Archives / july 2021

ഡോ.എസ് എസ് ശ്രീകുമാര്‍
അസീം കവിതകള്‍ അതിപരിചിതത്വത്തിനെതിരെയുള്ള കലാപം

സമകാല കവിതാ രംഗത്ത് അനിഷേധ്യ സാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുന്ന  കവിയാണ് അസീം താന്നിമൂട്.സൂക്ഷ്മഭാവങ്ങളുടെ ഉപാസനയും ബിംബയോജനയുടെ അനായാസതയും ശിഥില ഛന്ദസ്സിലും ആന്തരിക താളത്തെ പ്രത്യക്ഷമാക്കുന്നതിനുള്ള വൈഭവവും ഈ കവിയുടെ പ്രത്യേകതകളാണ്.അസീമിന്‍റെ രണ്ടു സമാഹാരങ്ങളിലുള്ള കവിതകളിലും ശേഷം വിവിധ ആനുകാലികങ്ങളിലായി അടുത്തിടെ വന്ന കവിതകളിലും അതു പ്രകടമാണ്.കവികള്‍ക്ക് അനായാസം സ്വായത്തമാക്കാനാകുന്ന ഒന്നല്ല അത്തരം വഴക്കങ്ങള്‍.ഈ അടുത്ത് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അസീമിന്‍റെ`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ അതിപരിചിതത്വത്തിന് എതിരെയുള്ള കലാപം കൂടിയാകുന്നു:
 ``ദുരൂഹ ജീവിതം മടുത്തൊരു ജല
ത്തുടിപ്പു ചെന്നൊരു കിണറ്റിലൂറുന്നു.
കിണറിനുള്ളിലെയിരുണ്ട വൃത്തത്തിൽ
 നിറഞ്ഞപാരതക്കഴകു നെയ്യുന്നു''
'ജലമരം' എന്ന കവിതയിലെ ഈ വരികള്‍ അസീമിന്‍റെ കാവ്യജീവിതത്തിനു കൂടി ഇണങ്ങുന്നവയാണെന്നു കാണാം.ഏറെനാൾ എഴുത്തു മുട്ടിയ ഈ കവി ഏതോ അവ്യാഖ്യേയ സിദ്ധി തീർച്ചയായും എഴുത്തിനുമുണ്ടെന്ന് വിളിച്ചു പറയുന്നു.സമാഹാരത്തിന്‍റെ തലക്കെട്ടായ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന പ്രയോഗം തന്നെ നോക്കൂ.വിത്തിനുള്ളിലുറങ്ങിക്കിടക്കുന്ന മരമെന്ന സങ്കല്‌പം വളരെ സൂക്ഷ്മമായ സംവേദനത്തെ സാദ്ധ്യമാക്കുന്നതാണ്. കവിയും വിമർശകനുമായ കെ സച്ചിദാനന്ദൻ കേസരി എ ബാലകൃഷ്ണപ്പിള്ളയെക്കുറിച്ചെഴുതിയ ഒരു ലേഖനനത്തിന്റെ പേര് `വിത്തും വൃക്ഷവും'എന്നാണ്.ഇന്നത്തെ നവലോക വൃക്ഷം ഉറങ്ങിക്കിടക്കുന്നത് ആ വിത്തിനുള്ളിലായിരുന്നു എന്നു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 'ജലമര'ത്തിലും നമുക്കൊരു വിത്തു കാണാം.കിളിർത്തുയരുവാൻ മിടിക്കുന്ന തൊടിയിലെ ആഴത്തണുവിലെ ശിഖരം വീശി പരിമിതി കടന്നുയർന്നു പോകുവാൻ ശ്രമിക്കുന്ന ഒരു വിത്ത്.അതിന്റെ ആഗ്രഹപ്പെരുക്കത്തിനൊപ്പം മുഴുകുന്ന ജലമാണ് സ്വന്തം ആഗ്രഹത്തെ തൊടിയിലെ വിത്തിലൂടെ വളര്‍ത്തി കിണർ കടത്തുന്നത്.
  അത് വിത്തിനെ കിളിർപ്പിക്കുകയും ഹൃദയത്തെ കുതിപ്പിക്കുകയും കിണർ കീഴടക്കുകയുമാണ്.ഹൃദയം ബിംബിച്ച പ്രതീതിയിൽ ജലം ആ മരത്തെ നെഞ്ചേറ്റിത്തെളിയുമ്പോൾ തൊടി നിറയെ വിത്തുകൾ നനഞ്ഞ് ദൃശ്യ സമൃദ്ധി പകരുകയാണ്.എന്നാൽ ഒരു ദുരന്ത ദൃശ്യത്തിലാണീ കവിത വന്നു നിൽക്കുന്നത്.ഒടുവിൽ കടപുഴകി വീഴുന്ന ജലമരം മനം കലങ്ങി ജലത്തിലെ ദൃശ്യം അടിമുടി ഇല്ലാതാകുകയാണ്.കാരണം കുടിവെള്ളം തരുന്ന കിണറിലെ സമൃദ്ധമായ ഏതു സസ്യ സമൃദ്ധിയും വളര്‍ച്ചയും കളകളാണ്.കടപുഴക്കി വീഴാന്‍ വിധിക്കപ്പെട്ടവയാണ്.അത്രമേല്‍ ഭാവനാ സമ്പന്നമാണ് ജലമരം എന്ന കവിത. 
          ജലവും വിത്തും 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കവിതയിലും പ്രകാശമാനമായ ബിംബങ്ങളാണ്. ഈ ബിംബ യോജനയിലൂടെ അത്രയൊന്നും പരിചിതമല്ലാത്ത സൂക്ഷ്മഭാവങ്ങളെയാണ് അസീം അവതരിപ്പിക്കുന്നത്.ഇന്നത്തെ ലോകത്തോടുള്ള അതൃപ്തിയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ പ്രേരണയെന്നു പറയാറുണ്ട്.`ഉരവും ജലവും തേടി വേരുകൾ      വിരിഞ്ഞിറങ്ങുന്നതു മാതിരി, 
ആകാശ വിശാലതയിൽ
വിത്തുകളെന്തിനോ
വ്യാമോഹിക്കുന്നതു പോലെ,പൊട്ടിയൊഴുകിയ ഊറ്റുകൾ     
കടലിരമ്പം കിനാക്കാണുന്ന രീതിയിൽ,നിന്റെ നനവിലൂടെ എന്റെ പ്രണയമെന്തിനോ   
പരതി നീങ്ങുന്ന അതേ മട്ടിൽ,
അതിജീവനത്തിന്റെ  ആവേശമാണ് പടർന്നേറാനുള്ള അതിന്റെ ആശ.പുറപ്പെട്ട് ലക്ഷ്യത്തില്‍ എത്തിയോ എത്താതെയോ സുരക്ഷിതമായി   വീട്ടിലേക്കു മടങ്ങുന്നതു പോലെ ലളിതമല്ലത്...എന്ന് കവി സാക്ഷ്യപ്പെടുത്തുന്നു.
ഏറെ വീർപ്പോടെ വിരിഞ്ഞിറങ്ങിയ വൃക്ഷമുൾപ്പടെയുള്ള ഒന്നിനേയും മടങ്ങിപ്പോകാൻ നിർബന്ധിക്കരുത്'(മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്)എന്ന് കവി ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.അതുപോലെ തന്നെ വേരുകൾ മരത്തിലേയ്ക്കും ജലം ഉറവിടത്തിലേയ്ക്കും തിരിച്ചൊഴുകുന്നുവെന്നതും പ്രാഥമിക ജീവിത സ്പന്ദനത്തിലേക്ക് ഭൂമി തിരികെ പോകുന്നതു പോലെ അസാദ്ധ്യവും അസഹ്യവുമത്രെ.ആവർത്തിച്ചു വരുന്ന ഈ ബിംബങ്ങൾ കവിയുടെ ഉപബോധത്തിൽ നിന്നുനണർന്നു വന്ന് ഇഹലോകത്തിന്റെ അതൃപ്തിയെ തന്റെ സർഗ്ഗാത്മകത കൊണ്ട് നേരിടാൻ ശ്രമിക്കുന്നു.അവ ഏതോ ഗൂഢഭാഷയിൽ നിരന്തരം ഇന്നിന്റെ അപൂർണ്ണതകളെ ചെറുത്തു നിൽക്കുന്നു.വരദാനം പോലെയുളള വാക്കുകളിൽ അവ അമരത്വത്തിലേക്കു നടന്നു പോവുന്നു.'തോന്നല്‍'എന്ന കവിതയിലേയ്ക്കു വന്നാല്‍.ഇല്ലായ്മകളിൽ നിന്നു ഉണ്മ സ്വപ്നം കാണുന്ന കവിയെ നമുക്കു കാണാനാകും.ജീവിക്കാൻ കൊള്ളാത്ത ലോകത്തിനെതിരെയുള്ള സൂക്ഷ്മമെങ്കിലും വിധ്വംസകമായ വിപ്ലവം തന്നെയാണത്.'മലഞ്ചെരിവില്ല, മഴകളില്ല/ജല കണിക പോലും പ്രകടമല്ലെങ്കിലും/ പുഴയൊഴുകുന്ന പോലൊരു തോന്നലു/-
ണ്ടിവിടെയിപ്പോൾ/അരികിലായെന്തിലോ/
നിറയെ ബിംബിച്ചതിന്റെ സംതൃപ്തിയാ
ലളകിടുന്നിളം ചോലകൾ,തെന്നലാ/
നനവുമായണഞ്ഞുടൽ കുടയുന്നതായ്
കരുതണേയെന്നു ശിഖരത്തലപ്പുകൾ' എന്നും`കരകവിയുവാനായുള്ള വെമ്പലു/ണ്ടിനിയിവിടെയിരിക്കരുതെന്നതി/ ഗഹനമായൊരു ഭാവം പൊടുന്നനെ
പ്രകടമാക്കപ്പെരുകി നിശ്ശബ്ദത'(തോന്നല്‍)എന്നും നിയതമായ താളക്രമത്തില്‍ രേഖപ്പെടുത്തി 
പുഴയും ഒഴുക്കും ജലവും പ്രതിബിംബനവും മഴയും തെന്നലും തുടങ്ങിയ ഉർവ്വര- ബിംബങ്ങളിലൂടെ ഊഷരമായ സമകാലത്തെ ഈ കവിതകൾ ചെറുത്തു നിൽക്കുന്നു.സർഗ്ഗാത്മകതയുടെ  മന്ത്രവാദം ഹരിത സമൃദ്ധിയായി പ്രത്യക്ഷമാക്കാനുള്ള സജീവ പ്രയത്നമാണ് ഈ കവി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ത്.എന്നാലിതിനെ പരിസ്ഥിതിക്കവിതയായി സ്ഥാനപ്പെടുത്തി അതിന്റെ ബഹുവിതാനങ്ങളെ കാണാതാക്കരുതേ എന്നും ഞാൻ പ്രാര്‍ത്ഥിക്കുന്നു. ഇവിടെയുണ്ടായിരുന്നു ഞാൻ എന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്ന അസീം പൊടുന്നനെ കവിത നഷ്ടപ്പെട്ടയാളായി മാറി.ഭ്രാന്തസഞ്ചാരത്തിന്റെ ദുർ ദിനങ്ങൾക്കു ശേഷം 2017 ഓടെ വീണ്ടും കവിതയെഴുത്തിലേയ്ക്കു തിരിച്ചു വന്ന ഈ കവി നമ്മുടെ സമൂഹാവബോധത്തിന്റെ സ്വപ്ന ദർശനങ്ങളിലേക്ക് വിത്തുകളുടെയും മിത്തുകളുടെയും സുരഭി ക്ഷേത്രത്തിലേക്ക് തിരികെ വരുന്നതിന്റെ സ്വകാര്യാഹ്ലാദം ഇതെഴുതുന്നയാൾക്കുമുണ്ട്.ശിലയും കരിയും സിമന്റും രൂക്ഷം അലരിന്മേൽ വാഴ്ച തുടങ്ങുന്നതിനെതിരെ,ടയറും പെട്രോളും പകലിരവും അലറിക്കുതിക്കുന്നതിനെതിരെ,ഇടവും വലവും ചുമരുകളുയരുന്നതിനെതിരെ  1954 ൽ തന്നെ ഇടശ്ശേരി നൽകിയ മുന്നറിയിപ്പ് അസീം താന്നിമൂടും തുടരുന്നു. അതുകൊണ്ടാണ് ആധുനികവും ആധുനികോത്തരവുമായ കലുഷ കലാപങ്ങളുടെ വാങ്മയങ്ങൾക്കെതിരെ സ്വപ്ന തുല്യമായ ഒരു നിഗൂഢ പ്രവാഹമായി ഈ കവിതകൾ മുന്നോട്ടു വരുന്നത്.എങ്ങനെയോ മരുഭൂമിയിലെ ജലസാന്നിദ്ധ്യം പോലെയും ഇരുളിലെ തിരിവെട്ടം പോലെയും വെളിപ്പെട്ട കവിതകൾ 2017 ഒടെ ' കാണാതായ വാക്കുകളിൽ' സമാഹരിക്കപ്പെട്ടു.വളരെ വേഗം തന്നെ മലയാളി വായനക്കാരിൽ ആത്മമുദ്ര പതിപ്പിച്ചു കൊണ്ടാണ് അസീം 2020 ൽ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന സമാഹാരത്തിലുൾപ്പെട്ട കവിതകളിലെത്തിച്ചേരുന്നത്. ആനുകാലികങ്ങളിലൂടെ അടുത്തിടെ തന്നെ വെളിച്ചം കണ്ട ആ കവിതകൾ പിറവിയുടെ ഉൾപ്പുളകതയോടെ തന്നെ ഈ സമാഹാരം വഴി വായനക്കാരിലെത്തുന്നു.
       ഭാവാത്മകതയേയും അമൂർത്തതയേയും മാത്രം ഉപാസിക്കുന്ന ഒരു കവിയായി നിങ്ങൾ അസീമിനെ സ്ഥാനപ്പെടുത്തരുത്.സംസ്കാരമെന്നത് ഉപരി വർഗ്ഗം കടഞ്ഞുണ്ടാക്കുന്ന സംഗീതമല്ലെന്ന് അസീമിന്റെ' കേട്ടു പതിഞ്ഞ ശബ്ദത്തിൽ', ' മണിച്ചീടെ വീട്ടിൽ വെളിച്ചമെത്തി'എന്നീ കവിതകൾ വെളിപ്പെടുത്തുന്നു.മണിച്ചി എന്ന പേര് നിസ്സന്ദേഹം അവളുടെ അടിസ്ഥാന വർഗ്ഗ ജാതത്വം വ്യക്തമാക്കുന്നു. ഗൃഹഭരണത്തിന്റെ ഉത്തരവാദിത്വത്തോടൊപ്പം ഇര തേടേണ്ടതും സ്വന്തം കടമയാക്കി മാറ്റിയ അവൾ വീട്ടിൽ വൈദ്യുതിയെത്തിയ രാത്രിയിൽ കള്ളുമണവും തെറി പുലമ്പി തല്ലാനുള്ളാങ്കും കരളിലേന്തി കെട്ട്യോനണയുമിരുട്ടിൽ നോക്കി ഒറ്റയ്ക്കു ചെന്നു നിൽക്കാൻ വെളിച്ചം വന്ന ഈ രാത്രിയിൽ മണിച്ചി മറന്നു പോകുന്നു.അത്രനാളവ്യക്തമായിരുന്നതൊക്കെ വെളിപ്പെടുത്തിയ വെട്ടം സ്വിച്ചിട്ടപ്പോൾ തെളിഞ്ഞു കത്തിയ ലൈറ്റിൽ നിന്നുയർന്നതാണ്.സ്വിച്ച്,ലൈറ്റ് എന്നീ വാക്കുകൾ അസാധാരണമല്ല.അതീവ സാധാരണമായ സമകാലിക സംസ്കാരത്തിൽ നിന്നു വരുന്നവ തന്നെ . വെട്ടവും ഇരുട്ടുമെന്ന വിരുദ്ധ ദ്വന്ദ്വങ്ങള്‍ കൊണ്ട് ഇടശ്ശേരി സമകാലിക സംസ്കാരത്തിന്റെ ക്രൂരത വെളിവാക്കിയ 'വിവാഹ സമ്മാന' മെന്ന കവിതയിലെ വെളിച്ചത്തെക്കാൾ വിലയുളള ഇരുട്ടിനെ പ്രത്യക്ഷമാക്കിയതു പോലെ തന്നെയാണിതും.കൂരിരുളോമനേ നീങ്ങി നീങ്ങി നേരിയ വെട്ടം വരികയായി
ഞാനിക്കറുത്തൊരു നീറ്റിൽ മുങ്ങി
കാണാതെയാമ്പോൾ കരയുമോ നീ എന്നതുപോലെ 
ഒക്കത്തു നിന്നൂർന്നു പോയതെന്തെന്ന് അകത്തെ ഇത്തിരി വെട്ടത്തിൽ പരതുന്ന മണിച്ചിയെ നമുക്കു കാണാനാകും.ആ ഒറ്റപ്പെട്ട വീട്ടിൽ കാറ്റിന്റെയോ കടലിന്റെയോ ഇരമ്പലിൽ കാവിന്‍റെ പിന്നിൽ നിന്നുള്ള ഊത്തിൽ വെട്ടം പേടിച്ചു പൊലിഞ്ഞു പോകുമ്പോൾ ഇരവ് തക്കം നോക്കി ഓടിയെത്തുകയും കുഞ്ഞു നിലാവ് കണ്ണു ചിമ്മുകയും ചെയ്യുന്നു.എന്തോ മടിയലണച്ചു കൊഞ്ചിച്ച് ആലോലമാട്ടി രസിക്കും മട്ടിൽ  വെറളിയും വേവലുമുന്തി മാറ്റി അവൾ വെളിവോടെ ആ ഇരുട്ടിൽ മിന്നുകയാണ്. അഹങ്കാരത്തോടെ വീണ്ടുമെത്തിയ വെളിച്ചം മിഴി തുറിച്ചുറ്റു നോക്കുമ്പോൾ രാത്രിയും ഇളം നിലാവും ഞെട്ടുന്നു. സംസ്കൃതിയുടെ ആക്രമണത്തിൽ പ്രകൃതിയെന്നതു പോലെ അവൾ വീർപ്പോടെ എണീറ്റ് സ്വിച്ചണച്ച് ഇരവിനോടൊട്ടി നിന്ന് കുഞ്ഞു നിലാവിന് അമ്മിഞ്ഞ നൽകുമ്പോൾ കവിത അവസാനിക്കുന്നു.കഥാംശമുള്ള ഈ കവിത നാം നേരത്തേ ചർച്ച ചെയ്ത കവിതകളിൽ നിന്ന് പ്രകടമായ അന്തരം കുറിക്കുന്നു.'കേട്ടു പതിഞ്ഞ ശബ്ദത്തിൽ'എന്ന കവിതയും ഈ വിഭാഗത്തിൽ പെടുന്നു.സൂക്ഷ്മതയാണ് അസീം താന്നിമൂടിന്റെ കവിതകളുടെ സവിശേഷതയെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.പക്ഷിയെ വരയ്ക്കൽ, കാടു വരയ്ക്കൽ അശാന്തമായ അസാന്നിദ്ധ്യം എന്നിവ ഈ വിഭാഗത്തിൽ പെടുന്നു.മണൽത്തരിയിൽ മനോഹര ശില്പം കൊത്താനുള്ള തത്രപ്പാടിൽ പണിയായുധങ്ങളുടെ കനവും വീതിയും പ്രശ്നമാകുന്നു. കണ്ണുകൾ,കൈകൾ,മനസ് എന്നിവ അതിനിണങ്ങുന്നില്ല.കുഞ്ഞു കുഞ്ഞു പണിയായുധങ്ങളും അതേമട്ടില്‍
 ചുരുങ്ങിയ ഞാനും അതിനത്യാവശ്യമെന്ന് കവി.എന്നിട്ട് കടൽത്തീര മണലിൽ നിന്ന് ഒരു തരി വേർതിരിച്ചെടുത്ത് കടലിന്റെ ഒരു മനോഹര ശില്പം കൊത്തേണ്ടതുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 'ആരാവാം' അസ്തിത്വ ഗുഹയിൽ നിന്നുത്ഭവിക്കുന്ന ദ്വന്ദ്വാത്മകതയുടെ തലത്തെ പറയാന്‍ ശ്രമിക്കുന്നൊരു കവിതയാണ്.ഉചിത വാക്കുകളൂർന്ന് പോയ വരികൾ പോലെ ശേഷിപ്പുകൾ എതുക തെറ്റി ഇടറി നിൽക്കുന്ന വൃത്തമുള്ള വരിയിലെഴുതുവാൻ വിട്ടു പോയ' 'ഊ' കാരത്തെ പോലെ ('ൂ' ഈ ചിഹ്നം തലക്കെട്ടായുള്ള കവിത),ഉത്തരത്തിൽ മുറുകും കുരുക്ക് കരിങ്കല്ലിൽ കൊത്തിയ പ്രാചീന ഭാഷപേറുന്ന ലിപിയുടെ മട്ടില്‍ തെല്ലുമർത്ഥം സ്ഫുരിക്കാത്ത വാക്യമായി ഞാന്നു നിൽക്കുമ്പോൾ വരിയിൽ നിന്നുമിഴഞ്ഞെത്തിയ വരണ്ട അവ്യക്തത ചോട്ടിലെത്തുന്നു....എന്നിങ്ങനെയുള്ള അസാമാന്യ കല്പനകളിൽ അതാര്യതയെ പുല്കാനുളള കവിയുടെ ആഗ്രഹം കാണാം.എന്നാലിത് നിരർത്ഥകതയെ ഉപാസിക്കുകയല്ല;ചിരപരിചിതത്തിനുമേലുള്ള കലാപമായാണിതനുഭവപ്പെടുന്നത്.
'പക' എന്ന കവിത നോക്കുക.കണ്ണാടിയിലെ സ്വപ്രതിബിംബത്തില്‍ അപരസാന്നിദ്ധ്യം കണ്ട് പകയോടെ നിരര്‍ത്ഥകമായി അടരാടുന്ന രണ്ടു കിളികളെ കാണാം.ഇവിടെ രണ്ട് എന്നത് ഒരാളിലെ തന്നെ ദ്വന്ദ്വവ്യക്തിത്വമാണെന്നതും ശ്രദ്ധിക്കണം.അവ പരസ്പരം പോരടിച്ച് പ്രതലഭിത്തി ഭൂതലംപോലെ ഇരുണ്ടവ്യക്തമായി പോകുന്നു.ഏറെ സാമൂഹിക മാനങ്ങളുള്ളൊരു കവികയാണ് 'പക' എന്ന് പറയാതെ വയ്യ.അസീമിന്‍റെ ഒരുകവിതകളും ഒറ്റവായനയുടെ തൃപ്തിയില്‍ മാത്രം പെടുന്നതല്ല.പിന്നെയും പിന്നെയും വായിക്കുമ്പോള്‍
മറ്റനേകം തലങ്ങളും അതിലേറെ ആശ്ചര്യങ്ങളും പകരാനുള്ള ശേഷികളുള്ളവയാണ്.ആദ്യവായനയില്‍ കിട്ടുന്നതല്ല പിന്നെ കിട്ടുക.തുടര്‍വായനയില്‍ ആദ്യം കിട്ടിയ അര്‍ത്ഥതലങ്ങള്‍ അടഞ്ഞുപോകുന്നുമില്ല.നേരിയൊരസ്വാസ്ഥ്യത്തിന്‍റെ ഓര്‍മ്മ
യാകണം എന്നേയുള്ളൂ 
 എന്ന് തൊട്ടാവാടി മുള്ളില്‍ അസീം പറയുന്നുണ്ട്.അത്തരമൊരസ്വാസ്ഥ്യം 
വെവ്വേറെ മാനങ്ങളില്‍ 
 വായനയിലും ലഭിക്കുന്നു എന്നതാണ് സത്യം.`തൊട്ടാല്‍ കൂമ്പിപ്പോകുന്ന ഹൃദയങ്ങള്‍ക്കിടയിലാണു പാര്‍പ്പ്.ആ വിങ്ങലുകളാണ് ഈ കൂര്‍പ്പ്...'അങ്ങനെയാണ് 'തൊട്ടവാടി മുള്ള്'അവസാനിക്കുന്നത്.കൂര്‍പ്പ് എന്നത്  വലിയ രാഷ്ട്രീയ ഭാരമുള്ള പദമാണ്.അസീം കവിതകളില്‍ വര എന്ന പദം ആവര്‍ത്തിച്ചു വരുന്നതും കാണാം.സൃഷ്ടിദാഹത്തെ വെളിവാക്കാനുതകുന്ന പദമായതിനാലാവാം എന്നു കരുതുന്നു.'കാടുവരയ്ക്കല്‍','അടഞ്ഞ വീടുകള്‍','ജാലകപ്പഴുത്'എന്നീ കവിതകളി
ലും അതുകാണാം.ശില്പം പരുവപ്പെടുന്നതെങ്ങനെ എന്ന കവിത സൃഷ്ടിയുടെ മുഴുവന്‍ ഉള്ളടങ്ങുന്നു.കവിയുടെ അബോധത്തെക്കൂടിയാണതു വെളിവാക്കുന്നത്.കവിതകളില്‍ നാട്ടുമൊഴികളുടെ ചേരുവ
കൃത്യതയോടെ കടഞ്ഞു വെയ്ക്കാന്‍ ഈ കവിക്കുള്ള ശേഷിയെക്കൂടി പറയേണ്ടതുണ്ട്.ശിഥില ഛന്ദസില്‍പ്പോലും താളാത്മകതയുടെ ഒരു സ്വാഭാവിക വഴക്കവും കവിതകള്‍ കാത്തുവെച്ചിട്ടുണ്ട്.മലയാള കവിതയ്ക്ക് ജീവനുള്ളതും ബൗദ്ധിക പരിധിയില്‍ പെടുന്നതുമായ അനേകം ഈരടികള്‍`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തില്‍'നിന്നും വായിച്ചെടുക്കാം.അധികപ്പേടി,ജലമരം ച്യൂയിങ്ഗം,പക്ഷിയെ വരയ്ക്കല്‍,ആരാവാം,തോന്നല്‍,കടല്‍ജലഭ്രമം,ഉള്ളകം എന്നിങ്ങനെയുള്ള നിയത വൃത്തഘടനയുള്ള കവിതകളില്‍ ആ ബൗദ്ധികവും ഫിലോസഫിക്കലുമായ വശം വ്യക്തമാണ്.അശാന്തമായ അസാന്നിധ്യം,കണ്‍ഫ്യൂഷന്‍,അവ്യക്തത,കേട്ടുപതിഞ്ഞ ശബ്ദത്തില്‍,പ്രളയം....തുടങ്ങിയ കവിതകളില്‍ ആന്തരിക താളക്രമത്തിലാണ് ആ തലം പ്രവര്‍ത്തിക്കുന്നത്.അശാന്തമായ സൃഷ്ട്യുന്മാദം കൂടിയാണ് അസീം കവിതകള്‍ എന്നും അനുമാനിക്കാനാവും.

 

Share :