Archives / April 2021

സന്തോഷ്‌ ശ്രീധർ
   രോദനം

തോരാതെ പെയ്യുന്ന തീമഴക്കാറ്റിന്റെ
രോദനം കേട്ടു ഞാൻ ഞെട്ടിയൂണരവേ,
നാമാക്ഷര മൊന്നു കേട്ടു
മനസ്സിന്റെ നൊമ്പരപ്പാടുകൾ ഞാനറിഞ്ഞു.

എന്നുമെൻ മനസ്സിന്റെ
നൊമ്പരമാണു നീ
എന്നുമെൻ മനസ്സിന്റെ
ഓർമ്മയായീടിലും.

നൊമ്പരപ്പാടുകളെല്ലാ മൊതുക്കി നീ
അലയടിച്ചെത്തുമീ
മരുക്കാട്ടിലെന്നും.

തീരാത്ത ദുഃഖത്തിൻ പ്രതീകമാണു നീ.

തോരാത്ത കണ്ണീർ പൂക്കളായെങ്കിലും
ജന്മ ജന്മാന്തരങ്ങളായെത്തുന്നു
നൊമ്പരപ്പാടുകളെല്ലാ മൊതുക്കി നീ.

വേറിട്ടു പോയൊരു
ജന്മമാണെങ്കിലും
കൗതുകമുള്ളിലൊതുക്കി
ഞാൻ നോക്കുന്നു.

എന്നുമെൻ രാഗ പ്രഭയായി മാറുവാൻ
നിന്നിലേക്കെത്തി
ഞാൻ വന്നു ചേർന്നീടവേ,
എന്നിലെ മോഹവും നിന്നിലെ രാഗവും
ഒന്നു താൻ ഒന്നു താൻ ഒന്നു തന്നെ.

ധന്യതയാർന്നൊരീ
ജീവിത പാതയിൽ
ഒന്നിച്ചു മേളിച്ചു ചേർന്നൊരീ
യൗവ്വനം,
കാലമേറെ കഴിയുന്ന മാത്രയിൽ
വേറിട്ടു പോകുമെൻ
തപ്ത നിശ്വാസങ്ങൾ.

ഉള്ളിന്റെയുള്ളിലെ
തേങ്ങലായി വിങ്ങുന്ന
നൊമ്പരപ്പാടുകളെല്ലാം മറക്കുവാൻ
ഈ മരുക്കാട്ടിന്റെ യുള്ളറിഞ്ഞിന്നുഞാൻ
വേച്ചു വേച്ചു നീങ്ങുന്നു വീണ്ടും
തീ മഴക്കാറ്റിന്റെ രോദനത്തോടൊപ്പം

Share :