Archives / April 2021

രമാ പിഷാരടി ബാങ്കളൂർ
പുനരുദ്ധാനം

മുഖപടങ്ങളിലൊരു ചിരിക്കന-

ലൊഴുകി മാഞ്ഞത് കണ്ടുവോ?

മിഴിയിലൊരു കടൽ ഉപ്പ്  നീറ്റി-

യുണർന്ന് വന്നത് കണ്ടുവോ?

ചിതയിയിലൊരു മുഖമാളിയാളി-

യെരിഞ്ഞ് പോയത് കണ്ടുവോ

 

മുറിവ് തുന്നിയ മൂടൽ മഞ്ഞിൻ

തരികൾ മാഞ്ഞത്  കണ്ടുവോ

ഇടറി വീണൊരു ഋതുവിൽ നിന്നൊരു

വ്യഥയുണർന്നത്  കണ്ടുവോ?

ജടമുടിയ്ക്കൊരു മേഘനിറമായ്

മഴ പൊഴിഞ്ഞത്  കണ്ടുവോ

ഇമയടച്ച് തുറന്ന മാത്രയി-

ലരികിലൊരു മരമറ്റുവോ

മിഴിയടച്ചൊരു പൂവ് മുന്നിൽ

ഇതൾ പൊഴിച്ചത് കണ്ടുവോ?

 

അതിരിലൊരു മുൾവേലിയതിലായ്

കിളിപറന്നത് കണ്ടുവോ,

അതിരു കെട്ടിയ കൈകകൾ ചങ്ങല-

യിരുളിൽ വീണത് കണ്ടുവോ?

മലമുഴക്കികൾ മഴമുഴക്കം

കേട്ടുണർന്നത് കണ്ടുവോ?

പുഴ കയങ്ങളിലെവിടെയോ

ഒരു  തളിരിലച്ചിരി  മായ്ച്ചുവോ?

 

കനൽമിഴിക്കൊരു കരിമഷി-

പ്പുകയെന്ന് സന്ധ്യ പറഞ്ഞുവോ?

അയനകാലമിതെന്ന് ഭൂമിയിലൊരു

നിലാവ് പറഞ്ഞുവോ?

പകലിലേയ്ക്ക് നടന്നുവന്നൊരു

ജ്വലനസൂര്യൻ  ചൊല്ലിയോ?

പഴയ നൂറ്റാണ്ടതിലുമിത് പോൽ

മരണരാവുകൾ വന്ന് പോയ്

അവിടെ നിന്ന് പ്രപഞ്ചമേറി

നടന്ന് വന്നൊരു വഴിയിത്!

ഇരുള് നീന്തിയണഞ്ഞ പുലരിയി-

ലൊരു പ്രതീക്ഷയുണർന്നുവോ?

Share :