Archives / july 2021

എംകെ.ഹരികുമാർ
വായനയും എഴുത്തും

ജർമ്മൻ ചിന്തകനായ ആർതർ ഷോപ്പനോർ (Arthur Schopenhauer) അധികവായനയോട്  പ്രതികരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "മറ്റുള്ളവരുടെ ചിന്തകൾ സ്ഥിരമായി ഉൾക്കൊള്ളാൻ പിന്തുടർന്നാൽ നിങ്ങളുടെ സ്വന്തം ചിന്തയും വീര്യവും  നഷ്ടപ്പെടും. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത് ചിന്തയെ മൃദുവാക്കും" . സ്വന്തമായി ആലോചിക്കാനുള്ള സിദ്ധി നഷ്ടപ്പെടുത്തുന്ന തരത്തിൽ  വായിച്ചിട്ട് കാര്യമില്ല .ഇവിടെ വിമർശകരും പണ്ഡിതരുമെന്ന് അവകാശപ്പെടുന്നവരിൽ, ഈ  രീതിയിൽ സ്വന്തം ചിന്ത നശിപ്പിച്ചവരെയല്ലേ കാണാൻ കഴിയുക ? ചിലർ ചിന്തിക്കാതിരിക്കാൻ വേണ്ടിയാണ് സംഘടനകളിൽ ചേരുന്നത് .എന്തൊരു വിചിത്രമായ ആശയം!ചിന്തിക്കാനല്ല , ചിന്തിക്കാതിരിക്കാനാണ് പലരും അഭയം തേടുന്നത്‌.സംഘടന ഒരു ന്യായീകരണമാണ്. കാരണം, സംഘടനയാണ് ചിന്തിക്കുന്നത്, വ്യക്തികളല്ല .സംഘടനയിൽ വ്യക്തികളില്ലല്ലോ. അവിടെ  ആളുകളാണുള്ളത്. അവർക്ക് വേറിട്ട മുഖമില്ല . എല്ലാവർക്കും ഒരേ മുഖമാണ്. അതുകൊണ്ട് വിമർശകൻ വെറുതെ വായിക്കുകയും വായിച്ചതിനെക്കുറിച്ചൊക്കെ പരിചയപ്പെടുത്താൻ വേണ്ടി  എഴുതുകയും ചെയ്തിട്ട് കാര്യമില്ല. എന്ത് പരിചയപ്പെടുത്തുന്നു എന്നതിലല്ല, എങ്ങനെ പരിചയപ്പെടുത്താതിരിക്കുന്നു എന്നതിലാണ് പ്രാധാന്യം. മറ്റുള്ളവരുടെ ചിന്തകൾ അറിയിക്കാൻ വേണ്ടി എന്തിനാണ് ഞാനെഴുതുന്നത്? എനിക്ക് ചില ആശയങ്ങൾ എന്നിൽ നിന്ന് കണ്ടെടുക്കാനുണ്ട് .അതിനാണ് ഞാൻ എഴുതുന്നത്. അതിനു വേണ്ടിയാണ് വായിക്കുന്നത്. അത് ഒരേ സമയം അന്വേഷണവും നിർമ്മാണവുമാണ്. ചിലപ്പോൾ ഞാൻ തോറോയെ വായിക്കുന്നു. അതിനു ശേഷം തോറോയുടെ ആശയങ്ങൾ എടുത്തെഴുതിയിട്ട് എന്താണ് പ്രയോജനം? ഞാൻ എന്തു ചിന്തിക്കുന്നു എന്നാണ് ആണ് കണ്ടുപിടിക്കേണ്ടത് .എനിക്ക് ആലോചിക്കാൻ കഴിയുന്നതാണ് ഞാൻ മറ്റുള്ളവരെ വായിക്കുമ്പോൾ കണ്ടെത്തുന്നത് .അതുകൊണ്ട് എൻ്റെ  വായന എന്നെത്തന്നെ തിരയാനുള്ളതാണ്. അതൊരിക്കലും എന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള യാത്രയല്ല.


ആവശ്യമുള്ളതും ഇല്ലാത്തതും വായിക്കുക എന്ന പ്രശ്നം എൻ്റെ മുന്നിൽ വന്നിട്ടുണ്ട് .ധാരാളം വായിക്കുക എന്ന ചിന്ത ഒരു വികാരമായി എന്നെ ഭരിച്ചിട്ടില്ല.എന്നാൽ  എന്തെങ്കിലുമൊക്കെ മിക്കപ്പോഴും വായിക്കാറുണ്ട് .എനിക്ക് ആവശ്യമില്ലാത്തത് വായിക്കുന്നത്  ഭാരമാണ്. എൻ്റെ ചിന്തയുടെ  ഉപയോഗത്തിനായി ഞാൻ മാറ്റിവയ്ക്കുന്ന വസ്തുക്കൾ എന്ന നിലയിലാണ് വായനയിൽ നിന്നുള്ള വിഭവത്തെ ഞാൻ നോക്കികാണുന്നത്.


എൻ്റെ ഏകാന്തസഞ്ചാരങ്ങളിൽ ഒരു സഹയാത്രിക ഉണ്ടാകുന്നതുപോലെ ഹൃദ്യമായിരിക്കുമത്. ഏതു വലിയ ചിന്തകനായാലും നമുക്ക് യോജിക്കാനാവാത്ത ആശയങ്ങൾ പറയുന്നുണ്ടാവും. അവിടെ വിയോജിക്കണം. എങ്ങനെ വിയോജിക്കണം? അത്  മറക്കുകയാണ് അഭികാമ്യം. എത്ര മഹാനായാലും നമുക്ക് യോജിക്കാവുന്നതുമായാണ് സഖ്യത്തിലേർപ്പെടേണ്ടത്.

എന്നാൽ അത് അവിടെ അവസാനിക്കാനുള്ളതല്ല ;നമ്മുടെ തുടർ ചിന്തകൾക്കുള്ള ഒരു പുറപ്പാടാണത്. നമ്മൾ ഒറ്റയ്ക്ക് തന്നെ പൂർത്തിയാക്കുകയോ , അല്ലെങ്കിൽ പൂർണമാണെന്ന ചിന്തയുടെ തലത്തിൽ  അവസാനിപ്പിക്കുകയോ ചെയ്യേണ്ട ഒരു യജ്ഞമാണത്.

ഇക്കാര്യം പാസ്കൽ ഇങ്ങനെ വിവരിച്ചു: " ഏതാണ് പ്രധാനമെന്ന്  തിരിച്ചറിയാതെ കുറച്ചധികം കാര്യങ്ങൾ നിങ്ങൾക്കറിയാമായിരിക്കും. രണ്ടുതരത്തിലുള്ള അജ്ഞതയുണ്ട്. ഒന്ന്, എല്ലാവരും പിറന്നുവീഴുന്ന സ്വാഭാവികമായ അജ്ഞത .മറ്റൊന്ന് ബുദ്ധിമാന്മാരെന്ന് വിളിക്കപ്പെടുന്നവരുടെ അജ്ഞതയാണ് " . വലിയ പണ്ഡിതന്മാരെന്ന് സ്വയം കരുതുന്നവരുണ്ട്. അവർക്ക് പക്ഷേ, യഥാർത്ഥ ജീവിതവുമായി ബന്ധമില്ല. അവർ സാധാരണ മനുഷ്യരെയോ, അവരുടെ ജീവിതത്തെയോ മനസ്സിലാക്കുന്നില്ല. ഈ പ്രശ്നമാണ് പാസ്കൽ ചൂണ്ടിക്കാണിച്ചത് .അതുകൊണ്ട് അജ്ഞതയെ പെരുപ്പിക്കുന്നതാകരുത് നമ്മുടെ വായന. അതിനു ജീവിതവുമായി എപ്പോഴും ബന്ധം ഉണ്ടാകണം.

Share :