Archives / july 2021

കുളക്കട പ്രസന്നൻ
ലോക് ഡൗൺ രണ്ടാം ഘട്ടം

കൊവിഡ്- 19 ൻ്റെ രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിടലും രണ്ടാം ഘട്ടത്തിലെത്തി. 2020 മാർച്ച് 24ന് കേരള മുഖ്യമന്ത്രി 10 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും അടുത്ത ദിവസം ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. അത് പിന്നീട് ഏതാനും മാസങ്ങൾ തുടർന്നു.രാജ്യം നിശ്ചലമായി. പതിയെ പതിയെ ലോക് ഡൗണിൽ നിന്നും രാജ്യം മാറി. ആ വേവലാതിയുടെ ദിനങ്ങൾ മാറി തുടങ്ങുകയായിരുന്നു. എന്നാൽ കൊവിഡ് 19 ൻ്റെ വകഭേദത്തോടെ 2021 മാർച്ച് മുതൽ ഇന്ത്യൻ ജനത വീണ്ടും ആശങ്കയിലേക്ക് മാറിയിരിക്കുന്നു.

കൊവിഡ്- 19 ൻ്റെ തുടക്കത്തിൽ ഈ വിപത്ത് നേരിടാൻ ജനങ്ങൾ ബോധവാൻമാരാകേണ്ടിയിരുന്നു. ഇന്നതല്ല സ്ഥിതി. എന്നിട്ടും ഈ കൊവിഡ് തരംഗം എന്തേ ഇങ്ങനെ എന്ന ചോദ്യമുയരുകയാണ്. 

കൊവിഡ് പ്രതിരോധ വാക്സിനുണ്ട്. കോവി ഷീൽഡ്, കോ വാക്സിൻ, സ്ഫുട്നിക് - 5, ഫൈസർ തുടങ്ങി വാക്സിനുകൾ അതിൽ ചിലത്.  ഈ വാക്സിനുകൾ രണ്ട് ഡോസ് ആണ് ഒരു വ്യക്തി സ്വീകരിക്കേണ്ടത്. റഷ്യയിൽ സ്ഫുട്നിക് 5 കൂടാതെ സ്ഫുട്നിക് ലൈറ്റ് കൂടി പരീക്ഷണ ഘട്ടം കഴിഞ്ഞിട്ടുണ്ട്. 80 ശതമാനം ഫലപ്രദമായ സ്ഫുട്നിക് ലൈറ്റ് വാക്സിൻ ഒറ്റ ഡോസ് മതി എന്നതും ശ്രദ്ധേയമാണ്.

ഇവിടെ അറിഞ്ഞിരിക്കേണ്ട വിഷയം വാക്സിൻ ജനങ്ങൾക്ക് നൽകുന്നതിൽ വേഗത പോരാ എന്നതാണ്. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഫലപ്രദമാകണമെങ്കിൽ ഇപ്പോഴത്തെ തണുപ്പൻ സമീപനം വിട്ടൊഴിയേണ്ടതുണ്ട്.

ഗുജറാത്ത്, ഡൽഹി തുടങ്ങി പല സംസ്ഥാനങ്ങളിലും ഓക്സിജൻ ലഭിക്കാതെ കൊവിഡ് രോഗികൾ മരിക്കുന്നു. ശവശരീരങ്ങൾ ദഹിപ്പിക്കാൻ ശ്മശാനങ്ങളിൽ നീണ്ട നിര .ദയനീയ കാഴ്ചയാണിത്. 

കൊവിഡിൻ്റെ ഒന്നാം തരംഗത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലായി. അതിൽ നിന്നും കരകയറാൻ സാധിക്കാത്ത വിധം കൊവിഡ് രണ്ടാം തരംഗവും .ഈ സന്ദർഭത്തിലാണ് ഓരോ സംസ്ഥാനങ്ങളിലും ലോക് ഡൗൺ ആവശ്യമായി വരുന്നത്.

കേരളത്തിൽ രണ്ടാഴ്ചയായി ശനി, ഞായർ ദിവസങ്ങളിൽ കർഫ്യു പ്രഖാപിച്ചിരുന്നു. അതിൽ നിന്നും കൊവിഡ് വ്യാപനത്തിൽ കുറവില്ലെന്ന് കണ്ട് മെയ് 4 മുതൽ മെയ് 9 വരെ കർഫ്യു നീട്ടി. കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം 40000 കടന്ന സ്ഥിതിക്ക് മെയ് 8 മുതൽ 16 വരെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു . അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ ഉത്തരവുണ്ട്.  

കൊവിഡ് രണ്ടാം തരംഗം കൂടുതൽ രൂക്ഷമാണ്. മരണ നിരക്ക് കൂടുന്നു. ആശുപത്രികളിൽ കൊവിഡ് ബാധിതരാൽ നിറയുന്നു. ജനസാന്ദ്രത കൂടിയ കൊച്ചു കേരളം ഇച്ഛാശക്തിയിൽ മുന്നോട്ടു പോകുന്നു.

ഇവിടെ ഒന്നു രണ്ട് കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. ഏപ്രിൽ 6 ന് നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ആവേശത്തിൽ കൊവിഡിനെ മറന്നു. ആ ഘട്ടത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ആരും ഓർത്തില്ല. അതവിടെ മാറ്റി നിർത്താം. തെരഞ്ഞെടുപ്പ് അനിവാര്യമാണ്. ഇവിടെ പറഞ്ഞു വന്നത് തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് നടന്ന ശേഷം 8-ാം തീയതിയോ മറ്റോ ലോക് ഡൗൺപ്രഖ്യാപിക്കണമായിരുന്നു. അതായത് അന്ന് രോഗബാധിതരായവർ അവർ അറിയാതെ പലർക്കും നൽകിയിട്ടുണ്ടാവും. അതിനെ പിടിച്ചുകെട്ടാൻ അന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഏറെ കുറെ കഴിയുമായിരുന്നു. ഇനിയത് പറഞ്ഞിട്ടു കാര്യമില്ലതാനും.

കൊവിഡ് 19 ആദ്യ വരവിൽ ദീപം തെളിയിച്ചും പാട്ട കൊട്ടിയും മനുഷ്യർ കൊവിഡ് ജാഗ്രത പുലർത്തി. ശാസ്ത്രം വിജയിച്ചതിനാൽ  കൊവിഡ് രണ്ടാം തരംഗത്തിൽ പാട്ടകൊട്ടലും ദീപം തെളിയിക്കലും പ്രതീക്ഷിക്കുന്നില്ല. 

ഒമ്പതു ദിവസത്തെ അടച്ചിടലാണ് കേരളത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിൻ്റെ പിന്നാലെ കേന്ദ്ര സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചേക്കാം. അതിനുള്ള സാധ്യതയുണ്ട്. ഇവിടെയാണ് ശാസ്ത്രത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതും ശാസ്ത്രലോകത്തെ അനുസരിക്കേണ്ടതും.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ ലോകരാജ്യങ്ങൾ ആശങ്ക അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും സഹായവും എത്തിക്കുന്നു. ഓക്സിജൻ അടക്കം നിരവധി സഹായങ്ങളാണ് അതിലുളളത്.

കമൻ്റ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ ആധുനിക സജ്ജീകരണമുള്ള ആശുപത്രികൾ വേണം. ആ ആശുപത്രികളിൽ നിന്നും കൊവിഡ് രോഗികളെ വീടുകളിൽ തന്നെ പരിചരണം നൽകാൻ കഴിയുന്ന വിധം ഓക്സിജൻ സംവിധാനവും ഉണ്ടാകണം. ആരോഗ്യമേഖല ആരോഗ്യകരമാകട്ടെ. ചിലപ്പോൾ ഇത് അത്ഭുതമായി തോന്നാം.
 

Share :