Archives / April 2021

  ഡോ.നീസാ
 നേതാവ് 

ഇന്നുണ്ടൊരു സമ്മേളനം
വരുന്നുണ്ടൊരു വിശിഷ്ട വ്യക്തി;
നേരത്തെ എല്ലാരുമെത്തണം
മടിയാതെ കാത്തിരിക്കണം.

താമസിച്ചെത്തും മാന്യദേഹം
തിരക്കായിരുന്നെന്ന് പരക്കെപറയും;
നാലുപാടും കൂപ്പുകൈയോടെ
കണ്ണോടിച്ചു വെളുക്കെ ചിരിക്കും.

വിളക്കു കൊളുത്തി ഉദ്ഘാടിക്കും.
അദ്ധ്യക്ഷ പ്രസംഗം നീണ്ടുപോകും
പൊടിപ്പും തൊങ്ങലുമേറെ നിറച്ച്
സ്വയം പുകഴ്ത്തും വാനോളം.

ചടങ്ങ് തീരാൻ കാത്ത് നില്ക്കാതെ
വീണ്ടും തൊഴുത് പടിയിറങ്ങും;
അടുത്ത വേദിയിലെത്താനായി
ധൃതിയോടെ ചുവടു വെക്കും.

നേതാവെന്ന് നാലാളറിയാൻ
പരക്കം പാഞ്ഞു പതം പറഞ്ഞു.
കണ്ടും കേട്ടും പാവം പൊതുജനം
നേരാണതെന്ന് ധരിച്ചുവശായി!

Share :