Archives / May 2021

പോതുപാറമധുസൂദനൻ
കടലമ്മ

കടലിനെ കൈ കുമ്പിളിൽ

കോരി മുഖത്തടുപ്പിക്കവെ

കടലു ചോദിച്ചു, നീ

കടലിനെക്കാലും വളർന്നിരിക്കുന്നു

കറുത്ത മിഴികളിൽ കനി വിരിയ്ക്കിലും, നീ

വിയർത്തിരിക്കുന്നു

വിരക്തനെ പോലെ

കറുത്ത കൈകളിൽ കരുത്തിരിയ്ക്കിലും

നീവിറച്ചിരിക്കുന്നു

വന്നടുത്തു നിൽക്കവെ

മധുര വാക്കുകൾ മനം നിറഞ്ഞിട്ടും അധരത്തിന്നതു പുറത്തു വീണില്ല, നീ എന്തിനെന്നെ

കോരിയെടുത്തതിങ്ങനെ?

കടലേ...

ഏഴരത്തങ്കം കടലും

അരത്തങ്കം കരയുമെന്ന്

മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്

ഏഴരത്തങ്കം കടലിൻ്റെ ഉളളാഴങ്ങളെ അരത്തങ്കം കരയ്ക്കുൾ കൊള്ളാനാവില്ല, എന്നാൽ നിനക്ക് ഉൾക്കൊള്ളാം

നീ കടലാണ്

പതഞ്ഞു പതഞ്ഞുമറിയുന്ന ലഹരി

ഞാനോ നിന്നെ നോക്കി നില്ക്കുന്ന വെറുമൊരു സ്നേഹം മാത്രം

പക്ഷേ, നിനക്ക് പ്രണയിക്കാനാവില്ല 

നിൻ്റെ പ്രണയം ഒരു ഭ്രമമാണ്

നിന്നെ പ്രണയമായ് കാണുന്നത് കരയുടെ ചിന്തകളാണ്

നിന്നിൽ ഒരു കവർപ്പുരസം മറഞ്ഞിരിക്കുന്നു

അത് കരയുടെ ജീവനാണ്

നിന്നിലേക്ക് ഒഴുകിയിറങ്ങുന്നതു് കരയുടെ ജീവരാഗമാണു്

നിൻ്റെ നിശ്വാസമാണ് കരയിലേയ്ക്കൊഴുകുന്ന കാറ്റ്

നിൻ്റെ കനിവാണു് കരയുടെ കണ്ണുകളിലെ തിളക്കം

ശരിയ്ക്കും നീ നിറഞ്ഞ സ്നേഹമാണ്

എല്ലാവരെയും സ്നേഹിക്കുന്ന എല്ലാം കൊടുക്കുന്ന കടലാണ്

നീ അമ്മയാണ്

കടലമ്മ

 

 

 

Share :