Archives / july 2021

കുളക്കട പ്രസന്നൻ
വികസനമെന്നാൽ സമൂഹത്തിന് നാളേയ്ക്കുള്ള ജീവിതമാവണം

രണ്ടാം പിണറായി സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ഒരു നിർദ്ദേശം കേരള വികസനത്തെ കുറിച്ച് പൊതുസമൂഹത്തിൻ്റെ അഭിപ്രായം തേടലാണ്. കേരള വികസനം ഒരു ചെറു കാഴ്ചപ്പാടാകരുത്.വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി നിർദ്ദേശങ്ങളുണ്ടാവും. അതിൽ നിന്നും ക്രോഡീകരിച്ച് നൂറ്റാണ്ടുകൾ പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കാൻ കഴിയണം. 

നമ്മൾ പിറകോട്ടു സഞ്ചരിച്ചു വേണം പദ്ധതികൾ കണ്ടെത്താൻ .  ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലങ്ങൾ ഒരു നൂറ്റാണ്ടു കഴിഞ്ഞും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അതാണ് നമ്മൾ വിലയിരുത്തേണ്ടത്. നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത കെട്ടിടങ്ങളും ഡാമുകളും സുരക്ഷിതമായി ഇന്നുമുണ്ട്. അതായത് നിർമ്മാണ പ്രവർത്തനങ്ങൾ ഏതുവിധമായിരിക്കണം എന്നത് ഇരട്ടു ഓട്ടയടക്കും പോലെയാകരുത് എന്നർത്ഥം.

അറുന്നൂറ് കിലോമീറ്റർ നീളവും നൂറ് കിലോമീറ്റർ വീതിയുമുള്ള കൊച്ചു സംസ്ഥാനം. കടൽത്തീരവും വനാതിർത്തിയും കൊണ്ട് സുന്ദരമായ  ഭൂമി. സമത്വസുന്ദരമായ ഭരണം നടത്തിയ മഹാബലിയെ കുറിച്ച് ഐതീഹ്യമുള്ള നാട്. ലോകത്തെവിടെയും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്നവരുടെ ദൈവത്തിൻ്റെ സ്വന്തം നാട്. അതു കൊണ്ടു തന്നെ ലോകത്തെ ഓരോ ചലനവും ആ നിമിഷം തന്നെ അറിയുന്നവരാണ് മലയാളികൾ.

ലോകത്തിൻ്റെ വികസന കുതിപ്പിൽ കേരളവും മാറേണ്ടതായിരുന്നു. എന്തുകൊണ്ട് അതുണ്ടായില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെന്നില്ല. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിവുറ്റ മലയാളികൾ അദ്ധ്വാനിച്ച് കിട്ടിയ ശമ്പളം കേരളത്തിലേക്ക് ഒഴുകിയപ്പോൾ ആ പണം ഇവിടെ നിന്നും അതേപ്പോലെ കേരളത്തിനു പുറത്തേക്ക് ഒഴുകിയതല്ലാതെ കേരളത്തിനതു പ്രയോജനപ്പെട്ടില്ല എന്നു ബോധ്യപ്പെടുത്തുന്നതാണ് കൊവിഡ് പ്രതിസന്ധി . മുൻപു ചർച്ച ചെയ്ത വിഷയങ്ങളാണിതൊക്കെ. അരിയും പച്ചക്കറിയും പാലും കോഴിമുട്ടയും എല്ലാം അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്നാലെ നമ്മുടെ പശിക്ക് പരിഹാരമാകു. മാരക കീടനാശിനി തളിച്ച പച്ചക്കറിയും വെളുത്ത അരിയും സമ്മാനിച്ച രോഗങ്ങൾക്ക് ചികിത്സ തേടിയും അയൽ സംസ്ഥാനങ്ങളെയും അഭയം പ്രാപിച്ചു. അങ്ങനെയങ്ങനെ എന്തെല്ലാം.

ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് നമ്മൾക്ക് പോകാൻ കഴിയണം. പ്രായോഗികമായ തലത്തിലേക്ക് ജനങ്ങളെ കൂട്ടികൊണ്ടു പോകാൻ സർക്കാരിനു കഴിയണം. നമ്മുടെ വയലുകളിൽ നെൽകൃഷിയുണ്ടാവണം. കരഭൂമികളിൽ പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ , ഫലവൃക്ഷങ്ങൾ വിളയണം. ഇവിടെ ഒരു കാര്യം പറയട്ടെ, നമ്മുടെ നെൽ വയലിൽ നിന്നും കൊയ്തെടുക്കുന്ന നെല്ലിൽ നിന്നും തവിടുകളയാത്ത അരി ചോറായാൽ ഷുഗർ പോലുള്ള അസുഖത്തിന് ചെറുതായെങ്കിലും ശമനമുണ്ടാകില്ലെ. 

കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖല ശക്തമാക്കണം. കശുവണ്ടി, കയർ, തഴപ്പായ, ഈറ കൊണ്ടുള്ള വട്ടി , കുട്ട, പരമ്പ് തുടങ്ങിയ തൊഴിലുകൾ നമ്മുടെ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു.

എട്ടാം ക്ലാസ്സ് മുതൽ വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും അഭിരുചിക്കു പ്രാധാന്യവും നൽകിയാവണം. തിയറി പഠിച്ചു പഠിച്ചു പോകുന്നത് മാത്രമല്ല വിദ്യാഭ്യാസം.

ഇവിടെ പ്രത്യേകമായി പറയേണ്ടുന്ന ഒരു വിഷയമുണ്ട്. ഒരാൾക്ക് താമസിക്കാൻ ഒരു നല്ല വീടുണ്ടെങ്കിലും വെറുതെ വീടുകളും കടമുറികളും നിർമ്മിച്ചിടും. വർഷങ്ങൾ ഇതൊക്കെ അടഞ്ഞുകിടക്കുകയാവും. ഇതു കൊണ്ട് ഭാവിതലമുറയ്ക്ക് ലഭ്യമാകേണ്ട പ്രകൃതി വിഭവങ്ങളായ പാറയും മണലുമൊക്കെയാണ് നഷ്ടമാകുന്നത്. ആകയാൽ ഈ വിഷയത്തിൽ ഒരു മാനദണ്ഡം ആവശ്യമാണ്.

ചില റോഡ് ടാറിംഗ് കണ്ടാൽ മനസ്സിലാകും ഇതാരുടെയൊ കീശ വീർപ്പിക്കാൻ വേണ്ടിയാണെന്ന്. ഒരു റോഡ് നിർമ്മിച്ച് അടുത്ത മഴയോടെ ആ റോഡവിടെ കാണില്ല. ഇവിടെ മണലും മെറ്റലും ടാറും ഒഴുകി പോകുന്നു. ഖജനാവിലെ പണവും കൂട്ടത്തിൽ ഒഴുകും. എന്തെല്ലാം നഷ്ടങ്ങൾ .

ഇവിടെ ഓരോ ഗ്രാമങ്ങളും സ്വയംപര്യാപ്തമാകണം. അതിന് ഓരോ പ്രദേശത്തിൻ്റെയും സാഹചര്യത്തിനൊത്ത് പദ്ധതികൾ വേണം. തീരദേശ മേഖലയ്ക്ക് ഉതകുന്ന പദ്ധതി ആദിവാസി മേഖലയിൽ ഉചിതമാകില്ലല്ലോ.

കമൻ്റ്: വികസനം എന്നു കേൾക്കുമ്പോൾ ചിലർ പുന്നെല്ല് കണ്ട എലിയെ പോലെയാകും. ആ മനോഭാവത്തിനാണ് ആദ്യം മാറ്റം വേണ്ടത്.
 

Share :