Archives / july 2021

രമാപ്രസന്ന പിഷാരടി / രാജേശ്വരി നായർ
കവിതയിൽ നിന്ന് കൈതൊട്ടുണർത്തിടാം

ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാപ്രസന്ന പിഷാരടിയുടെ സാഹിത്യാനുഭവങ്ങൾ ഗോവയിലെ എഴുത്തുകാരിയും, ക്രിയേറ്റിവ് വുമൺ പ്രസിഡൻ്റുമായ രാജേശ്വരി നായരുമായി പങ്ക് വയ്ക്കുന്നു. 

      ?   കവിത ആത്മാവിൽ നിന്നുണരുന്ന അമൂർത്തസർഗ്ഗാത്മകസൃഷ്ടിയെന്ന് പറയപ്പെടുന്നു. എങ്ങനെയാണ് കവിതയിലേയ്ക്ക് ആകർഷിക്കപ്പെട്ടത്

ആദ്യക്ഷരം പഠിപ്പിച്ച അമ്മയിൽ നിന്നാണ് എൻ്റെ സാഹിത്യലോകം ആരംഭിച്ചത് എന്ന് പറയാം. അദ്ധ്യാപികയായിരുന്ന അമ്മ ഒന്നാം ക്ളാസ്സിലെ  ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച  കുട്ടിയ്ക്ക്  ജി ശങ്കരക്കുറുപ്പിൻ്റെ ഓടക്കുഴൽ സമ്മാനമായി കൊടുത്തത് ഓർമ്മയിലുണ്ട്. കുട്ടികളുടെ പുസ്തകങ്ങൾ മുതൽ വിശ്വവിഞ്ജാനകോശം വരെ അമ്മ വാങ്ങിയിരുന്നു. പരിമിതമായ സാമ്പത്തിക, സാങ്കേതിക വ്യവസ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും അമ്മയുടെ പുസ്തകശേഖരത്തിൽ കവിതകൾ ധാരാളമായുണ്ടായിരുന്നു. അച്ഛൻ കഥകളിലോകത്തായിരുന്നു. അച്ഛൻ്റെ കൈയിൽ ആട്ടക്കഥയുടെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. തറവാട്ടിൽ പല താളിയോലക്കെട്ടുകളും, നാരായവും കണ്ടിട്ടുണ്ട്. അമരകോശവും, അഷ്ടാംഗഹൃദയവുമൊക്കെ അവിടെയുണ്ടായിരുന്നു. വേനലവധിക്കാലങ്ങളിൽ അമ്മ പല പുസ്തകങ്ങളും വായിച്ച് അർത്ഥം പറഞ്ഞ് തന്നിരുന്നു.

  കവിത ആകർഷിക്കാനുണ്ടായ കാരണം 

നല്ല കവിതകൾ വായിക്കുമ്പോൾ അത്ഭുതവും, അതിശയവും, സന്തോഷവും മനസ്സിൽ  നിറയുന്നതായി എനിയ്ക്കനുഭവപ്പെട്ടിരുന്നു.  ഗ്രാമത്തിൽ ലഭിച്ചിരുന്ന മാസികളിലും, വീക്കിലികളിലും കവിതകൾ കുറവായിരുന്നു. തുടർനോവലിനും, കഥകൾക്കുമിടയിൽ വരുന്ന കവിത വായിക്കാനായി പ്രസിദ്ധീകരണങ്ങൾ വാങ്ങി വായിച്ചിരുന്നു.

എൻ്റെ പത്താം വയസ്സിൽ സ്ക്കൂൾ നോട്ട് ബുക്കിൽ തത്തമ്മ എന്നൊരു ബാലമാസിക ഞാനുണ്ടാക്കി. അതിലെ എല്ലാ സാഹിത്യസൃഷ്ടികളും ഞാൻ തന്നെ നിർമ്മിച്ചവയായിരുന്നു. ചിത്രങ്ങൾ, കവിത, ഫലിതബിന്ദുക്കൾ, കഥ എല്ലാം ഞാൻ സൃഷ്ടിച്ചെടുത്തു. എൻ്റെ സ്ക്കൂളിലെ രാജലക്ഷ്മിയുടെ ചേട്ടൻ അന്ന് ബാലരമയിലായിരുന്നു. എൻ്റെ ബാലകവിത പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞു. പക്ഷെ അത് അച്ചടിച്ച് വന്നില്ല......

  അമ്മ പഠിപ്പിച്ചിരുന്ന ഗവണ്മെൻ്റ് സ്ക്കൂളിലായിരുന്നു നാലാം ക്ളാസ് വരെ പഠിച്ചത്. അതിന് ശേഷം മൗണ്ട് കാർമ്മൽ സ്ക്കൂളിൽ ചേർന്നു. അവിടെ നിന്നാണ് സൃഷ്ടിപരമായ വായനയുടെ തുടക്കം. സ്ക്കൂളിൽ വിശേഷപ്പെട്ട ഒരു ലൈബ്രറി ഉണ്ടായിരുന്നു. ഷേക്സ്പിയർ, ക്ളാസിക്കൽ എഴുത്തുകൾ, കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ സൃഷ്ടികൾ അങ്ങനെ  അനേകം പുസ്തകങ്ങൾ വായിക്കാനിടയായി.  ഞങ്ങളുടെ ഗ്രാമത്തിൽ അച്ഛൻ്റെ അയൽക്കാരനായിരുന്ന, ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്ന സോമനാഥൻ എന്ന സാഹിത്യസ്നേഹി ഉണ്ടായിരുന്നു. മൈസൂറിലെ പഞ്ചസാരമില്ലിലെ ജോലിവിട്ട് ഗ്രാമത്തിലേയ്ക്ക് തിരികെ വന്നപ്പോൾ എന്നോട്  സ്ക്കൂൾ ലൈബ്രറി കാർഡിൽ തകഴിയുടെ കയർ, പൊറ്റക്കാട്ടിൻ്റെ ഒരു ദേശത്തിൻ്റെ കഥ   എന്നീ പുസ്തകങ്ങൾ  വായിക്കാനായി ആവശ്യപ്പെട്ടു. വായനയ്ക്ക് ശേഷം ഇതൊക്കെ അങ്ങനെ   അസാമാന്യപുസ്തകങ്ങളെന്ന് പറഞ്ഞു. ആയിരത്തിലധികം പേജുള്ള ചില ബുക്കുകൾ  ഞാനും വായിക്കാനിടയായി. ടാഗോർ, സരോജിനി നായിഡു, നെരൂദ, ജിബ്രാൻ ഇവരൊക്കെ എൻ്റെ വായനയിലേയ്ക്ക് കടന്ന് വന്നത് ലൈബ്രറിപുസ്തകങ്ങളിലൂടെയാണ്.

?  എഴുത്തിൻ്റെ തുടക്കം എന്നായിരുന്നു 

കുട്ടികളുടെ കലാസാംസ്ക്കാരിക ഉന്നമനത്തിനായി സ്ക്കൂൾ മാനേജ്മെൻ്റ് അനേകം പരിപാടികൾ നടത്തിയിരുന്നു. പ്രശസ്തരായ പല സാഹിത്യകാരന്മാരും സ്ക്കൂളിൽ വന്നിരുന്നു. സ്ക്കൂളിൽ മാക്ബത്ത് പോലുള്ള സൃഷ്ടികൾ  ഇംഗ്ളിഷ് ക്ളാസ്സിൽ അദ്ധ്യാപകർ കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചിരുന്നു.

  ഞാൻ ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് സ്ക്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ആദ്യമായി കവിതാമൽസരം ഉണ്ടായത്. സ്കൂളിനെ കുറിച്ച നതോന്നതവൃത്തത്തിൽ എഴുതിയ കവിതയ്ക്ക് അന്ന് ഒന്നാം സ്ഥാനം കിട്ടി. അതാണ് കവിതയിലെ എൻ്റെ ആദ്യത്തെ വിലമതിക്കാനാവാത്ത പുരസ്ക്കാരം.  എൻ്റെ ആദ്യസമാഹാരം ഇതേ സ്ക്കൂളിലാണ് പ്രസിദ്ധീകൃതമായത്. എന്നതും ഒരു നിയോഗമായിരുന്നു

കോളേജ് പഠനകാലത്ത് എൻ്റെ സാഹിത്യം മൗനത്തിൻ്റെ കവചമണിഞ്ഞ് ഏകാന്തതയുടെ മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിച്ചു, കവിത നോട്ട് ബുക്കുകളിൽ കുറിച്ചിരുന്നു എങ്കിലും കോളേജ് മാഗസിനിൽ പോലും പ്രസിദ്ധീകരിക്കാൻ കൊടുത്തിരുന്നില്ല. ആൾക്കൂട്ടം എന്ത് പറയും എന്നൊരു മൈൽഡ് ഫോബിയ അന്നുണ്ടായിരുന്നു.

ഞാൻ പഠിച്ച ബസേലിയസ് കോളേജിലും, സി എം എസ് കോളേജിലും നല്ല ലൈബ്രറികൾ ഉണ്ടായിരുന്നു. വായന തുടർന്നു എങ്കിലും എഴുതിയത് എവിടെയും പ്രസിദ്ധീകരിക്കാനുള്ള ധൈര്യം ഉണ്ടായില്ല.  മറ്റൊരു പേരിൽ ചില സൃഷ്ടികൾ  ഞങ്ങളുടെ  സമാജം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു .

മരണം മഹാജാലമതിവിസ്മയം

ശിരോലിഖിതത്തിനവസാനവചനം

ഇങ്ങനെയൊരു കവിതയെഴുതിയതിന് അമ്മ ശകാരിക്കുകയും ചെയ്തു. 

പിന്നീട് ഭാരതം കരയുന്നു പ്രിയദർശിനി  നിൻ്റെ

ഘോരമാം വിധിയോർത്ത് നടുങ്ങി വിറയ്ക്കുന്നു..

 എന്നൊരു കവിത സമാജം മാസികയിൽ പേര് വച്ച് എഴുതി.

           ഓ എൻ വി സാറിൻ്റെയും, സുഗതകുമാരി ടീച്ചറുടെയും കവിതകളൊക്കെ ഞങ്ങൾ പഠനകാലത്ത് പഠിച്ചിരുന്നു. അതൊക്കെ വീണ്ടും വീണ്ടും വായിക്കുക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും സന്തോഷകരമായ സാഹിത്യാനുഭവങ്ങൾ. വയലാറിൻ്റെ വൃക്ഷം വായിച്ച് അത്ഭതപ്പെട്ടതും ഇക്കാലത്താണ്

        ആരുമറിയാതെ  എഴുതിയും വായിച്ചു, എൻ്റെ സാഹിത്യലോകം അധികമൊന്നും ആരവങ്ങളുണർത്താതെ വീട്ടിൽ തന്നെ ചുരുങ്ങി എന്നതാണ് സത്യം.

? എഴുത്തിന് ഇടവേള വന്നു എന്ന് പറഞ്ഞുവല്ലോ, വിശദീകരിക്കാനാകുമോ

സത്യമാണ്. നീണ്ട രണ്ട് ദശാബ്ദങ്ങളുടെ ഇടവേള. പുറം കേരളത്തിലേയ്ക്ക് യാത്രയായപ്പോൾ കൂടുതൽ വായിച്ചത്  ഇംഗ്ളീഷ് കവിതകളും, സെലക്റ്റഡ് നോവലുകളുമാണ്. അക്കാലത്ത് എൻ്റെ ഒരു ബന്ധുസഹോദരൻ ഇവിടെയെത്തി. മധുസൂദനൻ നായർ സാറിൻ്റെ നാറാണത്ത് ഭ്രാന്തൻ കാസറ്റ് കേൾക്കാനായി തരികയുണ്ടായി. കവിതയുടെ കാസറ്റുകളിലൂടെ വീണ്ടും മലയാളകവിത മനസ്സിലേയ്ക്ക് നിറഞ്ഞെത്തി.

       പിന്നീട് ബ്ളോഗ് യുഗമാരംഭിച്ചു. പല ഓൺലൈൻ കവിതാവേദികളുണ്ടായി. നീണ്ട ഇടവേളയ്ക്ക് ശേഷം 2007ൽ അമൃതവർഷിണി എന്ന ബ്ളോഗിൽ  വീണ്ടും മലയാളകവിത എഴുതിത്തുടങ്ങി. കവിത മാറ്റത്തിൻ്റെ കാലഘട്ടത്തിലൂടെ കടന്ന് പോയ്ക്കൊണ്ടിരുന്ന കാലഘട്ടം. അതിന് ശേഷം അവിഘ്നമസ്തു എന്നൊരു കവിത എഴുതി.

ഹിമശിരസ്സിൽ നിന്ന് ഞാനൊഴുകും

ഭഗീരഥവചനമായ് ഞാൻ വീണ്ടുമൊഴുകും

മൃത്യുപാശത്തിൻ നിശബ്ദമാം തന്തുവിൽ

മൃത്യുഞ്ജയം പാടി ഞാനുണരും

എങ്ങോ മുറിഞ്ഞ് വേരറ്റൊരൻ

ജീവാക്ഷരങ്ങളെ ചേർത്ത് വച്ചെഴുതും

          ഈ കവിത സമാജം മാസികയിൽ വായിക്കാനിടയായ എൻ്റെ ഗ്രാമത്തിലെ സാംസ്ക്കാരിക, സാമൂഹിക സേവകനും പഞ്ചായത്ത് മെംബറുമായ ശ്രീ ബി ഉണ്ണികൃഷ്ണൻ കവിതകളെല്ലാം ചേർത്ത് പുസ്തകമാക്കണമെന്ന് ഓർമ്മിപ്പിച്ചു.

കവിതയും എൻ്റെ മനസ്സിലിരുന്ന് വിസ്ഫോടനങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു. അത്രയൊന്നും പ്രതീക്ഷയില്ലെങ്കിലും മനസ്സിലെ കവിതയുടെ അധികമായ ധൈര്യത്തിൽ ഞാൻ ആദ്യസമാഹാരത്തിൻ്റെ പണിപ്പുരയിലേർപ്പെട്ടു. 2009ൽ തുടങ്ങിയ എഡിറ്റ് ചെയ്തിട്ടും മതിയാകാതെ 300 കവിതയുമായി അറിയപ്പെടുന്ന ഒരു റഫറൻസും ഇല്ലാതെ കവിത മാത്രം കൂടെക്കൂട്ടി ഞാൻ കേരളത്തിലേയ്ക്ക് യാത്രയായി. ഡി സി പ്രസിൽ കവിത പ്രിൻ്റ് ചെയ്തെടുക്കാമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. അങ്ങനെ ഞാൻ ഡി സി പ്രസ്സിലെത്തി.

ഡി സിയിലെ ബാബുസാർ വളരെയധികം സഹായിച്ചു. അവിടെയുള്ള ഓ വി വിജയൻ മുറിയിലിരുന്ന് ഞാനും ഷൈലയും പ്രൂഫ് വായിച്ചു. എത്രയൊക്കെ കറക്ഷനുകൾ വരുത്തിയാലും എപ്പോഴും ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ പ്രൂഫ് വായിച്ച് കൂടെയിരുന്ന ഷൈല പിന്നീട് ഒരു ബൈക്കപകടത്തിൽ മരിച്ചത് എന്നെ വളരെയേറെ ദു:ഖിപ്പിച്ചു. 

?  സാഹിത്യലോകത്തെ പ്രഗത്ഭരുടെ അവതാരികൾ കവിതയ്ക്ക് കിട്ടി എന്ന് അറിയാനായി. അതിനെ കുറിച്ച് പറയാനാകുമോ?

ഞാൻ ഉപാസിച്ച കവിത തന്ന അനുഗ്രഹങ്ങളാണ് അതെല്ലാം.  അത്രമാത്രം ആത്മാർത്ഥതയോടെയാണ് ഞാൻ സാഹിത്യത്തെ ഉപാസിച്ചത്. നിഷ്ങ്കളങ്കമായ ഒരു ഭക്തി എനിയ്ക്ക് സാഹിത്യത്തോടുണ്ടായിരുന്നു.

പുസ്തകത്തിന് അവതാരിക വേണ്ടേ എന്ന് ബാബുസാർ ചോദിച്ചപ്പോൾ സാഹിത്യലോകത്തെ ബാല്യത്തിൽ അക്ഷരം പഠിക്കുന്ന ഞാൻ എവിടെയാണ് അത് കണ്ടെത്തേണ്ടത് എന്ന ചോദ്യം മനസ്സിലുണ്ടായി. ഞാൻ സ്നേഹിച്ചാരാധിച്ച കവിതയുടെ പ്രേരണയാൽ

2010ലെ ജൂൺമഴക്കാലത്ത് എഴുതിക്കൂട്ടിയ കവിതയുമായി ഓ എൻ വി സാറിനെ കാണാനായി യാത്ര തിരിച്ചു. ഞാൻ ഏറ്റവും ബഹുമാനിച്ചാദരിച്ചിരുന്ന ഓ എൻ വി സാർ എൻ്റെ കവിത വായിക്കുകയും അനുഗ്രഹിക്കുയും ചെയ്തത് കവിത എനിയ്ക്ക് തന്ന വിലമതിയ്ക്കാനാവത്ത പുരസ്ക്കാരമാണ്. പിന്നീട് അതേ കവിത തന്നെ എന്നെ കൈപിടിച്ച് സുഗതകുമാരിടീച്ചറുടെ അനുഗ്രഹം  എൻ്റെ സൂര്യകാന്തം എന്ന കവിതാസമാഹാരത്തിന് കൈയൊപ്പേകി തന്നു.  കലാനിലയം ബാബുച്ചേട്ടൻ്റെ നിർബന്ധത്താൽ മഹാകവി അക്കിത്തത്തെ കാണുവാനായതും അർദ്ധനാരീശ്വരമെന്ന കവിതാസമാഹാരത്തെ അദ്ദേഹം അനുഗ്രഹിക്കാനായതും കവിത എനിയ്ക്ക് തന്ന  വിശേഷപ്പെട്ട പുരസ്ക്കാരമാണ്.  കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം എന്ന സമാഹാരത്തിന് സച്ചിമാഷിൻ്റെ സന്ദേശം ലഭിക്കാനിടയായതും കവിതയുടെ അനുഗ്രഹമാണ്. ബാലചന്ദ്രൻ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാർ, കെ പി സുധീര, സുധാകരൻ രാമന്തളി,  കണക്കൂർ  സുരേഷ് കുമാർ .......    

        ഇങ്ങനെയുള്ള പല പ്രഗത്ഭരുടെയും  നല്ല വാക്കുകൾ കവിതയെ ഉപാസിച്ചതിന് ലഭിച്ച അനുഗ്രഹങ്ങളാണ്.  . 2021ൽ ശരത്ക്കാലം എന്ന എൻ്റെ പുതിയ  സമാഹാരം ഞാൻ ടി പദ്മനാഭൻ സാറിന് അയച്ച് കൊടുത്തിരുന്നു. പുസ്തകദിനത്തിൽ അദ്ദേഹം  കവിത കിട്ടിയെന്ന് ഫോൺ ചെയ്ത് പറഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. ഈ സമാഹാരത്തേപ്പറ്റി ടി പദ്മനാഭൻ സാർ നല്ല അഭിപ്രായം പറഞ്ഞു എന്ന്  സുകുമാരൻ മാഷ് പെരിയച്ചൂർ ഫേസ് ബുക്കിൽ ഒരു കമൻ്റ് പോസ്റ്റ് ചെയ്തത് വായിച്ചുണ്ടായ സന്തോഷവും ഇതോട് ചേർത്ത് വയ്ക്കുന്നു.

 ?  കഥാലോകത്തേയ്ക്ക് എങ്ങനെയാണ് കടന്ന് വന്നത്.

ഒരു പ്രവാസികഥാമൽസരത്തിൽ സമ്മാനം ലഭിച്ചു. എൻ്റെ ചേച്ചി ശ്രീദേവി നിർബന്ധിച്ചയച്ച് തന്ന കഥാമൽസരവാർത്തയിൽ  നിന്നാണ് തുടക്കം. കഥ എഴുതാനാവുമെന്ന് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല. അധികം കഥകൾ എഴുതിയിട്ടില്ല. വളരെ സ്പെഷ്യൽ ആയ ത്രെഡ് മനസ്സിൽ വന്നാൽ മാത്രം കഥയെഴുതുന്ന ഒരാളാണ്  ഞാൻ.  എനിയ്ക്ക് കഥയെഴുതാനാവും എന്ന് എൻ്റെ സുഹൃത്തുക്കൾ പറയുമ്പോൾ ആദ്യമുണ്ടായിരുന്ന അതിശയം ഇപ്പോൾ അല്പം കുറഞ്ഞ് മനസ്സിൽ ധൈര്യം വന്ന് തുടങ്ങിയിട്ടുണ്ട്.

?  സാഹിത്യത്തിൽ നവമാദ്ധ്യമങ്ങളുടെ പ്രസക്തി

നവമാദ്ധ്യമങ്ങളും, ഫേസ്ബുക്ക്, വാട്ട്സ് അപ് ഇവയൊക്കെ  സാഹിത്യലോകത്തിൽ പുറംകേരള എഴുത്തുകാരെ വളരെയധികം സഹായിക്കുന്നുണ്ട്. എത്രയോ മനോഹരമായ കവിതകൾ ഞാൻ ഫേസ് ബുക്കിൽ വായിച്ചിരിക്കുന്നു

സാഹിത്യത്തെ നിരൂപകദൃഷ്ടിയോടെയല്ല ഞാൻ സമീപിക്കുന്നത്. ഉപാസകയുടെ ഭാവത്തിലാണ്. നിരൂപണത്തിൻ്റെ പ്രൗഢത ബുദ്ധിപരമാണ്. ജ്ഞാനയോഗവും, ഭക്തിയോഗവും പോലെ രണ്ട് തലമാണത്. കവിതയെ നിഷ്ങ്കളങ്കമായ ഭക്തിയോടെ ആരാധിക്കുന്ന ഒരാളാണ് ഞാൻ.  നിരൂപണത്തിലെ ബുദ്ധിപരതയിലൂടെ ഒരു സൃഷ്ടിയെ ഉയർത്താനാവും പക്ഷെ ആത്യന്തികമായ സത്യഭാവത്തിലാണ് ഞാൻ കവിതയെ ഉപാസിക്കുന്നത്. ആ ഉപാസനയിൽ നിന്നുണരുന്ന എൻ്റെ  കവിതകൾ വായിക്കപ്പെട്ടത് കൂടുതലും നവമാദ്ധ്യമങ്ങളിലൂടെയും, വിശേഷപ്പെട്ട ഓൺലൈൻ പോർട്ടലുകളിലൂടെയും, ചെറിയ വലിയ സാഹിത്യകൂട്ടായ്മകളിലൂടെയുമാണ്.

അങ്ങനെയൊരു കൂട്ടായ്മയിലൂടെയാണ് ഞാൻ ഗോവയിലെത്തിയതും ഗോവയിലെ സാഹിത്യലോകത്തെ പരിചയപ്പെടാനായതും നമ്മൾ സുഹൃത്തുക്കളായതും.

ഫേസ് ബുക്കിൽ ഇന്ന് വായിച്ച കവിതയിലൂടെ ഒരു കവിത പോസ്റ്റ് ചെയ്യുന്ന  കുരീപ്പുഴ മാഷ്, സുരേഷ് കുറുമുള്ളൂർ, ടി കെ ഉണ്ണിമാഷ്, അന്തിക്കാട് മാഷ്  ഇവരൊക്കെ പുറം കേരളനിവാസികളായ ഞങ്ങളുടെ കവിതകളും തിരഞ്ഞെടുത്തിട്ടുണ്ട് എന്നത് സന്തോഷം തരുന്നു. നവമാദ്ധ്യമങ്ങളിലൂടെ എഴുത്തിൻ്റെ വിശാലലോകമാണ് നമുക്ക് മുന്നിലിപ്പോൾ ഉള്ളത്. ഫേസ് ബുക്ക് എഴുത്ത് മാത്രമല്ല ഒരു വിരൽതുമ്പിലൂടെ വിശ്വസാഹിത്യത്തെ അറിയാനാവുന്നു എന്നതും സന്തോഷകരമാണ്. എത്രയേറെ സൗഹൃദങ്ങളാണ് ഈ ലോകം നമുക്കേകിയത്. 

പുസ്തകത്തിലെ അച്ചടിമഷിപ്പാട് പുരണ്ട അക്ഷരങ്ങൾ നമുക്ക് തരുന്ന ഗൃഹാതുരത്വം പോലെയുള്ള  ഫീൽ ഇന്നുമുണ്ട്.     നന്നായി എഴുതാനറിയുന്ന അനേകം  എഴുത്തുകാർ നമുക്ക് ചുറ്റുമുണ്ട്.  അതിനാൽ നമ്മുടെ തന്നെ സൃഷ്ടികളോട് മൽസരിച്ച് ഏറ്റവും ഉത്തമമായ സർഗ്ഗാത്മകസൃഷ്ടികൾക്കായി പരിശ്രമിക്കുക എന്നതാണ് ഇന്നിൻ്റെ ആവശ്യം.

 ?  പുറം കേരളത്തിൻ്റെ പരിമിതികൾ

പുറംകേരള/പ്രവാസി എഴുത്തുകാർ എലമെൻ്ററി ലെവൽ എഴുത്തുകാരെന്ന് പറയപ്പെടുന്ന  ഇടങ്ങളിലിരുന്നാണ് നമ്മളൊക്കെ  എഴുതുന്നത്.  ഉത്തരവാദിത്വത്തിൻ്റെ, നഗരപ്പെരുക്കങ്ങളുടെ, ജീവസന്ധാരണത്തിൻ്റെ ബാലൻസ് ചെയ്യപ്പേടണ്ടതായ പല  ത്രാസുകൾ അവർക്ക് ചുറ്റുമുണ്ട്. എഴുതുന്നത്  വായിക്കപ്പേടേണ്ടതിൻ്റെ ആവശ്യകതയാണ് മുഖ്യം.. വായനയുടെ പരിമിതിയും അവർക്കുണ്ട്. പരിമിതികളിൽ നിന്ന് എഴുത്ത് തുടരുന്ന പ്രവാസിസാഹിത്യലോകത്തിന് ഇന്ന് ഗൂഗിൾ/ സൂം മീറ്റുകളിലൂടെ ഒരു പരിധി വരെ ഒന്നിച്ചിരുന്ന് സാഹിത്യസംവാദങ്ങളിലേർപ്പെടാനാകുന്നുണ്ട്. സാഹിത്യോപാസകരായ അനേകം സുമനസ്സുകൾ കേരളത്തിന് പുറത്തുണ്ട് എന്നതിൽ സന്തോഷിക്കുന്നു.

  ? സാഹിത്യലോകത്ത് അനേകം  പുരസ്ക്കാരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ

സാഹിത്യത്തിലേയ്ക്ക് വളരെ വൈകി വന്ന ആളാണ് ഞാൻ. ബെറ്റർ ലേറ്റ് ദാൻ നെവർ എന്ന പോലെ.

പുരസ്ക്കാരത്തിന് വേണ്ടി എഴുതുന്ന ആളല്ല ഞാൻ.  ഒരു മൽസരത്തിൽ പങ്കെടുക്കുമ്പോൾ ഒരു നല്ല സൃഷ്ടിയ്ക്ക് വേണ്ടി കൂടുതൽ പരിശ്രമിക്കാറുണ്ട് എന്നത് സത്യമാണ്  എന്നോട് തന്നെ മൽസരിക്കാനാവുന്ന ഒരു വിശേഷപ്പെട്ട അവസരമായി കരുതി മൽസരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഒരു നല്ല സൃഷ്ടി രചിക്കാനുള്ള അവസരമായി മൽസരങ്ങളെ കാണുന്ന ഒരാളാണ് ഞാൻ.

എൻ്റെ പല സൃഷ്ടികളും വായിച്ചതിന് ശേഷം കവിത മനസ്സിലുള്ള ആളെന്ന് തീർച്ചയാക്കിയതിന് ശേഷം ലഭിച്ച ചില അംഗീകാരങ്ങളിൽ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സാഹിത്യലോകത്തെ അറിയാൻ ഇത് സഹായിക്കും കലാപൂർണ്ണയിലെ സുഖമതോ ദേവി എന്ന കവിത വായിച്ചതിന്  ശേഷം പഴയ സ്ക്കൂൾകാലസുഹൃത്തായ ഗീതബക്ഷി അവരുടെ ചാനലിൽ എൻ്റെ കവിതോപാസനയ്ക്ക് ഒരംഗീകാരം തന്നത് സ്നേഹത്തോടെ സ്മരിക്കുന്നു.  എൻ്റെ കവിതകൾ സ്ഥിരമായി വായിക്കുന്ന അനേകം കവിതാസ്നേഹികൾ ഉണ്ട്.  പേര് പറയാത്തത് ഒരാളെ അറിയാതെ വിട്ട് പോയാലുണ്ടായാൽ എനിയ്ക്ക് തന്നെ ഉണ്ടായേക്കാവുന്ന സങ്കടം  ഒഴിവാക്കാനാണ്. മൽസരത്തിനായി എഴുതുന്ന കവിതകൾ ആദ്യം വായിക്കുന്നത് എൻ്റെ അനിയത്തിക്കുട്ടിയാണ്. വായിച്ച് അർത്ഥം മനസ്സിലാക്കി ഏറ്റവും ബെസ്റ്റ് തിരഞ്ഞെടുത്ത് തരുന്നതിനായി ഇടയ്ക്കിടെയ്ക്ക്  ഞാൻ നിർബന്ധിക്കുന്ന ഒരാളാണ് രാമോൾ. എൻ്റെ എഴുത്ത് ഭ്രാന്തിൽ അലങ്കോലപ്പെടുന്ന വീട്ടിൽ കലഹവും, ശുണ്ഠിയുമുണ്ടാകാറുണ്ടെങ്കിലും എഴുതാൻ പ്രോൽസാഹനം തരുന്ന ഹസ്ബൻ്റും  ഇവിടെ പ്രത്യേക പരാമർശം അർഹിക്കുന്നു

പുരസ്ക്കാരങ്ങൾ സ്ക്കൂൾ റാങ്കുകൾ പോലെയാണ്. നമ്മളെ ശ്രദ്ധിക്കപ്പെടാൻ അത് സഹായിക്കും..

മെയിൻ സ്ട്രീമിൽ എഴുതിയാൽ മാത്രമേ സാഹിത്യകാരൻ എന്ന് അംഗീകരിക്കപ്പെടുകയുള്ളൂ എന്നതും ഇതേ പോലെയൊരു അവസ്ഥയാണ്. എത്ര പരിശ്രമിച്ച് ഒരു കവിത എഴുതിയാലും പൊതുസമൂഹം അത് വായിക്കുകയോ അംഗീകരിക്കുകയോ ചെയ്തു എന്ന് വരില്ല. പക്ഷെ ഒന്നാം സമ്മാനം കിട്ടിയ കവിത എന്ന് പറയുമ്പോൾ എന്താണ് അതിലെന്നൊരു കൗതുകം ഉണ്ടാവുകയും വായിക്കപ്പെടുകയും ചെയ്യുന്നു. കവിതയറിയുന്ന, വളരെ ഔന്നത്വമേറിയവർ നമ്മൾ എഴുതുന്നത് നല്ല കവിതയാണെങ്കിൽ അതിനെ അംഗീകരിക്കും. 

സൃഷ്ടികളിൽ നിന്ന് പേരുകളിലേയ്ക്ക് ഇപ്പോൾ അവാർഡുകൾ സഞ്ചരിക്കുന്നു. സൃഷ്ടിയെക്കാൾ പേരുകൾക്ക് മഹത്വമുണ്ടാകുന്നതിനാൽ പേരെടുക്കാനാണ് ഇന്ന് എഴുത്തുകാർ കൂടുതൽ ശ്രദ്ധിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

എങ്കിലും ഉത്തമസാഹിത്യം നിലനിൽക്കും എന്നൊരു വിശ്വാസം ഉണ്ട്.

സാഹിത്യത്തെ ഉപാസിക്കുന്നവർ നിഷ്ക്കളങ്കഭക്തരെപ്പോലെയാണ്. അവർക്ക് മാൽസര്യത്തെക്കാൾ ഉപാസനയിലാണ് താല്പര്യം .  എങ്കിലും സാഹിത്യം സമൂഹത്തിലൂടെ സഞ്ചരിക്കുമ്പോൾ സങ്കുചിതത്വത്തിൻ്റെ ചില കൈകടത്തലുകൾ അലോസരം സൃഷ്ടിക്കാറുണ്ട്. അവിടെ സ്വയം പിന്മാറുക മാത്രമേ നമുക്ക് ചെയ്യാനാവൂ. സാഹിത്യം വിശാലമായ ഒരു ക്യാൻവാസാണ് അതിൽ നമ്മുടെ കൈയൊപ്പിനായി ഒരു സൃഷ്ടി കാത്തിരിക്കുന്നുണ്ട്. ഉപാസനയിലൂടെ  അത് സ്വായത്തമാക്കാനാവും.

? പുതിയ പുസ്തകങ്ങൾ

ഒരു നോവൽ പൂർത്തിയാക്കാനുണ്ട്, രണ്ട് കവിതാ സമാഹാരങ്ങളുടെ പണിപ്പുരയിലാണ്. ലേഖനസമാഹാരം, വായനാനുഭവങ്ങൾ കുറെയേറെ എഴുതിതീർക്കേണ്ടതുണ്ട്. ഒരു ട്രാൻസലേഷൻ പൂർത്തിയാക്കണം. സമയവും ഞാനും എന്നും യുദ്ധത്തിലാണ്.

?എഴുത്തിൽ സംതൃപ്തയാണോ

തീർച്ചയായും . എഴുതുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഒരിക്കലും യാഥാർഥ്യമാകുമെന്ന് വിശ്വസിച്ചിരുന്നില്ല ഒരു സ്വപ്നമായി മാഞ്ഞ് പോയേക്കാമായിരുന്ന  അവസ്ഥയിൽ നിന്ന് ഇത്രയെങ്കിലും എഴുതാനായതിൽ സാഹിത്യലോകത്തെ മഹാരഥന്മാരുടെ അനുഗ്രഹം ലഭിക്കാനായതിൽ സന്തോഷിക്കുന്നു. 

വിശ്വസാഹിത്യത്തിൻ്റെ വിശാലലോകത്തെ അറിയാൻ ഒരായ്ഷ്ക്കാലം മതിയാകില്ല. എങ്കിലും സമുദ്രത്തിലെ ഒരു ജലകണം പോലെയെങ്കിലും  വായിക്കാനും എഴുതാനുമായതിൽ സന്തോഷമുണ്ട്.  

സന്തോഷങ്ങൾക്കിടയിലും നിരാശാജനകമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അപ്പോൾ Auguries of Innocence എന്ന കവിതയിൽ വില്യം ബ്ളേക് എഴുതിയ വരികൾ ഓർമ്മിക്കും. 

To see a World in a Grain of Sand. And a Heaven in a Wild Flower. Hold Infinity in the palm of your hand. And Eternity in an hour.

 ടാഗോർ പറയും പോലെ ജീവിതത്തിൻ്റെ വിടവുകളെ അങ്ങനെ തന്നെ വിട്ടേക്കുക. ഓടക്കുഴലിലെ സുഷിരങ്ങളിൽ നിന്ന് അതിമധുരമായ സംഗീതം ഉറവ കൊള്ളും പോലെ............. 
 

 

 

Share :