Archives / july 2021

കുളക്കട പ്രസന്നൻ
 പ്രകൃതിയുടെ കാവൽക്കാരൻ 

പരിസ്ഥിതി സംരക്ഷണം ആരുടെ ഉത്തരവാദിത്വമാണ് ? ഈ ചോദ്യത്തിന്  ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തെന്നാൽ പരിസ്ഥിതിയെ മറന്നാണ് ഭരണകൂടവും ജനങ്ങളും മുന്നോട്ടു പോവുന്നത്.

പരിസ്ഥിതിക്ക് വേണ്ടി മുറവിളിക്കാൻ ഒരു കൂട്ടർ എന്നതായിരിക്കുന്നു ലോകത്തിൻ്റെ സ്ഥിതി. വികസനം വരണമെങ്കിൽ വനം, പുഴ, വയൽ ഇവയൊക്കെ ആവശ്യമുള്ള ഘടകമല്ലെന്ന് പരാശ്രയ ജീവിതം കല്പിക്കുന്നു. മഴ പെയ്യാൻ മരം വേണ്ടെന്നും കൃഷി ചെയ്യാൻ വെള്ളം ആവശ്യമില്ലെന്നും നെൽകൃഷിക്ക് വയൽ എന്തിനെന്നും ചിന്ത ഉൽപ്പാദിക്കുന്ന കമ്പോള സംസ്കാരം പ്രകൃതിയുടെ താളം തെറ്റിച്ചിട്ടും അതിൻ്റെ ഭവിഷ്യത്ത് നമ്മൾ തിരിച്ചറിയാതെ ഏതോ ലഹരിയിൽ  മതിമറക്കുകയാണ്. 

ഇവിടെ പരിസ്ഥിതിക്കു വേണ്ടി ശബ്ദിക്കുന്ന ചിലരുണ്ട്. അവരെ ഭ്രാന്തരെന്നു വിളിച്ചു  സമൂഹത്തിൽ നിന്നു ഓടിച്ചു വിടുന്ന പരാശ്രയ ജീവികളുടെ നാടാണിത്.

പരിസ്ഥിതി ലോല മേഖലയിൽ നിന്നും പാറപ്പൊട്ടിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ഗാഡ്ഗിൽ റിപ്പോർട്ട് പറഞ്ഞാൽ ആ റിപ്പോർട്ട് തിരുത്തിയതിൻ്റെ അപകടം കേരളം കണ്ടതാണ്. എന്നിട്ടും മാറിയില്ല ഈ നാട്. 

വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം വന്നെത്തി. ജൂൺ 5. അന്നത്തെ പരിസ്ഥിതി ദിന കാഴ്ചകൾ കണ്ടാൽ ആർക്കായാലും തോന്നുക ജൂൺ 5 എന്നാൽ  കുറെ വൃക്ഷത്തൈ വിതരണം ചെയ്ത് നവമാധ്യമങ്ങളിൽ പോസ്റ്റാൻ ഒരു ദിനമാണെന്ന്.  സത്യത്തിൽ എന്താണ് പരിസ്ഥിതി ദിനത്തിൽ നടക്കുന്നത്. ആർക്കെങ്കിലും വല്ല പിടിയുമുണ്ടോ ?

പരിസ്ഥിതി ദിനമെന്നാൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഉത്സവമാകണം. അതായത് കഴിഞ്ഞ ജൂൺ 5 മുതൽ ഈ ജൂൺ 5 വരെ നമ്മൾ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കുന്ന സന്തോഷവേള. അതല്ലെ ശരിക്കും വേണ്ടത്. 

നമ്മൾ കലണ്ടർ പരിശോധിച്ചാൽ എന്തിനും ദിനങ്ങളുണ്ട്. പ്രണയ ദിനം, സംഗീത ദിനം അങ്ങനെ കുറെ ദിനങ്ങൾ. അക്കൂട്ടത്തിൽ പരിസ്ഥിതി ദിനവും. അതു മതിയോ ? എങ്കിൽ പിന്നെ എന്തിന് ഈ ദിനങ്ങൾ . സമൂഹം ശ്രദ്ധിക്കുന്ന തരത്തിലേക്ക് മാറണം പരിസ്ഥിതി ദിനം.

സുന്ദർലാൽ ബഹുഗുണ

ഈ പരിസ്ഥിതി ദിനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടുന്ന മഹത് വ്യക്തിത്വമാണ് സുന്ദർലാൽ ബഹുഗുണ. പരിസ്ഥിതി സംരക്ഷണത്തിൻ്റെ മുന്നണി പോരാളിയായിരുന്ന സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്നു. ഹിമാലയത്തിലെ വനനശീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ചിപ്കോ പ്രസ്ഥാനം പദയാത്ര നടത്തി. നദിയും വനവും സംരക്ഷിക്കാൻ സുന്ദർലാൽ ബഹുഗുണ നടത്തിയ സമരങ്ങൾ വേറിട്ട ശൈലിയിലായിരുന്നു.  മരങ്ങൾ സംരക്ഷിക്കാൻ സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചു അദ്ദേഹം  സമരങ്ങൾ നടത്തി. മരങ്ങളെ ആലിംഗനം ചെയ്തു നടത്തിയ സമരത്തിലൂടെ സുന്ദർലാൽ ബഹുഗുണയെ ശ്രദ്ധേയനാക്കി. 

1987 ൽ റൈറ്റ് ടു ലൈവ്ലി ഹുഡ് പുരസ്കാരവും 2009 ൽ പത്മവിഭൂഷണും ലഭിച്ച സുന്ദർലാൽ ബഹുഗുണ 1927 ജനുവരി 29 ന് ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്തുള്ള മറോദയിൽ ജനിച്ചു. 94-ാം വയസിൽ 2021 മെയ് 21ന് ആ പരിസ്ഥിതി പോരാളി നിര്യാതനായി.

പരിസ്ഥിതിയുടെ കാവൽക്കാരനായി സുന്ദർലാൽ ബഹുഗുണ സ്വയം മുന്നോട്ടുവന്നു. അദ്ദേഹത്തിൻ്റെ പിന്നിൽ അനേകർ അണിചേർന്നു. അവരുടെ ശബ്ദം പരിസ്ഥിതിക്കു വേണ്ടി ഉയരുമ്പോൾ ആ ശബ്ദം ഏറെ ഉറക്കെയാവും. അതൊരു പ്രതീക്ഷയാണ്. 

ഈ ലോക പരിസ്ഥിതി ദിനത്തിൽ സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മൾക്ക് മുന്നിൽ പ്രണാമം.

കമൻ്റ്: പാഠം ഒന്ന് - പരിസ്ഥിതി.
 

Share :