Archives / May 2021

സ്മിത സ്റ്റാൻലി.
ഇണക്കവും പിണക്കവും

" അന്ന് കല്യാണത്തിന് മുൻപ് പലവട്ടം ഞാൻ പറഞ്ഞതാ എന്നെ മറക്കു സജിയേട്ടാ, നല്ലൊരു ജീവിതം കണ്ടു പിടിക്കൂ എന്നൊക്കെ,  കേട്ടില്ലല്ലോ. ഇപ്പോൾ എന്തായി കഷ്ടപ്പാടും ദാരിദ്ര്യോം കൊടുംപിരി കൊണ്ട് ഇങ്ങേര് കിടന്നു വലയുന്നു. ഓർത്തു നോക്ക്, മനുഷ്യാ 

ആ സീതയെ കെട്ടിയിരുന്നെങ്കിലോ ജീവിതം അടിപൊളി ആയേനെ. അവൾക്ക് നല്ലൊരു ജോലി ഉണ്ട് തന്നെയുമല്ല ഇങ്ങേരെ ഒരുപാട് വായ് നോക്കി നടന്നതും കൂടിയാണ്. അതെങ്ങനെ കണ്ടക ശനി കൊണ്ടേ പോകൂ. എന്നിട്ടിപ്പോ കലിപ്പ് മുഴുവൻ എന്നോട് തീർക്കുന്നു.ഞാൻ എന്ത് ചെയ്തു പഠിക്കാൻ എനിക്ക് പണ്ടേ മടിയായിരുന്നു. അത് കൊണ്ട് ഉദ്യോഗവും ഇല്ല. ഇങ്ങേരും മോശം അല്ലല്ലോ. സ്കൂളിൽ പഠിക്കുമ്പോൾ വല്ല്യ പിള്ളേരുടെ കൂടെ രാക്ഷ്ട്രീയം കളിച്ചു നടന്നു ജീവിതം തുലച്ചു... ആഹ്, ഇനി എന്താ പെരുവഴി"

    എന്റെ സുജേ, നിനക്ക് ഭ്രാന്തായോ, എനിക്ക് അവളെ കെട്ടാൻ പറ്റിയില്ല എന്ന് വച്ചു എന്റെ വീട് ഇന്ന് വരെ പട്ടിണി ഒന്നും ആയിട്ടില്ല. പിന്നെ ഭാര്യേടെ ജോലി കണ്ടു തുള്ളാൻ വേറെ ആളെ നോക്ക് മോളെ. നീ പഠിച്ചില്ല എന്നതിന് എന്റെ പഴയ കാല രാക്ഷ്ട്രീയ ജീവിതത്തെ തോണ്ടാൻ വരണ്ട. അന്ന് എനിക്കത് എന്റെ ചങ്ക്തന്നെയായിരുന്നു .ഇപ്പോൾ പക്ഷേ ഞാൻ അങ്ങനെയല്ലല്ലോ.അന്തസ്സായി ഞാൻ കൂലി പണി ചെയ്തു കുടുംബം നോക്കുന്നില്ലേ. അത് ഇല്ലാണ്ടായാലും സഹിക്കും. ഇടക്ക് പണി കുറയും. അത് ഇതിൽ പറഞ്ഞിട്ടുള്ളതാണ്. പിന്നെ വാ കീറിയ ഈശ്വരൻ ഇര തരും മോളെ. നീ പഴയതൊന്നും കുത്തി പൊക്കാൻ നിൽക്കണ്ട. ഉള്ളത് വേവിച്ചു നേരത്തിനു തിന്നാൻ നോക്ക്. അവളുടെ ഒരു സീത, ഞാൻ നിന്നെ കെട്ടിയില്ലെങ്കിൽ ഇപ്പോൾ കാണാമായിരുന്നു നിന്റെ ദുരന്ത കഥ !

      എന്ത് കഥ, ഞാൻ എന്താ തൂങ്ങി ചാവുമായിരുന്നോ അതോ പുഴയിൽ ചാടുമോ, തെളിച്ചു പറ. ഞാൻ ഇനി നിങ്ങളെ തോണ്ടാൻ പോയിട്ട് താലോലിക്കാനും വരുന്നില്ല, ഇങ്ങേരുടെ മാനം നോക്കിയുള്ള ഇരിപ്പ് കണ്ടപ്പോൾ  ജീവിതം കോഞ്ഞാട്ട ആയ സങ്കടം ആണെന്നോർത്തു പറഞ്ഞു പോയതാണ്. ആ വിഷയം വിട്ടേക്ക് സജിയേട്ടാ.എനിക്ക് അടുക്കളയിൽ പണിയുണ്ട്. ഉച്ചക്ക് തിന്നാൻ എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണം. ഉമ്മറത്ത് ഞാനും മാനം നോക്കിയിരുന്നാൽ എന്റെ കൊച്ചിന്റെ വയറു കായും.

     സുജ പറമ്പിൽ നിന്നും കൈയിൽ കിട്ടിയ ഓല മടലും തൂക്കി വീടിനു പിന്നിലേക്ക് നടന്നു. പിറുപിറുത്തു കൊണ്ട് ധൃതിയിൽ  അവളുടെ കലി തുള്ളിയുള്ള പോക്ക് കണ്ടപ്പോൾ സജിക്ക് ചിരി വന്നു. അത് പിന്നെ നിയന്ത്രണം വിട്ടു സുജയുടെ കാതുകളെ തേടിയെത്തി. അവൾക്ക് കലി ഒന്ന് കൂടെ കൂടിയെങ്കിലും ഓടി വന്ന് സാരി ത്തുമ്പിൽ വട്ടം പിടിച്ചു നിൽക്കുന്ന രണ്ടു വയസുകാരിയെ കണ്ടപ്പോൾ അത് പുഞ്ചിരിയായി മാറി.പൊന്നു മോളെ വാരിയെടുത്തു കൊഞ്ചിച്ചു. കൈയിൽ ഒരു ബിസ്കറ്റ് കിട്ടിയപ്പോൾ അവൾ വീണ്ടും കളിക്കാൻ ഓടി. സുജ അടുപ്പിൽ തീ പിടിപ്പിച്ചു കഞ്ഞിക്കു വെള്ളം വച്ചു 

"ആ മോഹനൻ ചേട്ടന്റെ ആലോചന വന്നപ്പോൾ സമ്മതിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ രാജകുമാരി ആയി പട്ടു സാരിയും ചുറ്റി നടന്നേനെ." സജിക്ക് ഇത് കേട്ടപ്പോൾ കലിപ്പ് കൂടി. അയ്യോ, ആണൊ കുഞ്ഞേ, എന്നാൽ എന്റെ മോള് വേഗം ചെല്ല്, അയാൾ ഇപ്പോഴും കെട്ടിയിട്ടില്ലെന്നു പറയുന്നത് കേട്ടാരുന്നു. സജിയുടെ മറുപടി കേട്ട് ഉള്ളിൽ വന്ന ചിരി സുജ ചുണ്ടിൽ ഒതുക്കി.

അഞ്ചു നിമിഷം അവർക്കിടയിൽ ഒരു നിശബ്ദത നിറഞ്ഞു നിന്നു എല്ലാ പിണക്കങ്ങൾക്കും ഒടുവിൽ സജി അവളെ തേടിയെത്തും. ആ മനസ് മുഴുവൻ അറിയുന്ന സുജ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന പരിഭവം അഭിനയിച്ചു മുഖം വീർപ്പിച്ചു നിൽക്കും. പിണങ്ങുമ്പോൾ കിട്ടുന്ന ഇണക്കത്തിന്റെ സുഖം അവൾ ആ നിമിഷങ്ങളിൽ മനസ്സറിഞ്ഞു ആസ്വദിക്കുകയായിരുന്നു.

 

 

Share :