Archives / May 2021

  ഡോ. നീസാ
കളികൂട്ടുകാരി

കാലമാം കാറ്റിൽ പറന്നടിഞ്ഞതെല്ലാം
ചിക്കി ചിതഞ്ഞ് നിരത്തി വെച്ചു.
നിർവികാര മുഖമൂടിയണിഞ്ഞ്
അയവിറക്കിയോരോ നിമിഷവും.

ബാല്യത്തിൻ നിഷ്കളങ്കതയിൽ
കൂടെ കളിച്ചതും,മണ്ണപ്പം ചുട്ടതും
തള്ളിയിട്ടതും, തല്ലി പിരിഞ്ഞതും
ഇന്നോർക്കുമ്പോളൊരു കടങ്കഥ.

പ്രായത്തിൻ പക്വത കൈവരുമുന്നേ
തളിർക്കും വികാരങ്ങൾ വെടിഞ്ഞ്;
കുടുംബ ഭാരം തലയിലേറ്റിയതും
എന്നോ മറന്ന പഴം പൂരാണം.

വാത്സല്യ പാലമൃതൂട്ടി, ചേർത്തണച്ചും
കൈപിടിച്ചു നടത്തിയതും
പറക്കമുറ്റി പറന്നകന്നതും
മറക്കാൻ കൊതിക്കും ദുസ്വപ്നം.

കദനത്തിൻ കണ്ണീർ ചോർന്നൊലിച്ചത്
പനയോല മെടഞ്ഞ് തടഞ്ഞു നിര്‍ത്തി.
പഴയ സൗഹൃദം പുതുക്കി പണിഞ്ഞ്
കളികൂട്ടുകാരി സന്തതസഹചാരിയായി

Share :