Archives / May 2021

 രചന: മാത്യു പണിക്കർ 
നൂറു രൂപ

ചിതറിക്കിടന്ന 

മാംസത്തുണ്ടുകൾക്കിടയിൽ

 

ഞാനെന്റെ നൂറു രൂപ തിരഞ്ഞു നടന്നു

ഭ്രാന്തനെന്ന പതിവ് പേർ  വിളിച്ചു

പിടലിക്ക് തള്ളിയ 

സ്ഥിരം പോലീസുകാരന്റെ

ശോഷിച്ച  കരങ്ങളിലും

ഞാനതു തന്നെ തിരഞ്ഞു

വലതെന്നോ ഇടതെന്നോ  കൃത്യതയില്ല

അറ്റുപോയിരുന്ന എന്റെ കൈപ്പത്തി

ഒരു മിന്നായം പോലെ

അവിടെവിടെയോ കണ്ടെങ്കിലും

ആ നൂറു രൂപ നോട്ടിന്റെ

തിരച്ചിലിലായിരുന്നു

എന്റെ സർവേന്ദ്രീയങ്ങളും

അമ്മയുടെ  ആത്മാവ്

പറഞ്ഞുകൊടുത്ത അളവിൽ

എവിടെയോ ഇരുന്നു അച്ഛൻ തയ്ച്ചു

ആരുടെയോ കയ്യിൽ കൊടുത്തയച്ചു

എന്നോടൊപ്പം 

തളർന്നു വളർന്നു കൊണ്ടേയിരുന്ന

ഒറ്റയുടുപ്പിന്റെ മുഷിഞ്ഞ കീശയിൽ  

അതാ അവിടെ വരെ 

ആ നോട്ടുണ്ടായിരുന്നു

അതിലെമഹാത്മജിയും

നെഞ്ചോട് ചേർന്നുണ്ടായിരുന്നു

ബൈക്കിൽ വന്നു പോയ 

ഒരു “മഹാമനസ്കൻ”

ആൾക്കൂട്ടത്തിനു ഒത്ത മധ്യത്തിൽ ചെന്ന്

എന്ത് ചെയ്യണമെന്ന്  പരമ രഹസ്യമായി

പറഞ്ഞേല്പിച്ച ചെറിയ പൊതിയോടൊപ്പം

പാരിതോഷികമായി തന്നതായിരുന്നു

ആ വിലയുള്ള വലിയ നോട്ടു

ചിതറിക്കിടന്ന

മാംസത്തുണ്ടുകൾക്കിടയിൽ

 

ഞാനെന്റെ  നൂറു രൂപ തിരഞ്ഞു കൊണ്ടേ ഇരുന്നു

Share :