Archives / April 2021

  ദിവ്യ സി ആർ
അമ്മയോർമ്മകൾ..

" മരണത്തിന് അത്രമേൽ തണുപ്പുണ്ടായിരുന്നോ..?" - സുദീർഘമായൊരു മൗനത്തിനുശേഷം

" അറിയില്ല..!" മനസ്സ് അങ്ങനെ മൂളി.

 ശരീരത്തിൻെറ നേർത്ത ചൂട് വലിച്ചെടുത്ത് വിറങ്ങലിച്ച് അസ്ഥിത്തണ്ട് മാത്രമായി അമ്മയുടെ ശരീരം മാറിയെന്നറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ്. പക്ഷേ കാശ്മീരിലെ തണുപ്പിൽ തന്റെ ശരീരം തണുത്തില്ല. പട്ടാളക്യാമ്പിലെ വെടിമുഴക്കളും യുദ്ധകോലാഹലങ്ങളും തലച്ചോറിൽ ഒരു ഭാവഭേദവുമുണ്ടാക്കിയില്ല. മൈനസ് ഡിഗ്രിയിൽ തണുത്ത മഞ്ഞുകട്ടകൾക്ക് പ്രത്യേകിച്ചൊരു മരവിപ്പിൽ തന്നെ തളയ്ക്കാൻ കഴിയാതെ പോയതുപോലെ..

       " അമ്മ..! " ഏതൊരു അന്തരാത്മാവിനെയും ആഴത്തിൽ സ്പർശിക്കുന്ന സ്നേഹം. മൈലുകളോളം നീളുന്ന മഞ്ഞുപാടത്തിൽ എവിടെയോ നിന്നോടിയെത്തുന്ന അമ്മയുടെ ശബ്ദം.

" മോനെ..! "

  വിദൂരതയിൽ നിന്നും ഇടറിമാറുന്ന ശബ്ദവീചികൾ..

ഭ്രാന്തമായി അതിന്റെ പിന്നാലെ പോവുകയും അതിദയനീയമായി പരാജിതനാവുകയും ചെയ്ത എത്രയെത്ര രാവുകൾ ! പെട്ടെന്നൊരു നിമിഷം കൊണ്ട് ഈ ഭൂമിയിൽ താൻ അനാഥനാണെന്ന സത്യം എന്തുകൊണ്ടോ ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു. യുദ്ധമുഖത്ത് മരിച്ചുവീഴുന്ന ശരീരങ്ങളോട് വീരയോദ്ധാക്കൾക്ക് ആത്മശാന്തി നേർന്ന പട്ടാളക്കാരൻെറ മനസ്സ് ; ജനിമൃതികളുടെ നിസ്സാരത മനസിലാക്കിയ തനിക്കിതെങ്ങനെ വൈകാരികമായി ചിന്തിക്കാൻ കഴിയുന്നുവെന്നതിൽ അത്ഭുതം തോന്നി.

     മരണവാർത്തയറിഞ്ഞ് നാട്ടിലെത്താൻ വീണ്ടും ദിവസങ്ങൾ കഴിഞ്ഞു. "അമ്മ" എന്ന നന്മ ഒരുപിടി ചാരമായി മാറിയ തൊടിയിൽ വേദനകളെ തെളിനീർ ചോലയിലൊഴുക്കി, ഓർമ്മകൾ ഒരു പിടി ബലിച്ചോറിനായി പരതി.

        അതീവദു:ഖത്തിൽ മരവിച്ച മനസ്സിൽ മറ്റൊരു വികാരവും കടന്നുവരാതെ വാശിപിടിച്ചു. രാവും പകലും അലസമായി തങ്ങിനിന്ന അമ്മയോർമ്മകളെ വീടിന്റെ ഓരോ മൂലകളും ഉണർത്തിക്കൊണ്ടേയിരുന്നു. അമ്മയുടെ സാമീപ്യമുള്ള, അന്ത്യശ്വാസം തങ്ങിനിന്ന മുറിയിലേക്ക് എത്ര സമയം ആ നിശബ്ദതയെ കൂട്ടുപിടിച്ച് നിന്നുവെന്നോർമ്മയില്ല. പാതിമയക്കത്തിലെപ്പോഴോ അമ്മമണമുള്ളൊരു കാറ്റ് മുടിയിഴകളെ തഴുകി കടന്നു പോയി. ആ കാറ്റിൽ ഇതളുകൾ പാറിപ്പറന്നൊരു മാസിക നിലത്തുവീണു. അതിന്റെ മടക്കുവീണ അവസാനപേജിലെ വരികളിൽ കണ്ണുടക്കി.

" ഉള്ളിലേക്കെടുക്കുമവസാന-

ശ്വാസത്തിനായിപ്പരതും

മിഴികളിൽ തെളിയുന്നൂ ;

മരണത്തിൻെറ നിശബ്ദരൂപം ! "

     മരണത്തിൻെറ ഭയപ്പെടുത്തുന്ന വാക്കുകളോട് ദേഷ്യമോ  വെറുപ്പോ കലർന്ന അവജ്ഞ തോന്നി. ഇതായിരിക്കുമോ അമ്മ അവസാനമായി വായിച്ച വരികൾ. വർഷങ്ങളായി കിടപ്പിലായ അമ്മയ്ക്ക് ആശ്രയമായിരുന്ന പുസ്തകങ്ങളെ നോക്കി എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ.. ഇരുൾ വീണു കനത്ത മുറിയിൽ നിശബ്ദതയോട് സംവദിക്കാൻ താൻ അജ്ഞനാണെന്നുള്ള തിരിച്ചറിവ് അതിൽ നിന്നും പിന്തിരിപ്പിച്ചു. മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോഴും ഉള്ളിലെവിടെയോ ആ കവിതയുടെ വരികളുണ്ടായിരുന്നു. വാക്കുകൾ അനുഭവവേദ്യമാക്കിയ വീർപ്പുമുട്ടൽ, ശ്വാസത്തിനായി പിടയുന്ന കണ്ണുകൾ മുകളിലേക്ക് തറച്ചു നിൽക്കുന്ന അമ്മയുടെ ചിത്രം ആ ഇരുളിലും പിന്തുടർന്നുകൊണ്ടേയിരുന്നു..!

Share :