Archives / May 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി
രമാബായ് അംബേദ്കർ. (7-2-1897  - 27-5-1935)

ഇന്ത്യയിലെ ദലിത് ജനതയ്ക്കു വേണ്ടിയും, അവരുടെ ഉന്നമനത്തിനായും , സാമൂഹിക നീതിയ്ക്കു വേണ്ടിയും അഹോരാത്രം പ്രവർത്തിച്ച, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ബീ. ആ൪. അംബേദ്കറുടെ ജീവിതത്തിനും വിജയങ്ങൾക്കും പിന്നിൽ ഒരു നെടും തൂണായി നിന്നു പി൯തുണച്ചത് ഒരു സ്ത്രീ ആയിരുന്നു, അദ്ദേഹത്തിന്റെ പ്രിയ പത്നി രമാബായ്  അംബേദ്ക്കർ.  അവരുടെ ത്യാഗവും ഉറച്ച പിന്തുണയുമാണ് ഭീം എന്ന സാധാരണ മനുഷ്യനേ ഡോക്ടർ ഭീം റാവൂ അംബേദ്കർ ആക്കി മാറ്റിയത്.
എന്നിട്ടും അംബേദ്കറുടെ പിന്നിലുണ്ടായിരുന്ന ആ സ്ത്രീയെ അംബേദ്കർ ചില പുസ്തകങ്ങളിലൂടെ വരച്ചു കാട്ടിയിരുന്നെങ്കിലും, ആരും കാര്യമായി അവരെ കാണാ൯ ശ്രമിച്ചില്ലാ, ഒന്നോ രണ്ടോ പ്രാദേശിക സിനിമകളിലും എതാനും ചില എഴുത്തുകളിലും ഒഴിച്ചാൽ  അവ൪ മാറ്റിനി൪ത്തപ്പെട്ടു, ചർച്ച ചെയ്യപ്പെടാതെ പോയി.
         

 2021 മെയ് 27 ന് രമാബായിയുടെ 86_ാം ഓ൪മ്മദിവസമായിരുന്നു.  ഈ അവസരത്തിൽ മലയാളികൾ ആയ വായനകാ൪ക്ക് മുൻപിൽ ഞാൻ ആ സ്ത്രീരത്നത്തെ പരിചയപ്പെടുത്തുന്നു.

സാമൂഹ്യനീതിയുടെ പ്രതിജ്ഞാബദ്ധനായ ഡോ. ഭീംറാവു അംബേദ്കറിന് ഏറ്റവും വലിയ പ്രചോദനമാണ് രമാബായ് ഭീംറാവു അംബേദ്കർ നൽകിയത്. പ്രധാനമായും കന്നഡയിലും മറാത്തിയിലും നിർമ്മിച്ച സിനിമകൾക്ക് പുറമെ അവരെക്കുറിച്ച് കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂ.  പുരുഷന്മാരെ ഉന്നതങ്ങളിൽ എത്താൻ പ്രചോദിപ്പിക്കുന്നതിലും അവർക്ക് വെളിച്ചമാകുന്നതിലും സ്ത്രീകൾക്കുള്ള അർഹമായ സ്ഥാനം  നിർണായകമാണ്. ആ സ്ത്രീ രത്നത്തിനേ ഇന്ന് രമാബായി അല്ലെങ്കിൽ അമ്മ രാമാബായി എന്ന് സ്നേഹപൂർവ്വം ഓർമ്മിക്കുന്നു കുറച്ചു പേരെങ്കിലും.  വിനയത്തിന്റെയും ഊർജ്ജസ്വലതയുടെയും അനുകമ്പയുടെയും പ്രതീകമായിരുന്നു രമാബായ്. നമ്മുടെ ഭരണഘടനയുടെ ആർക്കിടെക്റ്റിന് പിന്തുണ നൽകുന്നതിൽ നിശബ്ദമായി പിൻബലം കൊടുത്തു ഉറച്ചുനിന്ന സ്ത്രീകളിൽ പ്രധാനി ആയിരുന്നു രമാബായ് അംബേദ്കർ.

രമാബായിയുടെ മുൻകാലജീവിതം:-

1897 ഫെബ്രുവരി 7 നാണ് രമാബായ് അംബേദ്കർ ജനിച്ചത്. എളിയ പശ്ചാത്തലത്തിൽ നിന്നാണ് അവർ വള൪ന്നത്. ബിക്കു ദാത്രെ വലങ്കറിന്റെയും രുക്മിണിയുടെയും രണ്ടാമത്തെ മകളായിരുന്നു. ദാബോൾ തുറമുഖത്തുനിന്ന് കൊട്ട മത്സ്യം ചന്തയിൽ എത്തിച്ച് ഉപജീവനമാർഗം കണ്ടെത്തിയ തൊഴിലാളിയായിരുന്നു അവളുടെ പിതാവ്. രമാബായിയും മൂന്ന് സഹോദരങ്ങളായ ഗോരാബായി, മീരാബായ്, ശങ്കർ എന്നിവരും ഒത്ത് ദാബോളിനടുത്തുള്ള വലംഗ് ഗ്രാമത്തിലെ മഹാപുര പ്രദേശത്താണ് താമസിച്ചിരുന്നത്. കുട്ടിക്കാലത്തേ അവർക്ക് അമ്മയെ നഷ്ടപ്പെട്ടു, ഏതാനും വർഷങ്ങൾക്കുശേഷം അവരുടെ പിതാവ് ബിക്കുവും നഷ്ടമായി. രമാബായിയേയും സഹോദരങ്ങളെയും വളർത്തിയത് അമ്മാവന്മാരായ വലങ്കറും ഗോവിന്ദ്‌പുർക്കറും ആയിരുന്നു.

.സാമൂഹ്യ അനീതികൾക്കും ആക്രമണങ്ങൾക്കുമിടയിൽ അവൾ അവളുടെ തല ഉയർത്തിപ്പിടിച്ചു നിന്നതും, ഒപ്പം DR- അംബേദ്കറിന് പിന്തുണ നൽകുകയും, അദ്ദേഹത്തിന് ഊ൪ജ്ജ്വസ്വലതയും സുദൃഢമായ ദീ൪ഘവീക്ഷണവും ഉണ്ടാകാനുള്ള ഒരു ഉറവിടം ആകാനും രമാബായിക്ക് കഴിഞ്ഞത് അവ൪ അത് പോലെയുള്ള വിഷമഘട്ടങ്ങളിലൂടെ ജീവിച്ചു വന്നവർ ആയതു കൊണ്ടു മാത്രം ആണ്. 

1906 ൽ ബൈക്കുല്ല മാർക്കറ്റിൽ നടന്ന ഒരു ലളിതമായ ചടങ്ങിൽ ആണ് ഡോ. ഭീംറാവു അംബേദ്കറും രമാബായിയുമായുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് ഇരുവരും വളരെ ചെറുപ്പമായിരുന്നു. ഡോ. ഭീംറാവു അംബേദ്കർ  കൗമാരക്കാരനും, രമാബായി വെറും ഒൻപത് വയസ്സുകാരുയുമായിരുന്നു. വിവാഹ രാത്രിയിൽ മണവാളനെയും കുടുംബത്തെയും തുറന്ന വിശാലമായ ഒരു കോണിൽ പാർപ്പിച്ചിരിക്കെ, വധുവിന്റെ കുടുംബത്തെ മറ്റൊരു കോണിൽ പാർപ്പിച്ചിരിക്കുകയാണ് ഉണ്ടായത്.  അംബേദ്കർ അവളെ രാമു എന്ന് സ്നേഹപൂർവ്വം വിളിക്കാറുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസ യോഗ്യതയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും, ഇത് ഡോ. അംബേദ്കറുടെ പൊതുജീവിതത്തിലോ , ഭാര്യയോട് കാണിക്കുന്ന സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും കാര്യത്തിലോ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയതേയില്ലാ. സമത്വത്തിന്റെ കാര്യത്തിലും ഒരു ഉത്തമ വൈവാഹിക ബന്ധമായിരുന്നു. ഇടയിൽ രമാബായിയേ എഴുതുവാനും വായിക്കുവാനും ഒക്കെയും അദ്ദേഹം പഠിപ്പിച്ചിരുന്നു. അവരുടെ ദാമ്പത്യ വല്ലരിയിൽ പിറന്നത് നാല് ആൺ  മക്കളായ യശ്വന്ത്, ഗംഗാധർ, രമേശ്, രാജരത്‌ന എന്നിവരും ഒരു മകൾ ഇന്ദു വുമായിരുന്നു.  എന്നാൽ, ഒരു മകൻ യശ്വന്ത് അംബേദ്കർ മാത്രമാണ് പ്രായപൂർത്തിയായത്, മറ്റ് നാല് കുട്ടികൾ ശൈശവാവസ്ഥയിൽ തന്നേ മരിച്ചു. അംബേദ്കർ അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളിലും എഴുതിയിരുന്നു അദ്ദേഹത്തിന്റെ പ്രചോദനത്തിന്റെ പിന്നിലെ സ്തംഭവും, മഹത്തായ പ്രവർത്തനങ്ങളിലെ പ്രചോദനവും രമാബായിയായിരുന്നു എന്ന്.

ഡോ. അംബേദ്കറുടെ ജീവിതത്തിൽ രമബായ് അംബേദ്കർ ഇല്ലായിരുന്നെങ്കിൽ ഇന്ന് നാം അദ്ദേഹത്തെ ഓർക്കുന്ന വഴി ഒരു പക്ഷേ മാറുമായിരുന്നു.  അത്രമേൽ സ്വാധീനവും സഹായവും ആയിരുന്നു രമാബായ് ഡോ. അംബേദ്കർക്ക്. അദ്ദേഹം വിദേശത്ത് ഡോക്ടറേറ്റ് ബിരുദം നേടുന്നതിനിടയിൽ, അവളുടെ ദാരിദ്ര്യവും ദൃഡനിശ്ചയവും നാം ഓർക്കണം, മുൻ ബ്രിട്ടീഷ് ഇന്ത്യയിൽ കടുത്ത ദാരിദ്ര്യത്തിലാണ് രമാബായ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്.
അവ൪ സ്വന്തമായി അദ്ധ്വാനിച്ചായിരുന്നു കുടുംബം പോറ്റിയത്, അതൊന്നും അദ്ദേഹത്തെ ഒരിക്കലും അറിയിച്ചിരുന്നില്ല.
ഡോ. അംബേദ്കർ നേടിയ ബിരുദങ്ങൾ രമാബായ് വീട്ടിൽ ചെയ്ത അപാരമായ ത്യാഗങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഭർത്താവ് അമേരിക്കയിലേക്ക് പോകുന്നത് തടയാൻ മറ്റുള്ളവർ രമാബായിയെ ഉപദേശിച്ചിട്ടും, ഡോ. അംബേദ്ക്കറിലുള്ള അവളുടെ തികഞ്ഞ വിശ്വാസമാണ് അദ്ദേഹത്തെ വിദേശത്ത് വിദ്യാഭ്യാസം നേടാൻ വിടരുതെന്നു പറഞ്ഞവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവൾ ഉപേക്ഷിച്ചത്.  അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തെ വിദേശത്ത് തന്നെ വിദ്യാഭ്യാസം നേടുന്നതിന് അയയ്ക്കണമെന്നത്.  അവർ അഭിമുഖീകരിച്ച വ്യവസ്ഥാപരമായ വിവേചനം ഇല്ലാതാക്കാനും മറ്റും സഹായിക്കുന്നതിന് പാശ്ചാത്യ സർവകലാശാലകളിൽ നിന്നും, ഇന്ത്യക്ക് പുറത്ത് നിന്നും വിദ്യാഭ്യാസം നേടേണ്ടത് എത്രത്തോളം അനിവാര്യമാണെന്ന് രമാബായ് അംബേദ്കറിന്  മുൻകൂട്ടി മനസ്സിലാക്കുവാൻ കഴിയുമായിരുന്നു. രാമബായിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും, താഴ്ന്നവരുടെ ദുരവസ്ഥയും സംഭവിച്ചുകൊണ്ടിരിക്കുന്ന അനീതികളും മനസ്സിലാക്കുന്നതിൽ  അവ൪ ബുദ്ധിമതിയായിരുന്നു. വിനയം മാത്രമല്ല, ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും സ്ഥിരോത്സാഹത്തോടും ഊർജ്ജസ്വലതയോടെയും ഇരിക്കേണ്ടതിന്റെ ആവശ്യകതയും രമാബായ് അംബേദ്കർ നന്നേ പഠിച്ചിരുന്നു. അംബേദ്കറുടെ “പാകിസ്ഥാനെക്കുറിച്ചുള്ള ചിന്തകൾ” എന്ന പുസ്തകം രമാബായിക്കുള്ള സമർപ്പണം ആയിരുന്നു.
തന്റെ പ്രിയപ്പെട്ട രാമുവിന്റെ മരണശേഷം 1941 ൽ "പാകിസ്ഥാനെക്കുറിച്ചുള്ള ചിന്തകൾ" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ:-  "രമാബായിയുടെ ഹൃദയത്തിന്റെ നന്മ, അവളുടെ മനസ്സിന്റെ കുലീനത, സ്വഭാവത്തിന്റെ വിശുദ്ധി, ഒപ്പം അനുഭവിക്കേണ്ടിവന്ന നിർഭാഗ്യകരമായ സമയങ്ങളും കഷ്ടപ്പാടുകളും" കൂടാതെ, എന്നോടൊപ്പം കഷ്ടപ്പെടാനുള്ള  അവളുടെ  മനോഭാവത്തിനും സന്നദ്ധതയ്ക്കും” എല്ലാം നൽകുന്ന അഭിനന്ദനത്തിന്റെ, സ്നേഹത്തിന്റെ സമർപ്പണവും, അടയാളവുമാണ് ഈ പുസ്തക സമ൪പ്പണം" 

തീർത്ഥാടനത്തിനായി പാണ്ഡാർപൂർ സന്ദർശിക്കണമെന്നത് രമാബായിയുടെ ദീർഘകാല ആഗ്രഹമായിരുന്നു, പക്ഷേ അവർ ദലിത് ജാതിയിൽ പെട്ടവരായതിനാൽ അവർക്ക് ക്ഷേത്രത്തിനുള്ളിൽ പോകാൻ അനുവാദമുണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത  ഡോ. അംബേദ്കർ ഭാര്യക്ക് വേണ്ടി ഒരു പുതിയ പാണ്ഡാർപൂർ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് ഹിന്ദുമതം ഉപേക്ഷിക്കാനും ബുദ്ധമതം സ്വീകരിക്കാനും ഒരു കാരണമായി. 1935 മെയ് 27 ന് അസുഖത്തെ തുടർന്ന് രമാബായ് അംബേദ്കർ അന്തരിച്ചു.

അമ്മയുടെ മരണത്തെത്തുടർന്ന് വളരെ ചെറുപ്പം മുതൽ തന്നെ രമാബായിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. എന്നിരുന്നാലും, അവളുടെ അചഞ്ചലമായ സ്വഭാവം ആ ബുദ്ധിമുട്ടുകൾ മറികടക്കാൻ അവളെ സഹായിച്ചു.  സാമൂഹിക അനീതികൾക്കും അതിക്രമങ്ങൾക്കുമിടയിൽ അവൾ തല ഉയർത്തിപ്പിടിച്ചും, അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ഡോ. അംബേദ്കറിനൊപ്പം പോരാടുകയും, ഡോ. അംബേദ്കറിനെ പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു.  എന്തുകൊണ്ടാണ് അംബേദ്കർ സ്ത്രീകളുടെ അവകാശ പ്രസ്ഥാനവുമായി കൂടുതലായി ബന്ധപ്പെട്ട് പോരാടുകയുണ്ടായത്? രമാബായിയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടും അവരനുഭവിച്ച യാതനകൾ മു൯ നി൪ത്തിയുമാണ്.

മഹാന്മാരോടൊപ്പം നിന്ന് സ്നേഹത്തോടെ അവർക്ക് കരുത്തും പ്രചോദനവും ഏകി ഒപ്പം നിന്ന മഹതികളായ ഭാര്യമാർക്ക് അർഹമായ ബഹുമതി നൽകിയിരുന്നെങ്കിൽ അതിനെ ഏറ്റവും യോഗ്യ രമാബായ് അംബേദ്കർ തന്നെയാകുമായിരുന്നു.  ആ പുണ്യ മഹതിയ്ക്ക് "ആദരാഞ്ജലികൾ" അർപ്പിച്ചു കൊണ്ട് നി൪ത്തുന്നു

Share :