Archives / April 2021

 ഷീജ രാധാകൃഷ്ണൻ. ദില്ലി.
രാമരാജ്യത്ത് ദീനരോധനങ്ങൾ മാത്രം. 

 മനുഷ്യന്റെ വിവരമില്ലായ്മയും, അഹന്തയും അസൂയയും ഇല്ലാതാക്കാ൯ പ്രകൃതിക്കും മഹാമാരിക്കും, ഒരു നിമിഷം പോലും ആവശ്യമില്ല എന്നതിന്റെ ഉദ്ദാഹരണമാണ് ഉത്ത൪പ്രദേശും യോഗിയും. എന്നിട്ടും പഠിക്കാത്ത ഭരണാധികാരിയാണ് ഉത്ത൪പ്രദേശ് മുഖ്യമന്ത്രി. ഇതൊന്നും തന്നേ ബാധിക്കില്ലാന്ന നിസ്സംഗത നിഴലിക്കുന്ന പ്രവൃത്തികൾ ഒരു ജനതയെ കണ്ണീരിലാഴ്ത്തുന്നു. 

യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശ് വന്യജീവികള്‍ മേയുന്ന  വനത്തിലും കഷ്ടമാണ്. മനുഷ്യത്വത്തിന്റെ ഒരു കണിക പോലും ആ ഭരണാധികാരിയിൽ നിന്നും ഒരിക്കലും കണ്ടിട്ടില്ല. ഒന്നു പുഞ്ചിരിക്കാ൯ പോലും അഹന്ത അനുവദിക്കാത്ത ഒരു ഭരണാധികാരി. ന്യൂനപക്ഷങ്ങളേയും കീഴാളരേയും വേട്ടമൃഗങ്ങളെ പോലെ വേട്ടയാടുകയായിരുന്നു യോഗി.  എന്തും ഏതും മതത്തിന്റെയും, വ൪ഗ്ഗ- വ൪ണ്ണത്തിന്റേയും, കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന, അസഹിഷ്ണുതയുടെ ആൾരൂപമാണ് യോഗി. യോഗിയേപോലുള്ള ഒരു ഭരണാധികാരി സ്വതന്ത്രഭാരതത്തില്‍ ഇന്നോളം അധികാരത്തില്‍ ഇരുന്നതായി ഉണ്ടായിട്ടില്ലാ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

കോവിഡിന്റെ തുടക്കത്തിലേ ഉത്തര്‍പ്രദേശ് രോഗവ്യാപനത്തില്‍ മുന്‍പന്തിയിലായിരുന്നു. പക്ഷെ അത് അംഗീകരിക്കാന്‍ യോഗി തയ്യാറല്ലായിരുന്നു. കോവിഡ് മുക്ത സംസ്ഥാനമെന്നുവരെ പറയിപ്പിച്ചു അന്നും ഇന്നും, ഇതര സംസ്ഥാനങ്ങളില്‍ ജോലി തേടിപ്പോയ വര്‍ നിരാലംബരായി തിരിച്ചു വരുന്ന ദൃശ്യങ്ങളാല്‍ സമൃദ്ധമായിരുന്നല്ലോ അന്ന് കുറച്ച് മീഡിയകളും, സമൂഹമാധ്യമങ്ങൾ മുഴുവനും.. ഈ നിസ്സഹായരെ യുപിയിലെ അതിരുകളില്‍ തടഞ്ഞു നിര്‍ത്തി പട്ടിണിക്കിടുകയാണ് ചെയ്തത്. എങ്ങനെയോ വന്നവരെയോ, പഴയ കാലങ്ങളിൽ കീടനാശിനി കൃഷിക്ക് അടിക്കുന്ന രീതിയിൽ ബ്ലീച്ചിംഗ് പൗഡ൪ കലക്കി അവരെ കൂട്ടമായി ഇരുത്തി അണുശചീകരണം നടത്തി,  യാത്രാസൗകര്യം  നിഷേധിക്കപ്പെട്ടവരെ ഒടുവില്‍ പ്രിയങ്കാ ഗാന്ധി ബസ്സുകൾ അയച്ചാണ് സ്വന്തം വാസസ്ഥലത്ത് എത്തിച്ചത്.  

ഇന്നോ പഞ്ചായത്ത് ഇലക്ഷൻ നടന്ന സ്ഥലങ്ങളിലേക്ക്  അന്യസംസ്ഥാനങ്ങളിൽ ജോലിക്ക് പോയിരുന്ന ജനങ്ങളെ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കുത്തിതിരുകി ബസ്സുകളിൽ തിരിച്ചു കൊണ്ടു വന്നിരുന്നു യോഗിയും കൂട്ടാളികളും, ഇപ്പോൾ ആ ഗ്രാമങ്ങളെല്ലാം കോവിഡിന്റെ പിടിയിലമ൪ന്നു, ജഡങ്ങൾ വാരിയിട്ടു കത്തിക്കുന്നു, വരും ദിവസങ്ങളിൽ എന്താകുമോ? ആരും തിരിഞ്ഞു നോക്കുന്നില്ല, യാതൊരു ചികിത്സയും ഇല്ലാ. ഗ്രാമവിമുക്ത ഉത്ത൪പ്രദേശ് ആയാലും അതിശയിക്കേണ്ട. 

കോവിഡ് ആരംഭം മുതൽ ഉത്തര്‍പ്രദേശില്‍ കോവിഡ് ടെസ്റ്റ് ശരാശരി പോലും നടന്നിരുന്നില്ല. ഇന്നും സ്ഥിതി അതിലും ദയനീയമാണ്. കോവിഡ് ടെസ്റ്റ് നടത്താനായി രോഗികൾ സമീപിച്ചാൽ, ടെസ്റ്റ് കിറ്റ് ഇല്ലായെന്നാണ് മറുപടി. ഇവിടെ ടെസ്റ്റ് നടക്കുന്നതേയില്ലാ, ചില വിഭാഗങ്ങൾക്ക് ഒഴിച്ച്. (എന്നു പറഞ്ഞാൽ സമ്പന്ന൪ക്കും മെഡിക്കൽ പോളിസി വ൯തുകയുള്ളവ൪ക്കും ഒഴിച്ചാൽ) സ്വാഭാവികമായും ജനങ്ങളുടെ ജീവന്‍  പൊലിഞ്ഞു വീണു കൊണ്ടിരിക്കുന്നത് കണ്ടു രസിക്കുകയാണോ ഈ മുഖ്യമന്ത്രി എന്നു  പോലും തോന്നാം.ജനങ്ങൾ ചികില്‍സ കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലക്ക് അവര്‍ക്ക് ആശ്രയമാകുന്നതിന് പകരം ആ വിഷയം പറയുന്നവരെ ഇല്ലായ്മ ചെയ്യും എന്ന ഭീഷണിയും.. യുപിയിലെ കോവിഡ് മരണങ്ങള്‍ പലപ്പോഴും മറ്റു രോഗങ്ങളുടെ പേരില്‍ രേഖപ്പെടുന്നതായി ചുരുക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇലക്ഷൻ ഡ്യൂട്ടിക്കായി ട്രെയിനിങ്ങിന് അയച്ചിരുന്ന 700 അധ്യാപകർ ഇലക്ഷൻ ഡ്യൂട്ടുകഴിഞ്ഞ് കോവിഡ് ബാധിച്ച് മരണപ്പെട്ട അതിധാരുണമായ വിവരം പോലും ഫാസിസ്റ്റ് സേവാ മാധ്യമങ്ങൾ കണ്ടതേയില്ലാ, അറിഞ്ഞതേയില്ലാ. ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരിച്ചുവീണുകൊണ്ടിരിക്കുന്നു, രോഗികളുടെ ആശ്രിത൪ ഓക്സിജനായി നെട്ടോട്ടമോടുന്നു, ഇങ്ങേയറ്റം കോവിഡ് പോസിറ്റീവ് ആയ യുവാക്കൾ പോലും ഗുരുതരമായി കിടക്കുന്ന മാതാപിതാക്കൾക്കായി ഓക്സിജൻ വാങ്ങാ൯ ഓടിക്കൊണ്ടിരിക്കുമ്പോഴും, വലിയ ഗോഡൌണുകളിൾ ഓക്സിജൻ പൂഴ്ത്തി വച്ചിരിക്കുന്നു, ആ ഓക്സിജൻ സിലിണ്ടറുകൾ 95,000/- രൂപയ്ക്ക് വരെ കരിംചന്തയിൽ വിൽക്കുന്നു. 

ഒരു വിഭാഗം യുവാക്കൾ കോവിഡ് സംരക്ഷണ  പ്രവർത്തനങ്ങൾക്ക് ഇറങ്ങാ൯ സന്നദ്ധരായി അനുമതിതേടി മുഖ്യന്റെ ഓഫിസിലേക്ക് വിളിച്ചു, എന്നിട്ടവരേ അതിനുപോലും അനുവദിച്ചിട്ടില്ലാ, കാരണം പാവങ്ങൾ രക്ഷപ്പെട്ടാലോ! 

ഇതല്ലാതെ പല രഹസ്യ നീക്കങ്ങളും ഉത്ത൪പ്രദേശ് ഗവൺമെന്റും പ്രെെവറ്റ് ആശുപത്രികളും തമ്മിൽ നടക്കുന്ന അണിയറ രഹസ്യങ്ങൾ, 

സ൪ക്കാരാശുപത്രികളിൽ ചികിത്സ പരിമിതിമായതിനാൽ പ്രെെവറ്റ് ആശുപത്രിയിൽ പാവങ്ങളെ കിടത്തി ചികിത്സ നടത്താനായും അതിനുള്ള ചികിത്സാ ചിലവുകൾ സർക്കാർ പ്രെെവറ്റിന് കൊടുക്കുമെന്നും, പക്ഷേ അവിടെ റിക്കോർഡുകളിൽ മാത്രം പാവപ്പെട്ടവർക്ക് ചികിത്സയും, ആ ചികിൽസ വ൯തുകയിൽ പണക്കാരായ രോഗികൾ ഉപയോഗിക്കുകയും, ആ ലാഭവിഹിതവും ഗവൺമെന്റ് ഷെയറും എല്ലാം ഇരു കക്ഷികളും വീതിക്കുകയു ചെയ്യുന്നു. 

 ഒന്നും ഇവിടുത്തെ പട്ടിണി പാവങ്ങളെ രക്ഷിക്കുന്ന  നീക്കങ്ങൾ ഒന്നുമല്ലല്ലോ? 

ഏതായാലും ജനിതകമാറ്റം സംഭവിച്ച് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്ന ഈ മഹാവ്യാധിയാല്‍ ഇന്ന് ഉത്തര്‍പ്രദേശ് കണ്ണീര്‍ വാര്‍ക്കുകയാണ്. ശവങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ഭീകരമായ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ ആണ് എങ്ങും. ചുരുക്കത്തില്‍ ഉത്തര്‍ പ്രദേശ് ഇന്നൊരു ശ്മശാന്‍ഘട്ടായി രൂപാന്തരപ്പെട്ടിരിക്കുന്നു.3.ഒരു ഉപമുഖ്യമന്ത്രിയുള്‍പ്പെടെ അഞ്ചു എം എല്‍ എ മാര്‍ ഇവിടെ കോവിഡിന് കീഴടങ്ങി ജീവനോട് വിടപറഞ്ഞു. പലരും ചികില്‍സ കിട്ടാതെയാണ് മരണത്തിന് കീഴടങ്ങിയത്. ഭരണതലത്തിലെ ഉന്നതങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ താഴെത്തട്ടിലുള്ള സാധാരണക്കാരുടെ സ്ഥിതി എന്തെന്നു നമുക്ക് ഊഹിക്കാം. എങ്കിലും യോഗിക്കൊരു കുലുക്കവുമില്ല എന്ന് മാത്രമല്ല, ജീവവായു കിട്ടാതെ അനുദിനം നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുമ്പോള്‍ അതിന്റെ ഇരകളോട് ഭീഷണിയുടെ സ്വരത്തിലാണ്സംസാരിക്കുന്നത്. ഓക്‌സിജന്‍ ഇല്ലാ എന്ന് പറഞ്ഞു പോയാല്‍ അവരുടെ ജോലി മാത്രമല്ല നഷ്ടപ്പെടുന്നത്. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്.  ചിതറിത്തെറിച്ച പ്രതിപക്ഷ നേതൃത്വവും എന്തിനെന്നറിയാതെ ആ൪ക്കുമല്ലാതെ ഓടുന്നു. ചുരുക്കത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഇന്ന് ചെകുത്താനും കടലിനും ഇടയിൽ ആണ്. സകലതും വെറുപ്പിന്റെ കണ്ണിലൂടെ മാത്രം കണ്ടിരുന്ന യോഗി മാസ്‌ക് ധരിക്കാന്‍ തുടങ്ങിയത് പോലും കാര്യങ്ങള്‍ കൈവിട്ട് പോയ ഈ സമയത്താണ്.

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ടെസ്റ്റിന് മുന്‍തൂക്കം കൊടുത്ത് ഈ മഹാവ്യാധിയെ മറികടക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ ഞങ്ങള്‍ സുരക്ഷിതരാണ് എന്ന് വീമ്പിളക്കുകയായിരുന്നു യോഗിയും പിണയാളുകളും .ഞങ്ങള്‍ക്കിതൊന്നും ബാധകമല്ല എന്ന മട്ടില്‍ അവര്‍ നിസ്സംഗരായിരിക്കുകയായിരുന്നു. കൂടാതെ അപ്പോഴും ഇപ്പോഴും ലാഭം കൊയ്യണമെന്ന ചിന്തിയിലും. 

 ഒരു ഉത്തരേന്ത്യന്‍ ന്യൂസ് പോര്‍ട്ടലിലെ ഒരു വാര്‍ത്തയും, എ൯.ഡി.ടീവിയിൽ കാണുന്ന വാ൪ത്തകളുമാണ് ഇങ്ങനെ എഴുതാ൯ പ്രേരിപ്പിച്ചത്. തിലക്ധാരി സിംഗ് എന്ന 90 കഴിഞ്ഞ ഒരു വൃദ്ധൻ തന്റെ ഭാര്യക്ക് കോവിഡ് ബാധിച്ചതറിഞ്ഞ് അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയെ ശരണം പ്രാപിച്ചു. രോഗം മൂര്‍ച്ചിച്ച് മരണം വരിച്ച അവരുടെ ഭൗതിക ശരീരം ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഗ്രാമവാസികള്‍ അനുവദിച്ചില്ല. ഈ അവസ്ഥയിലാണ് തന്റെ പ്രാണ പ്രേയസിയുടെ മൃതശരീരം സ്വന്തം സൈക്കിളില്‍ കെട്ടി വെച്ച് ആ പാവം മനുഷ്യൻ ഭാര്യയുടെ ജന്മനാടായ അവംപൂരിലേക്ക് പുറപ്പെട്ടത്. വഴിയില്‍ വച്ച് ബാലന്‍സ് തെറ്റി മൃതശരീരം റോഡില്‍ തെറിച്ചു വീണു.സോഷ്യല്‍ മീഡിയകളും പ്രാദേശിക ലേഖകരും, എ൯. ഡി. ടീവി. യും, മാത്രം ആണ് ഇത് പുറത്ത് കൊണ്ടുവന്നത്. ഇത്തരം സംഭവങ്ങൾ ഇന്ന് ഉത്തര്‍പ്രദേശില്‍ സ്ഥിരം കാഴ്ചയാണ്. രാമനാമ ജപത്തിലും ഉച്ചത്തിൽ ഇത്തരം ദീനരോധനങ്ങൾ ആണ് ഇന്ന് രാമരാജ്യത്തിൽ മുഴങ്ങുന്നത്. എവിടെ  തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം എരിയും ചിതകൾ മാത്രം..  വസൂരിക്കാലത്തും കോളറ വറുതിയിലും പോലും യുപി വാസികൾ ഇത്തരം ഒരു പ്രതിസന്ധി നേരിട്ടു കാണില്ലാ. 

ഉത്തര്‍പ്രദേശ് നമുക്ക് ഓരോരുത്തർക്കും, ഭരണാധികാരികൾക്കും ഒരുപോലെ പാഠമാണ്.  ഇത്തരം മാറാവ്യാധികളെ എങ്ങിനെ നേരിടണം എന്ന് മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യന്റെ അഹന്തയും അസൂയയും ശമിപ്പിക്കാന്‍ പ്രകൃതിക്കും മഹാമാരിക്കും, ഒരു നിമിഷം പോലും ആവശ്യമില്ല എന്നതിന്റെ ഗുണപാഠം കൂടിയാണ്.

Share :