Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
കർഫ്യു

റാഡിക്കലുകൾ രാത്രിയെ ബന്ധിച്ച

ചങ്ങലകൾ തകർത്തെറിഞ്ഞു.

മേടകളിൽ നിന്നും ആനകളും പുലികളും ചെന്നായ്ക്കളും 

ഓരിയിട്ട് ഓടിയെത്തി.

തെരുവ് വിജനമായി.

നാളുകളേറെ നാം തടവിലായിരുന്നു.

ഇന്ന് നാം പെൻഡുലം ക്ലോക്കിലെ

സൂചിയോടിരക്കാതെ പുറത്തിറങ്ങുന്നു

പെൺപക്ഷികൾ പാറുന്നു

പൊന്നിൻ തൂവളുകളാൽ..

നിങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോവുമ്പോഴും ആകാശത്തെ നക്ഷത്രങ്ങളെയെണ്ണുക

അവ നിങ്ങൾക്കായി വഴി തെളിക്കും

എന്റെ പൂർവികർ പറഞ്ഞ ഒരു കഥയുണ്ട്,

ഇരുമ്പ് ചങ്ങലയുടേത്.

അവർ ഒരുപാട് കഥകൾ പറഞ്ഞിരുന്നു,

അതിൽ അവരുടെ പിഞ്ചു മകളുടെ

കുഞ്ഞു കാലുകൾ ബന്ധിച്ച

ക്ലോക്കിലെ സൂചിയാണ്

എനിക്കേറ്റവും ഓർമ്മ.

അന്ന് രാത്രിയിൽ വെളിയിൽ തെരുവുകളിൽ നടന്നാഘോഷിച്ച

പുരുഷധിപത്യത്തെ പറ്റിയും.

സ്വാതന്ത്ര്യം ചങ്ങലയല്ല, ചിറകുകളാണ്,

ഞാൻ ഉറക്കെ പറയുന്നു.

സ്വാതന്ത്ര്യം ചങ്ങലയല്ല, ചിറകുകളാണ്,..

അവളിൽ ഞാൻ ജീവിച്ചിരുന്നു,

അവളെപ്പോലുള്ള അനേകം പേരിൽ,

ചരിത്രത്തിന്റെ താളിൽ, ഒഴുകുന്ന മഴയിൽ

അവർക്ക് സ്ഥാനമില്ല....

സമയപരിധിക്കുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ,

അവർ, വലിയവർ ദൈവത്തെ പറ്റി പറയുന്നു...

എന്റെ പൂർവികർക്ക് അത് വെറും പേരോ സ്മാരകമോ ആണ്,

വെറും പ്രതിമകൾ 

അവരുടെ ജീവിതം തളച്ചിട്ട പ്രതിമകൾ

അവൾ അങ്ങനെ പലതും പറഞ്ഞിരുന്നു

അവിടെനിന്നും ഉയർന്നു പറന്നവൾ

സമയത്തെ അതിജീവിച്ചവൾ

ഇന്നവളുടെ ലോകം തിരക്കേറിയതാണ്,

വാഹനങ്ങൾ, പാമ്പുകൾ, ചിമ്പാൻസികൾ, ഒട്ടകങ്ങൾ.

അവൾ ചന്തകൾ തോറും കൊട്ടിപാടുന്നു

കീശയിലെ കാശു കൊടുത്ത് സഞ്ചിയിൽ സാമാനം വാങ്ങി നിറയ്ക്കുന്നു,

രാത്രികാലതട്ടുകടകളിൽ നിന്നും

രുചിയുള്ളതെല്ലാം കഴിച്ചും കുടിച്ചും ആഘോഷിക്കുന്നു,

ഇഷ്ടമുള്ളത് ധരിക്കുന്നു,

ക്ലോക്കുകൾ പറിച്ച് ദൂരെയെറിയുന്നു,

സ്വന്തം സമയം തീരുമാനിക്കുന്നു,

നിലാവും നീല നക്ഷത്രങ്ങളും

അവളുടെ കാലൊച്ച കേട്ട് മയങ്ങുന്നു,

മരങ്ങൾ ഇരുളിമയിൽ അവളുടെ

മുടിയിഴകളിലൂടെ പെയ്തിറങ്ങുന്നു.

അക്രമമാണ്, അച്ചടക്കലംഘനമാണ്,

ആരാണ് മണി മുഴക്കുന്നത്,

ഏത് കരങ്ങളാണ് വിധിയെഴുതുന്നത്.

ഒരു പാസിയപൂവും കാബേജും

മോഹമില്ലാതെ പിറക്കുന്നില്ല,

എന്റെ മുത്തശ്ശി പറഞ്ഞിരുന്ന ചിറകുകൾ

അവരെ അടക്കിനിർത്തിയ 

അവർ അടിയിൽ അഭയം തേടിയ ചിറകുകൾ

അവ ഇന്നെന്റെ സ്വന്തമാണ്.

ഇന്ന് ഞങ്ങൾക്ക് ചിറകുകളുണ്ട്.

 

 

Share :