Archives / july 2021

ഡോ.മായ ഗോവിന്ദരാജ്
അസീം കവിതകള്‍  സൂക്ഷ്മ വിചാരങ്ങളിലേയ്ക്കുള്ള  ഏകാന്തയാത്ര...

                                                                                

സൂക്ഷ്മവിചാരങ്ങളിലേയ്ക്കുള്ള ഏകാന്ത യാത്രകളാണ് അസീം താന്നിമൂടിന്റെ കവിതകൾ.ഈ  യാത്രകളിലെല്ലാം കവി കൊത്തിയെടുക്കുന്ന അതിശയ ശില്പങ്ങൾ കാഴ്ചയുടെ വ്യത്യസ്ത ലോകത്തേയ്ക്കു വായനയെ നയിക്കുന്നു. 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ' എന്ന സമാഹാരത്തിലെ ഓരോ കവിതയും കവി പറയും പോലെ തീർത്തും ഗൗരവമുള്ള പ്രവൃത്തിയുടെ അടയാളപ്പെടുത്തൽ തന്നെയാണ്, പടികയറുമ്പോഴുള്ള അസ്വസ്ഥതപ്പെടുത്തൽ പരിചിതമായ അനുഭവത്തിന്റെ അതിരുകളിൽ നിന്നുകൊണ്ട് വിസ്തൃതമായ അർത്ഥതലത്തിലേയ്ക്ക് കടന്നുചെല്ലുന്നു.' അധികപ്പേടി' വഴുക്കലോടെപ്പോഴും കൂടെ പോരുന്ന അസ്വസ്ഥയയാവുന്നു. വിഭിന്ന വിചാരങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന വൈകാരികാനുഭവത്തിന്റെ തെളിച്ചമായി മാറുന്നുണ്ട്' പതിഞ്ഞ ശബ്ദത്തിൽ കവി വരഞ്ഞിടുന്നകാവ്യ രേഖകൾ. ഒറ്റമുറിയുള്ള മണിച്ചിയുടെ കൊച്ചു വീട്ടിൽ വെളിച്ചമെത്തുന്നെങ്കിലും വിപരീതാനുഭവങ്ങളുടെ ആവർത്തനത്തിൽ കെട്ടുപോകുന്ന ജീവിത വെളിച്ചത്തെ ഉടലോടെ ചേർത്തു ഈ കവിത.പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട ശരീരം ഒടുവിൽ തെക്കെപ്പുറത്തു പെറ്റു കൂട്ടുന്ന തലമുറയുടെ വ്യർത്ഥമായ ജീവിത സാക്ഷ്യമാകുന്നു.
പക്ഷിയെ വരയ്ക്കൽ എത്ര എളുപ്പമാണ്. ചേക്കേറുവാനിടമില്ലാത്ത ജീവിത നിസ്സഹായതയിലാണ് പക്ഷിയുടെ വര എത്തി നിൽക്കുന്നത്.
     'മരത്തിനെ തിരിച്ചു വിളിക്കുന്ന  വിത്ത്' അപൂർവ്വങ്ങളിൽ അത്ഭുതമായ ധൈഷണിക ഭാവനയുടെ വിത്താണ്, പ്രകൃതിയിലേയ്ക്കുള്ള ജൈവികമായ മടങ്ങി പോകലിനെ ഊഷ്മളമാക്കുന്നു ഈ കവിത.കൂളിങ് ഗ്ലാസ്സ്, ച്യൂയിംഗം
എന്നീ രചനകൾ നുകർന്നു ചതച്ചീമ്പിത്തുപ്പുന്ന ഉള്ളിലിരിക്കുന്ന കൊതിയുടെ പകർപ്പാണ്. പൊതിഞ്ഞു മൂടി വയ്ക്കുന്ന കപടക്കൊതികളിൽ നിന്നാണ് ഈ കൊതി പുറത്തുചാടുന്നത്. പ്രണയം, രതി, അതൃപ്തി, ആനന്ദം എന്നിങ്ങനെ ഈ കൊതികളെയെല്ലാം കൂട്ടി പിടിച്ചീമ്പികുടിക്കുന്ന കൊതിയിലേയ്ക്ക് ചേർക്കുന്നു. അടക്കിപ്പിടിച്ച കൊതികളെല്ലാം കുത്തിയൊലിക്കുന്നത് ഓരോ വരിയിലും കാണാം
അത്, അതിനാൽ, അമൂർത്തം എന്നിങ്ങനെ കവിതയ്ക്ക് നൽകുന്ന പേരുകൾ വിശാലമായ പല പേരുകളിലേയ്ക്ക്, സ്ഥലങ്ങളിലേയ്ക്ക്, അനുഭവങ്ങളിലേയ്ക്ക് വായനയെ കൊണ്ടുപോകുന്നു.
          

      ഡോ.മായ ഗോവിന്ദരാജ്       

             ഓരോ വായനയിലും അസീമിന്റെ കവിത ഓരോ വഴിയിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ആദ്യ വായനയിൽ ചേർത്തു വയ്ക്കുന്നതിനെ രണ്ടാം വായന മായ്ച്ചുകളയുന്നു. ആവർത്തിച്ചുള്ള വായനയിൽ കവിത വിസ്മയകരമായ മറ്റൊന്നിലേയ്ക്ക് നയിക്കുന്നു
എന്നും ഈ കവിയുടെ കവിത മറ്റു യുവകവികളിൽ നിന്നും വേറിട്ട വഴിയിലൂടെ, വിസ്മയകരമായ ശബ്ദ സൗന്ദര്യത്തിലൂടെ മുന്നിട്ടു നിൽക്കുന്നു
    വർഷങ്ങൾക്കു മുൻപ് എൻ.വി.കൃഷ്ണവാര്യർ സ്മാരക ട്രസ്റ്റിന്റെ കവിത ക്യാമ്പുകളിലും അത്ഭുതകരമായ രചന കൊണ്ട് ഞങ്ങളെയെല്ലാം കീഴ്പ്പെടുത്തിയ കവിയായിരുന്നു അസീം. പിന്നീട് തുടർച്ചയായി അഞ്ചോളം കവിതകൾ മാതൃഭൂമി വാരികയിലും കണ്ടു. പിന്നീട് അദൃശ്യനായ കവി വർഷങ്ങൾക്കു ശേഷം
ശകതമായ രചനകളോടെ മടങ്ങിവന്നു. ഇന്ന് മലയാള കവിതയിലെ ഉറച്ച ശബ്ദമായി അസീമിന്റെ രചനകൾ ആനുകാലികങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

           

Share :