Archives / May 2021

 അഞ്ചു മാണി   മണിപ്പാറ                                                                                                                   
ഭൂമി റാണി 

ഓരോ ഋതുക്കളും ഇരുളിലാണ്ടു, 

വിണ്ട ഭൂമിയോ മഴ കണ്ട നാൾ മറന്നു., 

വയൽപ്പുല്ലു തളിരിട്ട പുഴയോരമിന്നില്ല, 

പാറിപ്പറക്കും പനം തത്തയും., 

 

ബാല്യത്തിനിന്നില്ല നീന്താനൊരു പുഴ, 

കല്ലെറിയാൻ കായ്ച്ച മാവില്ല,  തണലില്ല, 

ശലഭങ്ങൾ പാറുന്ന തൊടികളും ഉണ്ണിക്കൊ -

രൂഞ്ഞാലു കെട്ടിയൊരാമരവും., 

 

പരിഷ്കാര സൗധങ്ങളേറെ ഉയർത്തുവാൻ 

തെല്ലും മടിക്കാതെ വെട്ടി മാറ്റും, 

മരമാകുമാവരം ജീവന്റെ സ്പന്ദനം 

എന്നറിയുവാൻ വൈകുമീ പുതുതലമുറ., 

 

ഇനി വരും നാളിലീ ഭൂമിക്കു കാവലായ്‌, 

കുളിരായി മാറുവാൻ ഇന്നൊരു തൈ നടാം., 

ആ തൈ തളിർക്കട്ടെ, മഴ കൊണ്ടു നനയട്ടെ,

മാമരക്കാടുകൾ പൂത്തങ്ങു വിരിയട്ടെ, 

 

ഹരിതാഭ വർണങ്ങളീ ഭൂമി റാണി തൻ

നിറുകയിൽ തിലകക്കുറി ചാർത്തുവാൻ, 

പ്രകൃതി മനോഹരീ എന്നേറ്റു പാടുവാൻ 

നിറയട്ടെ പച്ചപ്പിനാലെ ഭൂമി., 

എന്നും നിറയട്ടെ പച്ചപ്പിനാലെ ഭൂമി... 

Share :