എഴുത്തനുഭവങ്ങൾ
ഗോവയിലെ എഴുത്തുകാരിയും, സാമൂഹികപ്രവർത്തകയുമായ രാജേശ്വരി നായർ എഴുത്തനുഭവങ്ങൾ ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുമായി പങ്കുവയ്ക്കുന്നു
രാജേശ്വരി.ജി. നായര്‍.
ചെങ്ങന്നൂർ മുളക്കുഴ സ്വദേശി. 36 വര്‍ഷമായി ഗോവയില്‍ താമസം. കഥയും, കവിതയും സഞ്ചാര സാഹിത്യവുമടക്കം ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നിരവധി ആന്തോളജികളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രമ പ്രസന്ന പിഷാരടി
? എഴുത്തിലേക്ക് വൈകി എത്തിയ ആളെന്ന നിലയില്‍ എഴുത്തിലേക്ക് എത്താനുണ്ടായ സാഹചര്യം വിശദീകരിക്കാമോ
വൈകി എത്തിയെന്ന് പറഞ്ഞു കൂടാ. എഴുത്തില്‍ സജീവമായത് അഥവാ എഴുത്തിനെ ഗൌരവതരമായി കാണാന്‍
തുടങ്ങിയത് വൈകിയ വേളയില്‍ ആണെന്നു മാത്രം. സ്കൂളിലെ കയ്യെഴുത്തു മാസികയില്‍ കഥയെഴുതിയാണ്
എഴുത്തിലേക്ക് ഇറങ്ങിയത്. പിന്നീട് പലതും കുത്തിക്കുറിച്ചെങ്കിലും അതൊന്നും വെളിച്ചം കണ്ടിട്ടില്ല.
പിന്നെ വിവാഹവും കുടുംബവും മറുനാടന്‍ ജീവിതവും. അതിന്‍റെ തിരക്കുകളില്‍ അക്ഷരങ്ങള്‍ എവിടെയോ പോയൊളിച്ചു.
കേരള സമാജത്തിന്‍റെ സോവനീറിലാണ് പിന്നീട് എഴുതി തുടങ്ങിയത്. നട്ടുവളര്‍ത്തിയ ഗ്രാമവും,ഗ്രാമ വഴികളും,
വയലും, കുന്നും ഒക്കെ കൂടെ പോന്നിരുന്നു പിന്നെ എഴുത്തുവഴികളില്‍ അവയൊക്കെ ഇപ്പോഴും ചേര്‍ന്നു നില്‍ക്കുന്നു.
.വരമൊഴി, സഹജ, സമാജ സന്ദേശം,വാഗ്ദേവത, ജ്വാല, മുംബൈ ജാലകം തുടങ്ങിയ മറുനാടന്‍ പ്രസിദ്ധീകരണങ്ങളില്‍
കഥകളും, കവിതകളും, ലേഖനങ്ങളും എഴുതി. ഇപ്പോഴും തുടരുന്നു.
? സ്വന്തം ഭൂമികയില്‍ നിന്നും വിട്ടൊഴിഞ്ഞു നില്‍ക്കുന്നതാണല്ലോ പ്രവാസം.
ഒരു പ്രവാസി എഴുത്തുകാരി എന്ന നിലയില്‍ പ്രവാസജീവിതം അല്ലെങ്കില്‍ പ്രവാസഭൂമിക എഴുത്തിനെ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു പറയാമോ
ഞാന്‍ നാലു പതിറ്റാണ്ടുകളോടടുത്ത് ഗോവന്‍ മണ്ണില്‍ ഉറങ്ങിഉണരുന്ന ആളാണ്. നാം ജീവിക്കുന്ന ചുറ്റുപാട് പ്രത്യേകിച്ചും ഭാഷ, ഭക്ഷണം, ആചാര മര്യാദകള്‍, സമീപനങ്ങള്‍ ഒക്കെ നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുമ്പോള്‍ എഴുത്തിനും അതിന്‍റെതായ സംഭാവനകള്‍ ഉണ്ടാകും എന്ന് പറയുന്നതാവും കൂടുതല്‍ അനുയോജ്യം എന്നെനിക്കു തോന്നുന്നു. ഞാന്‍ ഏഴു
വര്‍ഷത്തോളോം മംഗലാപുരത്തു നിന്നും മാസം തോറും പ്രസിദ്ധീകരിച്ചിരുന്ന സമാജ സന്ദേശത്തില്‍ ആനുകാലിക പ്രസക്തിയുള്ള ഒരു കോളം എഴുതിയിരുന്നു. അതില്‍ കൂടുതലും മറുനാടന്‍ ജീവിതത്തില്‍ നിന്നും എനിക്ക് കിട്ടിയ
അനുഭവങ്ങളുടെ നേര്‍കാഴ്ചകള്‍ ആയിരുന്നു. അതില്‍ നിന്നും തിരഞ്ഞെടുത്ത കുറെ ലേഖനങ്ങള്‍ ആണ് എന്‍റെ ആദ്യ പുസ്തകം. എന്‍റെ ഒരു കഥാസമാഹാരവും ഗോവന്‍ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തവയാണ്.
? പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
എന്‍റെ ആദ്യപുസ്തകം മുന്‍പ് സൂചിപ്പിച്ചതുപോലെ ‘മലയാളി എങ്ങോട്ട്’ ലേഖന സമാഹാരം 2014 ല്‍ പ്രസിദ്ധീകരിച്ചു. 2015 ല്‍ എന്‍റെ ഗോവന്‍ അനുഭവങ്ങളും, ഗോവയുടെ പ്രത്യേകതകളും എല്ലാമടങ്ങിയ ‘സുസേഗാദ്’ എന്ന ലേഖന സമാഹാരം ഇറക്കി. 2016 ല്‍ ‘ഞാന്‍ മൈഥിലി’ എന്നാ കവിതാ സമാഹാരം. 2017 ല്‍ ‘സുസേഗാദ്’ ന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം അടുത്ത കാലത്ത് നിര്യാതനായ സുഹൃത്ത് ബാബുരാജ് ചെയ്തത് പ്രസിദ്ധീകരിച്ചു. 2018 ല്‍ തെക്കന്‍ കൊറിയയെക്കുറിച്ചുള്ള യാത്രാ വിവരണം ‘ഹാന്‍ നദിക്കരയിലൂടെ’ പ്രസിദ്ധീകരിച്ചു. 2019 ല്‍ ഗോവന്‍ പശ്ചാത്തലത്തിലെഴുതിയ കഥകളുടെ സമാഹാരം
‘സെല്ഷയുടെ മമ്മ’ പ്രസിദ്ധീകരിച്ചു. 2020 ല്‍ ഒരു ബാലനോവലാണ്
പ്രസിദ്ധീകരിച്ചത് ‘നിത്യ കല്യാണി’. കൂടാതെ കേന്ദ്ര സാഹിത്യ അക്കാഡമിക്കു വേണ്ടി പ്രസിദ്ധ ഗോവന്‍ സാഹിത്യകാരനായ ദാമോദര്‍ മൌജോയ്ക്ക് കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് നേടിക്കൊടുത്ത ‘കാര്‍മെലിന്‍’ എന്ന നോവല്‍ കൊങ്കണിയില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അച്ചടിയിലാണ്. അദ്ദേഹത്തിന്‍റെ തന്നെ ഒരു ബാലസാഹിത്യം ‘മനസ്സിന്‍റെ വര്‍ണ്ണങ്ങള്‍’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടി
കാത്തിരിക്കുന്നു.
? പുസ്തക പ്രസിദ്ധീകരണം കൃത്യമായി വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന് നിജപ്പെടുത്തിയത്തിനു പിന്നില്‍
സത്യത്തില്‍ എന്തെങ്കിലുമൊക്കെ മനസ്സില്‍ വരുന്നത് താളുകളിലേക്ക് പകര്‍ത്തി എപ്പോഴെങ്കിലുമൊക്കെ അച്ചടിമഷി പുരളുന്നതില്‍ തൃപ്തിയടഞ്ഞിരുന്ന ആളായിരുന്നു ഞാന്‍. ചിലപ്പോള്‍ മാസങ്ങളോളോം ഒന്നും എഴുതാതിരിക്കും. പുസ്തകം എന്നുള്ളത് എന്‍റെ ചിന്തയില്‍ പോലും എത്തിയിരുന്നില്ല. 2014 മുതല്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഗോവാ മലയാളി
അസോസിയേഷന്‍സ് പ്രവാസി മലയാളി സാഹിത്യ സംഗമം ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. അന്ന് നാലഞ്ചു എഴുത്തുകാരുടെയെങ്കിലും പുസ്തകപ്രകാശനവും ഉണ്ടാകും. അതിന്‍റെ ഒരു സംഘാടക പ്രവര്‍ത്തക എന്ന നിലയിലും വീട്ടുകാരുടെയും, സുഹൃത്തുക്കളുടെയും സ്നേഹപൂര്‍വമായ് നിര്‍ബന്ധത്തിനും വഴങ്ങിയാണ് ആദ്യ പുസ്തകം പ്രകാശനം ചെയ്തത്. പിന്നെ അതൊരു പതിവായി.
?എഴുത്തു വഴിയില്‍ പ്രചോദനമായി ആരെങ്കിലും
തീര്‍ച്ചയായും. ‘ഇന്ന് മാത്രമേ നിന്‍റെ മുന്നിലുള്ളൂ, ദിവസവും എഴുതണം’ എന്ന് ഉപദേശിച്ച മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഡോക്ടര്‍ കെ പി സുധീര നല്‍കിയ പ്രചോദനമാണ് വിവര്‍ത്തനത്തിനും ദിവസവും എന്തെങ്കിലും എഴുതുക എന്ന ആശയത്തിനും വഴിമരുന്നിട്ടത്. പിന്നെ സുഹൃത്തുക്കള്‍ രമ പ്രസന്ന പിഷാരടി, രാജഗോപാല്‍ കൈഗ, പരേതനായ രാധാകൃഷ്ണന്‍ സാര്‍, നാരായണ സ്വാമി സാര്‍, ഗോവ സാഹിത്യകൂട്ടായ്മ, ഗോവയിലെ മറ്റു മലയാളി സുഹൃത്തുക്കള്‍, എന്‍റെ ഭര്‍ത്താവും, മക്കളും, മറ്റു കുടുംബാംഗങ്ങളും...എല്ലാവരും പ്രത്യക്ഷമായും പരോക്ഷമായും എന്നെ
പിന്തുണയ്ക്കുന്നവരാണ്.
? പുരസ്കാരങ്ങള്‍
ഞാന്‍ പറഞ്ഞല്ലോ. എഴുത്തിലേക്ക് കാലുറപ്പിക്കുന്നതേയുള്ളൂ. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ ഗ്രാമത്തില്‍ ഉണ്ടായിരുന്ന ബാല സമാജം പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഒരു ഉപന്യാസ മത്സരം നടത്തി. കൃത്യമായ കണക്ക് ഓര്‍ക്കുന്നില്ലെങ്കിലും കുറെ കുട്ടികള്‍ പങ്കെടുത്ത മത്സരമായിരുന്നു അത്. അന്ന് ഫലപ്രഖ്യാപനം വന്നപ്പോള്‍
എനിക്കായിരുന്നു ഒന്നാം സമ്മാനം. അന്നും ഇന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്ക്കാരമായിരുന്നു അത്. ഫെഡറേഷന്‍ ഓഫ് ഓള്‍ ഗോവ മലയാളി അസോസിയേഷന്‍ നടത്തിയ ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം, പോണ്ട മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ ലേഖന മത്സരത്തില്‍ ഒന്നാം സ്ഥാനം, ബാബാ അറ്റോമിക് റിസേര്‍ച്ച് സെന്‍റര്‍ മുംബൈ നടത്തിയ കഥാ മത്സരത്തില്‍ ജഡ്ജസ് അപ്രീസിയേഷന്‍ പ്രൈസ് ഗോവ എന്നിവയില്‍ തന്നെ ഞാന്‍ അതീവ സന്തുഷ്ടയാണ്.
?എഴുത്തു വഴിയില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവ
ആള്‍ ഇന്ത്യ പോയറ്റസ് മീറ്റില്‍ കവിത അവതരിപ്പിക്കാന്‍ കഴിഞ്ഞത്, കുമരകത്തു വെച്ച് നടന്ന വേള്‍ഡ് മലയാളി കൌണ്സിലിന്‍റെ ബൈ ലീനിയല്‍ കണ്‍വെന്ഷനില്‍ കവിത അവതരിപ്പിച്ചത്, ബാംഗ്ലൂര്‍ കേരളസമാജത്തിന്‍റെ കവിയരങ്ങില്‍ മധുസൂദനന്‍ സാറുമൊത്തു വേദി പങ്കിടാനും, കവിത അവതരിപ്പിക്കാനും കഴിഞ്ഞതില്‍, ഗോവ കാവ്യ ഹോത്രയെന്ന അഖിലേന്ത്യാ കവിയരങ്ങില്‍ പ്രത്യേക ക്ഷണിതാവായി കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍, മലയാളം മിഷന്‍ കേരളത്തിന്‍റെ മലയാണ്മ പരിപാടികളില്‍ കവിതകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍, ജന്മനാട്ടില്‍
ഓണപ്പരിപാടിയോടനുബന്ധിച്ച് കവിത അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍, ഗോവാസാഹിത്യ സംഗമങ്ങളില്‍ കവിതകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍, കര്‍ണ്ണാടകകൈഗ സാഹിത്യ വേദിയില്‍ കവിത അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍, ഗോവ എന്‍ എസ്എസിന്‍റെ ആദരം, മലയാളം മിഷന്‍ ഗോവയുടെ ആദരം ഇവയൊക്കെ എന്‍റെ എഴുത്തു
വഴികളിലെ തിളങ്ങുന്ന ഓര്‍മ്മകളാണ്.
?കുടുംബത്തെക്കുറിച്ച്
ചെങ്ങന്നൂരിനടുത്ത മുളക്കുഴയെന്ന കൊച്ചു ഗ്രാമത്തിലെ റിട്ടയര്‍ഡ് അദ്ധ്യാപകന്‍ ഗോപിനാഥന്‍ നായരുടെയും, പത്മാവതി അമ്മയുടെയും അഞ്ചുമക്കളില്‍ രണ്ടാമത്തെയാളാണ് ഞാന്‍. ഭര്‍ത്താവ് വാസുനായര്‍. മക്കള്‍ ഡോ:നിഖില്‍/പാര്‍വതി, ഗോകുല്‍