Archives / july 2021

കുളക്കട പ്രസന്നൻ
മഴക്കാലം

വരൾച്ചയാകുമ്പോൾ നമ്മൾ പറയും ഒന്നു മഴ പെയ്തിരുന്നുവെങ്കിൽ എന്ന്. മഴ തിമിർത്ത് പെയ്യുമ്പോഴോ , ശ്ശൊ ഈ മഴയൊന്ന് മാറിയെങ്കിലെന്നാവും നമ്മുടെ സംസാരം. ഇതൊക്കെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മഴ വരും വരൾച്ചയും വരും. അതാണ് പ്രകൃതി.

കേരളത്തിൽ മഴയ്ക്കും വരൾച്ചയ്ക്കും  ഒരു കാലചക്രമുണ്ട്. ഇടവപ്പാതി , തുലാമഴ, വേനൽമഴ എന്നതുപോലെ ഏപ്രിൽ, മെയ് മാസങ്ങളിലെ വരൾച്ചയും പണ്ടുമുതലെ കേരളത്തിൻ്റെ രീതിയാണ്.   പുഴയും കിണറുകളും കൊണ്ട് ധാരാളിത്തം കാട്ടാൻ കഴിയുന്നത് ആവശ്യമായ മഴ ലഭിക്കുന്നതു കൊണ്ടാണ്. ഇതു നമ്മുടെ കൃഷിക്കും സഹായമാണ്.

മഴ പെയ്ത് വയലുകൾ നിറഞ്ഞാൽ ഒഴുകി പോകാൻ തോടുവെട്ടിയും റോഡിൻ്റെ ഇരുഭാഗത്തും തടസ്സമാകാതെ വെള്ളം ഒഴുകാൻ കലുങ്ക് നിർമ്മിച്ചും പോന്നിരുന്നു. ഇവയൊക്കെ കൃഷിസംരക്ഷണത്തിനു വേണ്ടിയായിരുന്നു.

കൃഷിക്ക് കേരളീയർ പ്രാധാന്യം നൽകാതെ ആയതോടു കൂടി കലുങ്കും തോടും അപ്രത്യക്ഷമായി. കുന്നും കുഴിയുമായ മലയാള നാടിനോട് ഒരുപാട് ദ്രോഹം  ചെയ്തു. അതിനൊക്കെ പരിഹാരം കാണുക പ്രയാസമാണ്. 

പറഞ്ഞു വന്നതു മറ്റൊരു വിഷയത്തിലേക്കാണ്. ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, തുടങ്ങിയ കൃഷി ഏപ്രിൽ പകുതിയോടെ തുടങ്ങുന്നതാണല്ലോ. ഇവ കിളിച്ചുതുടങ്ങുമ്പോഴേക്കും അപ്രതീക്ഷിതമായി മെയ് പതിമൂന്നോടെ ടൗട്ടേ ചുഴലിക്കാറ്റും ശക്തമായ മഴയും വന്നു. അതൊന്നു മാറിയപ്പോഴേക്കും അടുത്ത മഴ എത്തി. ഇനി ഇടവപ്പാതിയുണ്ട്.  കർഷകരെ ദുരിതത്തിലാക്കും വിധം മഴപരമ്പരയാണ്.

ഏപ്രിൽ, മെയ് മാസങ്ങളിൽ മാങ്ങയും ചക്കയും ലഭിക്കുന്ന സമയമാണ്. അതിതീവ്ര മഴ കാരണം മാങ്ങ കേടായും ചക്കയ്ക്കുള്ളിൽ വെള്ളം കയറിയും  നശിക്കുന്നു. കൊവിഡ് കാരണം ദുരിതത്തിലായ കേരളീയരെ ഒരു പരിധി വരെ പട്ടിണിയിൽ നിന്നും കരകയറ്റിയത് ചക്കയാണ്. 2020 ഏപ്രിൽ മുതൽ കരിമുള്ളും ചക്കക്കുരുവിലെ കരിന്തൊലിയും ഒഴിച്ച് ചക്ക വിഭങ്ങളുടെ പരീക്ഷണ കാലഘട്ടമാണ്. 

മഴ എല്ലാ കാലത്തും കവികൾക്കും കഥാകൃത്തുകൾക്കും വിഷയമാണ്. ചിലർക്ക് പ്രണയ വിഷയം. മറ്റു ചിലർക്ക് ദുരിത പെയ്ത്ത്.  ഇവിടെ മഴ അനുഗ്രഹവും അനാഥത്വവും സമ്മാനിക്കും.

തുടർ മഴ മൂലം കർഷകർക്കും കർഷക തൊഴിലാളികൾക്കും മത്സ്യതൊഴിലാളികൾക്കും നിർമ്മാണ തൊഴിലാളികൾക്കും തുണി അലക്കു തൊഴിലാളികൾക്കും മറ്റും ഉണ്ടാവുന്ന ജീവത് പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. തെരുവിലലയുന്ന മനുഷ്യരുടെ വിഷമതകൾ കൂടി ഇവിടെ പ്രസ്താവ്യമാണ്.

മഴക്കാലത്ത്  പനി മൂലം ആശുപത്രികൾ സാധാരണ നിറയാറുണ്ട്. എന്നാൽ കൊവിഡ് 19 ൻ്റെ പ്രതിരോധത്തിൻ്റെ ഭാഗമായി മഴക്കാല രോഗങ്ങൾക്ക് ആശുപത്രികളെ സമീപിക്കുക എന്നത് മറ്റൊരു ദുരവസ്ഥയാണ്. 

മഴക്കാലത്താണ് റോഡപകടങ്ങൾ കൂടുതലുണ്ടാവുക. റോഡിലെ കുഴികളിൽ വെള്ളം കെട്ടി കിടന്നാൽ ഒരപരിചിതന് ബുദ്ധിമുട്ടുണ്ടാവും. വാഹനങ്ങളിലേക്ക് തെറിച്ചുവീഴുന്ന മഴത്തുള്ളികൾ ഡ്രൈവർമാർക്ക് വാഹനമോടിക്കൽ സുഗമമാകില്ല. 

വെള്ളക്കെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ട് കൂത്താടികളാവുകയും അത് കൊതുക് പെരുകി മന്ത്, മലേറിയ തുടങ്ങിയ രോഗവാഹകരാകുന്നതും വലിയൊരു പ്രശ്നമാണ്.

കേരളത്തിൽ മഴയത്ത് ചോർന്നൊലിക്കുന്ന എത്രയോ കുടിലുകൾ ഉണ്ടാവും. അതും ഈ മഴക്കാലത്തെ വേദനയാണ്. ഈ വേദനകൾ ഒക്കെ പങ്കു വയ്ക്കുമ്പോഴും ലഭിക്കുന്ന മഴവെള്ളം ഭൂമിയിലേക്ക് അരിച്ചിറങ്ങാനും നാളെയുടെ ജലസമൃദ്ധിക്കായി ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി വേണ്ടതില്ലെ ? മണ്ണൊലിപ്പ് തടയാനും വേണം പദ്ധതി. ഇവ പ്രാദേശിക സർക്കാരിൻ്റെ മേൽനോട്ടത്തിൽ തന്നെ ജനപങ്കാളിത്തത്തോടു കൂടി നടപ്പിലാക്കണം.

മഴക്കാലത്ത് ഓട്ടോറിക്ഷകൾക്ക് പതിവിൽ കൂടുതൽ ഓട്ടം കിട്ടാറുണ്ട്. പിന്നെ കുട കമ്പനികൾക്ക് സന്തോഷം. ഇവിടെ ഒരു കൂട്ടരെ ഓർക്കേണ്ടതുണ്ട്. തെരുവോരങ്ങളിൽ ഇരുന്ന്  കീറിയതും ഒടിഞ്ഞതുമായ കുട നന്നാക്കി തരുന്നവർ. അവരെ ഇപ്പോൾ തെരുവുകളിൽ കാണാറുണ്ടോ ? അപൂർവ്വമായി കാണാം. 

കമൻ്റ് : മഴക്കാലത്ത് ചക്കക്കുരു പുഴുങ്ങിയതും ചുക്കുകാപ്പിയും ഉന്മേഷം നൽകും. ഇത് പരസ്യവാചകമല്ല.
 

Share :