Archives / july 2021

കുളക്കട പ്രസന്നൻ
 ബ്രോയിലർ ചിക്കൻ സംസ്കാരത്തിൽ നിന്നും മലയാളികൾ വഴി മാറേണ്ടതുണ്ടോ ?

സമയവും കാലവും തെറ്റിയ നിലയിൽ അതിവേഗം വളരാനുള്ള വെമ്പൽ മലയാളിക്കുണ്ടായത് എന്നു മുതലാണ് ? ജനിച്ചു വീണ കുഞ്ഞ് ആറുമാസമാകുമ്പോൾ കമിഴ്ന്നു വീണ് നീന്തി തുടങ്ങി ഒരു വയസാകുമ്പോൾ മുതിർന്നവരുടെ വിരൽത്തുമ്പിൽ തൂങ്ങി നടക്കാൻ തുടങ്ങുന്നു. അത് യാഥാർത്ഥ്യം. എന്നാൽ ഒരു പശു പ്രസവിച്ച് കിടാവ് ഓടി കളിക്കുമ്പോലെ മനുഷ്യക്കുട്ടിയും വേണമെന്ന മനോനില കേരളയരിൽ രൂപപ്പെട്ടതിനെ ഉദാഹരണമായി പറയാൻ കാരണം മറ്റൊന്നു കൊണ്ടുമല്ല. ഞൊടിയിടയിൽ കാര്യസാധ്യത എന്ന ചിന്ത ബോധ്യപ്പെടുത്താൻ വേണ്ടിയാണ്‌.

ഒരു മഹാമാരി  ദുരന്തം വിതച്ചിട്ടും നാല് ദിവസം വീട്ടിലിരിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൻ്റേത്. അധികം കഷ്ടപ്പെടാതെ പണം വേണം എന്നുള്ള ചിന്ത റിയൽ എസ്റേററ്റ് ബിസിനസ്സിലേക്ക് കുറെപ്പേരെ കൊണ്ടത്തിച്ചതും അതിൻ്റെ ഭാഗമാണ്. വയലുകൾ നികത്തിയും ഭൂമി പാതാള കുഴി ആക്കിയപ്പോഴും മല തുരന്നു തള്ളിയിപ്പോഴും അറിഞ്ഞില്ല ഒരു മഹാമാരി എന്ന വിപത്ത് മുന്നിലെത്തിയാൽ അതുമൂലം മലയാളികൾ നേരിടുന്ന വിഷമവൃന്ദം. നെൽപ്പാടങ്ങളിൽ കതിരണിഞ്ഞിരുന്നുവെങ്കിൽ കരഭൂമികളിൽ കാർഷിക വിളകൾ പൊന്നുവിളഞ്ഞിരുന്നുവെങ്കിൽ നമ്മൾക്ക് ആവലാതികൂടാതെ വീട്ടകങ്ങളിൽ കഴിയാമായിരുന്നു.

ഒരു വിത്ത് മുള പൊട്ടുന്നതും നാമ്പിടുന്നതും വളരുന്നതും പുഷ്‌പിക്കുന്നതും കായിടുന്നതും അതു പാകമാകുന്നതും കാത്തിരിക്കാൻ നമ്മൾക്ക് ക്ഷമയില്ലാതായത് അയൽനാടുകളിൽ നിന്നും വരുന്ന ഭക്ഷ്യസാധനങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്. അതു കാത്തിരുന്ന് വാങ്ങി ജീവിക്കാനുള്ള പണം അയൽ സംസ്ഥാനങ്ങളിലോ, വിദേശത്തോ വിയർത്തു പണിയെടുക്കുന്ന മലയാളികൾ ഉള്ളതുകൊണ്ട് .

വയലുകൾ നികത്തുമ്പോഴും ഭൂമി പാതാളത്തോളം കുഴിച്ചപ്പോഴും അതിനെതിരെ ശബ്ദിച്ചത് പരിസ്ഥിതി സ്നേഹികളാണ്. അവർ വരാൻ പോകുന്ന ഭവിഷ്യത്തുക്കളെ ചൂണ്ടിക്കാട്ടി. അന്നത് നമ്മൾക്ക് മനസ്സിലായില്ല.

ഏതോ ഒരു മായിക വലയത്തിൽപ്പെട്ടവർക്ക് ബോധതലത്തിലേക്ക് വരാനുള്ള സമയമാണിത്. ഇക്കൂട്ടത്തിൽ പറയട്ടെ വികസനമെന്നാൽ കോൺക്രീറ്റ് കാടുകളല്ല. പ്രകൃതിയുടെ താളം തെറ്റിക്കാതു വേണം വികസന പ്രവർത്തനം എന്നു സാരം.

നമ്മുടെ നാട്ടിൽ എന്തെല്ലാം പരമ്പരാഗത തൊഴിൽ മേഖലകൾ ഇന്നും അസ്തമിക്കാതെയുണ്ട്. കശുവണ്ടി, കയർ, തഴപ്പായ എന്നിങ്ങനെ ഇന്നും സാധ്യതയുള്ള പരമ്പരാഗത മേഖല . അതിൻ്റെ നിലനിൽപ്പുണ്ടായാൽ തന്നെ നമ്മുടെ ചുറ്റുപാടുകളിലെ തൊഴിൽ മേഖലയാകും.

തദ്ദേശീയമായി സ്വയം പര്യാപ്തമാകാൻ നമ്മുടെ നാടിനു കഴിയണം. സർക്കാർ ആശുപത്രികൾ, സർക്കാർ സ്കൂൾ എന്നിങ്ങനെ ഓരോന്നും ജനസംഖ്യാടിസ്ഥാനത്തിൽ വേണം. 

ജീവിത സുരക്ഷയും ജീവിതോപാധിയും പ്രാദേശിക (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ) സർക്കാരുകൾക്ക് ഉറപ്പു വരുത്താൻ കഴിയണം.

2020ൽ കൊവിഡ് മൂലം ലോക് ഡൗൺ വന്നപ്പോൾ ചെറിയ രീതിയിൽ അടുക്കളതോട്ടം തുടങ്ങിയവരുണ്ട്. ലോക് ഡൗൺ മാറി കൊവിഡ് ഭീതി തെല്ലകന്നപ്പോൾ പണ്ടാരോ പറഞ്ഞതുപോലെ എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല എന്ന സ്ഥിതിയായി.

കൊവിഡിൻ്റെ രണ്ടാം തരംഗമാണ്. ഇന്ത്യ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇനി മൂന്നാം തരംഗമുണ്ടെന്ന് പറയുന്നു. അതായത് കൊവിഡ് വാക്സിനുണ്ടെങ്കിലും കൊവിഡി ഭാവമാറ്റത്തിനനുസരിച്ച് വാക്സിനും മാറ്റം വരുത്തി നമ്മൾ എടുക്കേണ്ടി വരും. 

കൊവിഡ് ഒരു ഭൂതം കണക്കെയാണ്. ഒരു കുപ്പിലാക്കി ഉപേക്ഷിച്ചാലും അതു വീണ്ടും പുറത്തുവരും. ഈ വ്യാധിയിൽ നിന്നും ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പിലാക്കണം.

തൊലിപ്പുറത്തെ ചികിത്സകൊണ്ട് കേരളത്തിനു മുന്നോട്ടു പോകാൻ കഴിയില്ല. അതിനു പാടങ്ങളിലും കരഭൂമികളിലും പൊന്നുവിളയിക്കാം. പരമ്പരാഗത തൊഴിൽ മേഖലകൾ അഭിവൃദ്ധിപ്പെടുത്താം. സാങ്കേതിക മികവുകൾ പ്രയോജനപ്പെടുത്താം. എന്നാലെ ബ്രോയിലർ ചിക്കൻ സംസ്കാരം വിട്ടുമാറു. അതല്ലെ അതിൻ്റെ ശരി.

കമൻ്റ്: പത്തായം പെറും, ചക്കിക്കുത്തും , അമ്മ വയ്ക്കും, ഞാനുണ്ണും എന്നത് സ്വപ്നങ്ങളിൽ മാത്രം.

Share :