Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ജാതി കായ്ക്കും മതിലുകൾ

21 ആം നൂറ്റാണ്ടിലെത്തിപ്പെട്ട് 2 ദശകങ്ങൾ പിന്നിടുമ്പോളും നാം സഞ്ചരിച്ചു വന്ന  പാതകളുടെ ദിശ കാലങ്ങൾക്ക് പിന്നോട്ടായിരുന്നു എന്ന് നമ്മുടെ ഇന്നത്തെ സാമൂഹിക സ്ഥാനം ഉറച്ചു പറയുന്നു. വിദ്യാഭ്യാസ ഉന്നമനത്തിലും അവകാശസംരക്ഷണ പ്രക്ഷോഭങ്ങളുടെ കാര്യത്തിലും ഒട്ടനേകം മുന്നേറ്റപ്രക്രിയകൾ വിഭാവനം ചെയ്ത സാമൂഹിക പരിഷ്കർത്താക്കൾ പാകിയ വിത്തുകൾ സമ്പുഷ്ടമല്ലാത്ത മണ്ണിൽ മുള പൊട്ടാതെ നശിച്ചു പോയെന്നും കരുതേണ്ടിയിരിക്കുന്നു.

ഇന്നും നമ്മുടെ രാജ്യത്ത് പല പ്രദേശങ്ങളിലും രഹസ്യമായും പരസ്യമായും നില നിന്നും പോകുന്ന ജാതി വ്യവസ്ഥ ഈ വാസ്ഥവത്തെ വേരൂന്നി ഉറപ്പിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം വിവേചനത്തിന്റെ  മതിലുകളിൽ തളിർത്തു കായ്ക്കുന്ന പാഴ്ചെടികൾ ജാതിയുടേത് മാത്രമാണ്. ഈ വിഷ ചെടികളുടെ സാന്നിധ്യത്താൽ നവോത്ഥാനത്തിന്റെ തളിരുകൾ മുളയിലേ നുള്ളിയെറിയപ്പെടുകയും ചെയ്യുന്നു. കാലങ്ങൾക്ക് മുമ്പ് ചരിത്രത്തിൽ തുടക്കം കുറിച്ച പല വിപ്ലവങ്ങളും നിർലക്ഷ്യമായൊരു വീഥിയിലേക്ക് സഞ്ചാരപഥം തെറ്റി യാത്രയായെന്നതും ചിതനീയമായ വാസ്തവമാണ്.

ഇന്നത്തെ സമൂഹത്തിന്റെ പല മേഖലകളിലും ഏറ്റവുമധികം പീഡനമനുഭവിക്കുന്ന ഒരു വിഭാഗമാണ് ദളിതർ. ആരാണ് ദളിതർ ?
സംസ്‌കൃത പദമായ ദൽ  എന്ന പദത്തിൽ നിന്നുമാണ് ദളിത്‌ എന്ന പദം ഉണ്ടാകുന്നത്. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അർത്ഥമാണ് സംസ്കൃതത്തിൽ പ്രസ്തുത പദത്തിന്. ദളിത്‌ എന്ന പദം അടിച്ചമർത്തപ്പെട്ടവർ എന്നതിനെ കുറിക്കുന്നു.

തീർത്തും അപലപനീയമായ ഈ ജാതി  വ്യവസ്ഥ കാലങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളോടുള്ളതിനേക്കാൾ സാമ്യത പുലർത്തുന്നത് ഇന്ന് ജീവിക്കുന്ന മറ്റേതോ വിഷസർപ്പത്തിനോടാണ്.

ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദളിതർ . ഇവിടെ ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു. സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം എന്ന അർത്ഥം ലഭിക്കത്തക്ക രീതിയിൽ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതർ എന്ന വാക്കിൻറെ അർത്ഥം. അടിച്ചമർത്തപ്പെട്ടവർ ജാതി വ്യവസ്ഥയ്ക്ക് പുറത്തു നില്ക്കുന്നതും തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയവ അനുസരിക്കേണ്ട / ആചരിക്കേണ്ട ജനവിഭാഗങ്ങളെ ഒന്നിച്ചാണ് ദളിത്‌ എന്ന് വിളിച്ചത് . മാറ്റിനിർത്തപ്പെടുക  മാത്രമല്ല അടിമകളായ് ജീവിച്ചുപോരുകയാണ് ഈ വിഭാഗം ചെയ്തത്.

ദളിത്‌ എന്ന പദം ഇന്ന് ഏതെങ്കിലും താഴ്ന്ന ജാതിയെ കുറിക്കുവാനോ ഏതെങ്കിലും മതത്തെ കുറിക്കുവാനോ അല്ല ഉപയോഗിക്കുന്നത്, മറിച്ച് സ്വന്തമായ സംസ്കാരവും പാരമ്പര്യവും, പ്രത്യേകമായ ജീവിതരീതി ഉള്ളതുമായ ഒരു സമൂഹത്തെ കുറിക്കുവാൻ ആണ് . ദളിതരെ മനുഷ്യരായി പോലും ജാതി വ്യവസ്ഥ കാലത്ത് പരിഗണിച്ചിരുന്നില്ല. 

പണ്ട് കാലങ്ങളിൽ സവർണ്ണ ബ്രാഹ്മണ വിഭാഗങ്ങൾ ദളിതരുടെ പക്കൽ നിന്ന് വെള്ളമോ ആഹാരമോ വാങ്ങി കഴിക്കുകയുണ്ടായിരുന്നില്ല, അവരുടെ വീടുകളിൽ ഇന്നും ദളിത്‌ വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിച്ചിരിക്കുന്നു. ദളിത്‌ ജന വിഭാഗങ്ങൾക്ക് അമ്പലങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുന്ന ധാരാളം സ്ഥലങ്ങൾ വടക്കേ ഇന്ത്യയിൽ കാണുവാൻ സാധിക്കും. ഇന്നും കേരളം ഒഴികെയുള്ള ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വർണ്ണ വിവേചനം നിലനില്ക്കുന്നുണ്ട്. ഈ സംവിധാനത്തിന് പിന്തുണ നൽകുന്നതിൽ മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളുടെ പങ്ക് നിസ്സാരമല്ല.

ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനത്തോളം ദളിത്‌ ജനവിഭാഗങ്ങൾ ആണ്. ഓരോ 18 മിനിറ്റിലും ഒരു ദളിതനെങ്കിലും അക്രമത്തിനു ഇരയാകുന്നു. ദിവസം മൂന്നു ദളിത്‌ സ്ത്രീകൾ എങ്കിലും ബലാത്സംഗതിനു ഇരയാകുന്നു. പ്രതിദിനം ദളിതർക്ക് നേരെ 27 അതിക്രമ കേസുകൾ എങ്കിലും റിപ്പോർട്ട്‌ ചെയ്യപെടുന്നു. ഓരോ ആഴ്ചയിലും 6 ദളിതരെ എങ്കിലും തട്ടി കൊണ്ട് പോകുകയോ കാണാതാവുകയോ ചെയ്യുന്നു എന്ന കണക്കുകളെല്ലാം ഭീതി നിറക്കുന്നതാണ്. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വർധിച്ചു വരുന്ന ദളിത് സ്ത്രീപീഡന കേസുകൾ ഒരു ബ്രഹ്മിനിക്കൽ പുരുഷാധിപത്യത്തിന്റെ ഫലങ്ങളാണെന്നു നിസ്സംശയം പറയാം. ഏറ്റവും വേദനജനകമായ കാര്യം ഇവയിൽ പലതും തീർത്തും നിസ്സാരവത്കരിക്കപെടുകയും റിപ്പോർട്ട്‌ ചെയ്യപ്പെടുകയോ അഥവാ റിപ്പോർട്ട്‌ ചെയ്യപ്പെട്ടാൽ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ കേസെടുത്ത് ശിക്ഷ നടപ്പാക്കപെടുന്നില്ല എന്നതുമാണ്.

ജാതിയുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി പിടയുന്ന ശബ്ദം നഷ്ടപ്പെട്ട ഒരു വർഗ്ഗമുണ്ട്. തങ്ങൾ അനുഭവിച്ചു പോരുന്ന പീഡനങ്ങൾ തങ്ങൾക്ക് വിധിച്ചതാണെന്ന് സാമൂഹ്യ നിയമങ്ങളാൽ സ്വയം വിശ്വസിച്ചു കഴിയുന്ന ബലഹീനർ. അവരെ അവകാശബോധവത്കരണം നടത്തി ചിന്തിക്കാനും അനന്തരം പ്രവർത്തിക്കാനും പ്രാപ്തരാക്കുക എന്നതാവണം ഇനിയും  ഉയരേണ്ട കൊടികളുടെ നിറം.

Share :