം സൂക്ഷിച്ച

പാവാടയിട്ടൊരു  സിൻഡ്രല്ല മുന്നിൽ-

 

വന്നൂഞ്ഞാലിലാടിപ്പറന്ന് പോയീടുന്നു….

മേഘങ്ങൾ ചുംബിച്ച് മുന്നിൽ വന്നീടുന്നു;

 

പർവ്വതങ്ങൾക്കും, ഋതുക്കൾക്കുമൊന്നിച്ച്

വർണ്ണങ്ങളെ മഴവില്ലിൽ കുരുക്കിയോൾ,

 

കണ്ണിലായ് നക്ഷത്രമുള്ളവൾ, സൂര്യനെ-

മിന്നാമിനുങ്ങായൊളിച്ച് സൂക്ഷിച്ചവൾ.

Share :