Archives / july 2021

എം.കെ.ഹരികുമാർ
വാൻഗോഗ് ,പൂച്ച ,കാഴ്ച


 

 വാൻഗോഗ്

ഒരു യഥാർത്ഥ കലാകാരൻ തന്റെ അന്തരംഗ ബോധ്യത്തോടെ, അല്ലെങ്കിൽ ആന്തരികമായ അവബോധത്തോടെ വരയ്ക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ ലോകത്തിലേക്ക് പുതിയൊരു 'യാഥാർത്ഥ്യം' കൂട്ടിച്ചേർക്കപ്പെടുന്നു. അത് ആ കലാകാരൻ കണ്ടെത്തിയതാണ്. അയാൾ വസ്തു നിഷ്ഠമായി പരിശോധിക്കുകയല്ല, തന്റെ മാനസിക ജീവിതത്തിന്റെ നൈമിഷികമായ അവസ്ഥകളിലൂടെ തിരിച്ചറിഞ്ഞ ചില അർത്ഥങ്ങളെ, അർത്ഥശൂന്യതകളെ അന്വേഷിക്കുകയാണ്.

യൂറോപ്പിൽ പോസ്റ്റ് ഇംപ്രഷണിസം എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് റോഗർ ഫ്രൈ എന്ന ഫ്രഞ്ചു വിമർശകനാണ്. അദ്ദേഹം പാരീസിൽ ഒരു ചിത്രകലാപ്രദർശനം സംഘടിപ്പിച്ചപ്പോൾ അതിനു കൊടുത്ത പേരാണ് പോസ്റ്റ് ഇംപ്രഷണിസം'.അതായത് ക്ലോദ് മൊനെ ,റെനോഹ് തുടങ്ങിയ ചിത്രകാരന്മാർ യാഥാർത്ഥ്യത്തെ അട്ടിമറിച്ച് ആത്മാവിന്റെ വൈകാരിക ലോകങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അത് ഇംപ്രഷണിസം എന്ന പേരിൽ പ്രശസ്തമായി.ഇതിന്റെ തുടർച്ചയായി വന്ന പുതു പ്രവണതകളാണ് റോഗർ ഫ്രൈ ഉദ്ദേശിച്ചത്.189O കളിലാണ് അത് വികസിച്ചത്.

ഇപ്പോൾ ലോകത്ത് വളരെ പരിചിതമായ ഒരു സങ്കേതമാണ് പോസ്റ്റ് ഇംപ്രഷണിസം. പ്രമുഖ പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിന്ററായ പിയർ ബൊണാർ (Pierre Bonard) വരച്ച ഒരു പൂച്ചയുടെ ചിത്രം - The white cat (1894)- നമ്മുടെ അവബോധത്തെ നവീകരിക്കുക മാത്രമല്ല, കാഴ്ചയെ തന്നെ പുനർ ക്രമീകരിക്കുന്നു. എങ്ങനെയാണ് ഒരു വസ്തുവിനെ നോക്കേണ്ടതെന്ന ഒരു പാഠം.മറ്റൊന്ന് നോക്കുമ്പോൾ മനസ്സിൽ എന്താണ് പതിയുന്നതെന്ന് ഉൾക്കൊള്ളാനുള്ള സിദ്ധി.കാഴ്ചകൾ തന്നെ കണ്ടിഷൻ ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട് നമുക്ക് പുതിയ വസ്തുതകൾ കാണാനുള്ള കഴിവില്ല.നേരത്തേ തന്നെ നിക്ഷേപിച്ചിട്ടുള്ള അറിവ് അല്ലെങ്കിൽ അനുഭൂതിയാണ് സൗന്ദര്യമായി നാം തിരിച്ചറിയുന്നത്. ഇത് ഗതാനുഗതികത്വമാണ്.ഒരു പൂവ് സുന്ദരമാണെന്ന് ആർക്കും കണ്ടു പിടിക്കേണ്ടി വരുന്നില്ല. കാരണം അത് സുന്ദരമാണെന്ന അറിവ് നമ്മളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതാണ് .ഗവേഷണം ചെയ്യേണ്ടതില്ല. ഈ വ്യവസ്ഥാപിതത്വത്തെയാണ് പിയർ ബൊണാർ ഒരു പൂച്ചയെ വരച്ചുകൊണ്ട് അട്ടിമറിക്കുന്നത്.

ബൊണാറിന്റെ പൂച്ച അദ്ദേഹത്തിന്റെ മനസ്സിന്റെ വികാരമാണ്. അദ്ദേഹം തന്റെ ഉള്ളിൽ ആന്തരിക ദർശനത്തിന്റെ വെളിച്ചത്തിൽ രൂപകല്പന ചെയ്തതാണിത്. ഇത് ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല. സവിശേഷവും വ്യക്തിനിഷ്ഠവുമായ അവസ്ഥയെ ഒരു വിധിയായി സ്വീകരിക്കുകയാണ്.

ഈ പൂച്ചയെ നാം നിത്യവും കാണുന്നതല്ല. അത് സംഭവിച്ചതാണ്.ഒരു പൂച്ചയെ വസ്തുനിഷ്ഠമായി വരയ്ക്കുന്നത് ഫോട്ടോഗ്രഫി പോലെയാണ്.അതിൽ വസ്തുതയേയുള്ളു.പ്രത്യേക വികാരമില്ല. കലാകാരൻ എന്ന നിലയിൽ വിൻസന്റ് വാൻഗോഗ് അനുഭവിച്ച വൈകാരിക പ്രക്ഷോഭമാണ് തന്റെ 'ദ് സ്റ്റാറി നൈറ്റി'ൽ ആലേഖനം ചെയ്തിരിക്കുന്നത്. അതിലെ നക്ഷത്രങ്ങൾ വികാരവിവശരാണ്. അവർ നാം സാധാരണ കാണുന്ന നക്ഷത്രങ്ങളെപ്പോലെ വിദൂരമായല്ല നിൽക്കുന്നത്. നമ്മുടെ അടുത്തേക്ക് വികാരവായ്പോടെ വന്ന പോലെ തോന്നും, ആ നക്ഷത്രങ്ങളെ കണ്ടാൽ. പാവപ്പെട്ടവരുടെ ജീവിതങ്ങൾക്ക് വെളിച്ചമേകാൻ അവ കാരുണ്യത്തോടെ പ്രകാശം ചൊരിയുകയാണ്.

വാൻഗോഗിനെ പോലെ ബൊണാറും ഒരു പൂച്ചയെ വരച്ചു കൊണ്ട് താൻ കണ്ട അസാധാരണ യാഥാർത്ഥ്യത്തെക്കുറിച്ച് വെളിപാടു  നൽകുന്നു.ഈ പൂച്ചയുടെ കഴുത്ത് ഇടുങ്ങിയതും കാലുകൾ നീളം കൂടിയതുമാണ്. ഇത് ഒരു പ്രത്യേക നിമിഷമാണ്. പൂച്ചയുടെ കാലുകളുടെ നീളം, പൊക്കം, കഴുത്ത് എന്നിവയുടെ അനുപാതം നോക്കാൻ ബൊണാർ ബാധ്യസ്ഥനല്ല. അദ്ദേഹം ആന്തരിക ദർശനത്തിൽ സ്വയം തിരയുകയാണ്.

ഒരു യഥാർത്ഥ പൂച്ചയെ വരയ്ക്കുന്നതല്ല കല. വികാരത്തിലൂടെ മനസിനെ ആവേശിച്ച പൂച്ചയെ കണ്ടുപിടിക്കുന്നതിലാണ് കല. യാഥാർത്ഥ്യത്തെ അപരിചിതമാക്കണം. അപ്പോൾ അത് വരയ്ക്കുന്നയാളുടെ ആത്മീയ പ്രശ്നങ്ങൾ പുറത്തേക്ക് വരും. കാൻവാസിലെ പൂച്ച യഥാർത്ഥ പൂച്ചയല്ല, അങ്ങനെ ആകരുത്.അത് ഒരു വികാരമാകുകയാണ് വേണ്ടത്. അത് ഒരു കലാകാരൻ ജീവിച്ചതിന്റെ വ്യക്തിപരമായ സുവിശേഷമാണ്. ബൊണാറിന്റെ പൂച്ച ഒരു അസ്തിത്വ രഹസ്യമാണ്, അവസ്ഥയാണ്.

പ്രമുഖ ചിത്രകാരനായ പോൾ സെസാൻ പറഞ്ഞു, ഒരു ചിത്രം വരയ്ക്കുമ്പോൾ അത് ദൈവത്തിന്റെ  ഒരു സൃഷ്ടി പോലെയാകണമെന്ന്.അതായത് പ്രകൃതിയിലെ വസ്തുക്കൾ പോലെ. ഒരു മരം ദൈവത്തിന്റെ ഭാവനയാണ്.അതുപോലെ ബൊണാറിന്റെ പൂച്ച മറ്റൊരു ദൈവ സൃഷ്ടിയാണ്.

നുറുങ്ങുകൾ

1)കേരള സാഹിത്യഅക്കാദമിയുടെ പ്രവർത്തനങ്ങൾ നിഷ്പക്ഷവും രാഷ്ട്രീയ വിമുക്തവുമാണെന്ന് പ്രസിഡന്റ് വൈശാഖൻ (പ്രവാസി ശബ്ദം ,പൂനെ ) അഭിപ്രായപ്പെടുന്നു.പിന്നെ വേറെന്ത് പറയാനൊക്കും.? പക്ഷേ ,ആരും വിശ്വസിക്കുകയില്ല.
2)ഇന്ന് കേരള സാഹിത്യഅക്കാദമി, സർക്കാർ ചെലവിൽ പ്രവർത്തിച്ചു കൊണ്ട് ഏറ്റവും വലിയ അനീതി ചെയ്യുന്ന സ്ഥാപനമായിത്തീർന്നിരിക്കുന്നു.
3)സ്വന്തക്കാർക്കും രാഷ്ട്രീയ പക്ഷപാതികൾക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയോടെ അവാർഡും ബഹുമതികളും വാരിക്കോരി കൊടുക്കുന്ന തത്ത്വദീക്ഷയില്ലാത്ത സ്ഥാപനമാണ് അക്കാദമി. അവിടെ സാഹിത്യത്തിനു ഒരു സ്ഥാനവുമില്ല. കേരളത്തിലെ നൂറ് കണക്കിനു എഴുത്തുകാർ ഈ സ്ഥാപനത്തെ ഗൗരവത്തിലെടുത്തിട്ടില്ല. സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് പക്ഷപാതപരമായ ഈ അവാർഡ് പരിപാടി നിർത്തലാക്കുക എന്നതാണ്. ആ പണംകൊണ്ട്, മൺമറഞ്ഞതും ഇനിയും കാര്യമായി  ചർച്ച ചെയ്യപ്പെടാത്തവരുമായ മികച്ച എഴുത്തുകാരുടെ രചനകൾ അച്ചടിക്കുകയാണ് വേണ്ടത്.
4)അക്കാദമി അവാർഡ് കൊടുത്ത് ഇഷ്ടക്കാരെ സന്തോഷിപ്പിക്കുന്നതിനിടയിൽ വലിയൊരു ദുരന്തം സമാന്തരമായി സംഭവിക്കുന്നുണ്ട്. അത് നിർധനരായ എഴുത്തുകാർക്ക് അവരുടെ കൃതികൾ അച്ചടിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ്. കാരണം സ്വകാര്യ പ്രസാധകന്മാർ പണമുണ്ടെങ്കിലേ പുസ്തകം പ്രസിദ്ധീകരിക്കുകയുള്ളു. ഇതൊന്നുമറിയാതെ അക്കാദമി ഭാരവാഹികൾ അനീതിയുടെ ലഹരിയിൽ മുഴുകുകയാണ്.

5) അക്കാദമിയുടെ 'സാഹിത്യ ലോകം' എന്ന പ്രസിദ്ധീകരണം വഴിപിഴച്ചു പോയിരിക്കയാണ്. സാധാരണ എഴുത്തുകാരുടെ മികച്ച രചനകൾക്ക് അതിൽ ഇടം കിട്ടില്ല. അതിൽ എഴുന്നത് യു.ജി.സി.യുടെ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കോളജ് അദ്ധ്യാപകരാണ്. വൈശാഖ നും കൂട്ടർക്കും സാമൂഹ്യബോധമില്ല. ഇവർ സ്വന്തം വിജയങ്ങൾക്ക് വേണ്ടി മാത്രം ആനയും അമ്പാരിയുമായി പോകുന്നവരാണ്.ഒന്നോർക്കുക, ഈ പണം സാധാരണ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നതാണ്. മറ്റൊന്നുകൂടി യുണ്ട്, അക്കാദമി ഭാരവാഹിയോ ,ഭരണസമിതിയംഗമോ ആകാൻ പ്രത്യേകിച്ച് ഒരു യോഗ്യതയും വേണ്ട.

പി.ഭാസ്ക്കരനും വയലാറുവയലാർ യുക്തിയെയും മനുഷ്യനെയും ആദർശത്തെയും പ്രധാനമായി കണ്ടു. അദ്ദേഹം ശാസ്ത്രത്തിലും നവോത്ഥാനത്തിലും ഭാവിയെ ദർശിച്ചു. അദ്ദേഹം കവിതയിലും ശാസ്ത്രത്തിന്റെ വിജയത്തിനായി യത്നിച്ചു. എന്നാൽ പി.ഭാസ്ക്കരൻ ഒരു രാഷ്ട്രീയ മനുഷ്യനെ ഭാവനചെയ്തുകൊണ്ടു തന്നെ ഗ്രാമത്തിലും പ്രകൃതിയിലും സൗന്ദര്യത്തിലും സ്വപ്നത്തിലുമാണ് കവിതയുള്ളതെന്ന് പ്രഖ്യാപിച്ചു. മനുഷ്യനിൽ അമിതമായി ഊന്നുന്ന വയലാറിന്റെ സമീപനം ഇന്നത്തെ നിലയ്ക്ക്, ആധുനിക പരിസ്ഥിതി ബോധത്തിന്റെ വെളിച്ചത്തിൽ ശരിയല്ലെന്നാണ് തോന്നുന്നത്.കാരണം പരിസ്ഥിതിയാണ് ദൈവം. ഭാരതീയ സംസ്കാരത്തിൽ കാടുകൾക്കും കാവുകൾക്കുമുള്ള പ്രാധാന്യം ഓർക്കുമല്ലോ. കാടുകളാണ് നമ്മുടെ മുഴുവൻ ജ്ഞാനത്തിനും  കളമൊരുക്കിയത്; മെട്രോ സ്റ്റേഷനോ ,ഹൈസ്പീഡ് ബോട്ടുകളോ അല്ല. നമ്മെ നയിച്ചത് മഹാവൃക്ഷങ്ങളാണ്. ബോധിവൃക്ഷവും അരയാലും നമ്മെ ഉദ്ബുദ്ധരാക്കി. നവോത്ഥാനമൊക്കെ ശാസ്ത്രത്തിന്റെ സംഭാവനയാണ്.അത് നല്ലതുമാണ്. പക്ഷേ, സർഗാത്മക രഹസ്യത്തിലേക്ക് വാതിൽ തുറന്ന് വ്യാഖ്യാനിക്കാൻ അതിനാവില്ല.

ഭാസ്ക്കരൻ ആദർശത്തെയും മനുഷ്യത്വത്തെയും അമിതമായി മഹത്വവൽക്കരിക്കാതിരുന്നത് ശ്രദ്ധേയമാണ്.അദ്ദേഹം സൗന്ദര്യത്തിൽ മാത്രമാണ് ഊന്നിയത്. ഇത് വരും കാലങ്ങളിൽ കൂടുതൽ വ്യക്തമാവും.

മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ളവരിൽ ഏറ്റവും നല്ല വ്യക്തി പി.ഭാസ്ക്കരനാണ്; ഏറ്റവും മികച്ച ഗാനരചയിതാവും. സിനിമാപ്പാട്ട് സാഹിത്യമൊന്നുമില്ല. എങ്കിലും പി.ഭാസ്ക്കരൻ അതിൽ ആവുന്ന വിധം സൗന്ദര്യം നിറച്ചു. മലയാളിയുടെ ജീവിതത്തിന്റെ ഗ്രാമ്യഭംഗിയും പഴമയും കൃഷിയും വിയർപ്പും ഓർമ്മയും അതിൽ നിറച്ചു വച്ചിരിക്കുന്നു. അത് അതിഭാവുകത്വത്തിന്റെ ചതിക്കുഴിയിൽ വീഴുന്നില്ല.


വായന

ഉണ്ണികൃഷ്ണൻ പൂഴിക്കാട് എഴുതിയ 'ഗുഹ്യം' എന്ന കഥ (മലയാളം) വല്ലാത്ത ഒരു അതിക്രമമാണ്. വായനക്കാരനെ ഇങ്ങനെ ദ്രോഹിക്കരുത്. ഗുഹ്യഭാഗത്തെ രോമം എടുത്ത് പൊതിഞ്ഞു സൂക്ഷിക്കുന്നതിൽ എന്ത് കഥയാണുള്ളത്.? മലയാളം വാരികയിൽ സാഹിത്യം  വായിച്ചാസ്വദിക്കാൻ പറ്റിയ എഡിറ്റർ ഇല്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കഥ.

അൻവർ അലിയുടെ 'ദ്വീപ് കവിതകൾ' (മലയാളം) നിരാശപ്പെടുത്തി. സംവേദനം ചെയ്യാൻ ഇതിലൊന്നുമില്ല. കവിയുടെ ഉള്ളിൽ എന്താണെങ്കിലും അത് കവിതയിൽ വന്നിട്ടില്ല. അശക്തമായ ഭാഷയാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.ഈ വരികൾ നോക്കൂ..
'' ഭൂമി പരന്നതോ ഉരുണ്ടതോ അല്ല. ശൂന്യത അതിന്റെ സ്വപ്നത്തിൽ
മൺചെരാതുകളിൽ
വെള്ളം കൊളുത്തിവച്ച
ലക്ഷദ്വീപുകളിലൊന്ന്.
ചന്ദ്രൻ അതിന്റെ ജലദേവത
സൂര്യൻ ജ്വലദേവതയും"
ഈ വരികളിൽ നിന്ന് വായനക്കാർക്ക് ഒന്നും കിട്ടില്ല. കവിതയെ വാറ്റിക്കളഞ്ഞതിനു ശേഷം ബാക്കിയുള്ളതാണ് ഇവിടെ എഴുതിയിരിക്കുന്നത്.

മുരളി പാറപ്പുറം എഴുതിയ 'ഭാരതീയതയുടെ കാവ്യദർപ്പണം' (കേസരി ) പി.പരമേശ്വർജിയുടെ കവിതകളെ സമീപിക്കുന്ന മികച്ച ലേഖനമാണ്.പരമേശ്വർജിയുടെ കവിതകൾ അകൃത്രിമമാണ്‌ ;അവിടെ നൈസർഗ്ഗിക സൗന്ദര്യമാണുള്ളത്.' വാടാത്ത നിശാഗന്ധി ' എന്ന കവിത എത്ര മനോഹരമാണ്. മരണത്തെ സൗന്ദര്യമാക്കുന്ന കവിതയാണിത്.

വി.ആർ.സന്തോഷിന്റെ 'ആത്മകഥയിലെ ആട്ടിൻകുട്ടികൾ ' (മാത്യഭൂമി) എന്ന കവിത ഒരു പോസ്റ്റ്മോഡേൺ സ്വത്വാന്വേഷണമാണ്.ഒരു പ്രാദേശിക ജീവിത വ്യാഖ്യാനത്തിലൂടെ പ്രതികവിത (Anti poetry) യുണ്ടാക്കാനാണ് ശ്രമം. നല്ലതാണിത്.
"വേലപ്പനെ കാണാതായ ദിവസം മുതൽ
ആടുകൾ അപ്രത്യക്ഷമായ്
വേലപ്പൻ കഴുത്തിൽ കയറുകെട്ടി
പ്ളാകൊമ്പിൽ നിന്ന് താഴേക്ക്
വായുവിൽ നടക്കുമ്പോൾ
രണ്ട് ആടുകളും താഴെ നിന്ന് കരഞ്ഞു ".

'കുരുക്ഷേത്ര മുതൽ വൈഷ്ണോദേവി വരെ ' എന്ന പേരിൽ ഡോ.മധു മീനച്ചിൽ എഴുതിയ ലേഖനപരമ്പര (കേസരി ) വിജ്ഞാനപ്രദവും സുന്ദരവുമാണ്. ഭാരതത്തിന്റെ ആത്മീയ തപോഭൂമികളിലൂടെയുള്ള യാത്ര ഒരിക്കൽ കൂടി അനുഭവിപ്പിച്ച ലേഖകനു നന്ദി.ഭാരതീയത  വിശ്വാസം എന്നതിലുപരി ഒരു ജീവിതരീതിയാണ്. നമ്മുടെ ആത്മീയ ഘടകങ്ങൾ പ്രാചീനസ്നാന ഘട്ടങ്ങളിലും വനാന്തരങ്ങളിലും ഹിമാലയമടക്കുകളിലും കണ്ടെത്തുന്നവരുണ്ട്. ഈ ലേഖനം എന്നെ നമ്മുടെ പ്രാചീന ജീവിതത്തിന്റെ വിശുദ്ധികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നഷ്ടപ്പെടുന്നതെന്തെന്ന് ചിന്തിപ്പിച്ചു കൊണ്ട് കൂടുതൽ അത്മത്വരയിലേക്ക് കാതു ചേർക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

 

നിമിഷങ്ങ
നമ്മുടെ ഏറ്റവും സജീവമായ , ഉന്മേഷമുള്ള , കരുത്തുള്ള നിമിഷങ്ങൾ വായനയ്ക്ക് കൊടുക്കണം. മുഷിപ്പുള്ള നിമിഷങ്ങൾ മാളിൽപ്പോകാനും സവാരിക്കും മറ്റും ഉപയോഗിക്കുക

ആൽബേർ കമ്യു
ഫ്രഞ്ച് എഴുത്തുകാരനായ ആൽബേർ കമ്യുവിനു കേരളത്തിൽ അമ്പത്  നല്ല വായനക്കാർ ഉണ്ടാകാനിടയില്ല.
 വായനക്കാരൻ
അവാർഡ് കിട്ടിയതറിഞ്ഞ് പുസ്തകം തപ്പിപ്പിടിച്ച് വായിക്കുന്നവൻ ശരിയായ വായനക്കാരനല്ല. പത്രാധിപന്മാർ ചിലരെ ലാളിക്കുന്നത് കണ്ട് വായിക്കുന്നവനും നല്ല ഇനമല്ല. വായനക്കാരന്  ബാഹ്യസമ്മർദ്ദം ഉണ്ടാവരുത്. അവൻ സ്വയം കണ്ടെത്തണം.പത്തു പതിപ്പുകൾ വായിക്കുന്നവൻ വായനക്കാരനേയല്ല.

അവാർഡ്
പാത്തും പതുങ്ങിയും, എപ്പോഴും ചിരിച്ചും കയറി ഇറങ്ങുന്നവനെ ശ്രദ്ധിച്ചോളൂ, അവൻ അവാർഡ് അടിച്ചിരിക്കും.

Share :