Archives / April 2021

സ്മിത സ്റ്റാൻലി മുപ്പത്തടം.
അജ്ഞാത പ്രണയം

 ആദ്യമായി ഒരു പ്രണയ ലേഖനം കിട്ടിയ കൗമാരക്കാരിയെ പോലെ നാണം കൊണ്ട് ചുമന്നു തുടുത്ത ആകാശം.

കാമുകനെ കണ്ടു മതി മറന്നു പോയ പ്രണയിനിയുടെ കൊഞ്ചൽ പോലെ കുണുങ്ങി ഒഴുകുന്ന കൊച്ചരുവി. രാത്രിയിലെ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഇത് വരെ പൂർണമായി ഉണരാത്ത പ്രകൃതിയുടെ അലസ ഭാവം.

അതിമനോഹരമായ ഈ പ്രണയ സാമ്രാജ്യത്തിൽ ഇനിയൊരു ജന്മം കൂടെ ലഭിച്ചിരുന്നെങ്കിൽ എന്ന്  കവി ഹൃദയം ചിന്തിച്ചുവെങ്കിൽ അതിൽ അതിശയോക്തി തീരെയില്ല.   അഞ്ജലി എല്ലാം മറന്നു ലയിച്ചു പുൽത്തകിടിയിൽ  ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ് . എന്നും ഇങ്ങനെ സ്വപ്നം കാണാനായിരുന്നു അവൾക്ക് ഇഷ്ടം.  കാതരമായ കാറ്റ് വന്ന് ആ സുന്ദരമായ കാതുകളിൽ എന്തോ  മൂളി. ചെറിയൊരു പുഞ്ചിരി മാത്രം അവൾ പകരം  നൽകി. 

ഇടയ്ക്കെപ്പോഴോ വീട്ടിലേക്ക് തിരിച്ചു പോകാൻ സമയമായെന്ന ചിന്ത വിളിക്കാത്ത അതിഥി പോലെ അവളിൽ കടന്നു വന്നു. മനസ്സില്ലാ മനസ്സോടെ അവൾ വീട്ടിലേക്കു നടന്നു .എല്ലാ സായന്തനങ്ങളും അവൾ ഇവിടെ വന്നു സ്വയം മറന്നിരിക്കും.

ആ മനസ് മുഴുവൻ പ്രണയം ആയിരുന്നു. അതു വാനോളം നിറഞ്ഞു തുളുമ്പി അവളെ വല്ലാതെ അസ്വസ്ഥമാക്കി . പണ്ട് മുതൽ വായിച്ചു കൂട്ടിയ കഥകളിലെ പ്രണയത്തിന്റെ രാജകുമാരിയായി അവൾ മാറി. 

എന്നാൽ എത്ര നാൾ കഴിഞ്ഞിട്ടും ആ പ്രണയം പങ്കിടാനായി ഒരു കാമുകനെ അവൾക്ക് കണ്ടെത്താനായില്ല .  എങ്കിലും അവൾ ആരോടും പറയാതെ അജ്ഞാതനായ ആ കാമുകനെ പ്രണയിച്ചു കൊണ്ടിരുന്നു .

ശ്രീ കൃഷ്ണന്റെ രാധ ആയിരുന്നു പുരാണ കഥയിലെ അവളുടെ ഇഷ്ടകഥാ പാത്രം. പ്രണയത്തിന്റെ പനി നീർ പുഷ്പത്തെ അവൾ വീട്ടിലെ കൊച്ചു പൂന്തോട്ടത്തിൽ പരിപാലിച്ചു വളർത്തി. സ്വന്തം ഇഷ്ടങ്ങളിൽ അലിഞ്ഞു ചേർന്ന് അവൾ ജീവിക്കുകയായിരുന്നു..

സ്വപ്‌നങ്ങൾ നിറഞ്ഞ ഒരുപാട് ചിത്രങ്ങൾ വരയ്ക്കുമായിരുന്നു അവൾ . പ്രണയ ഭാവങ്ങൾ വർണച്ചാർത്തണിഞ്ഞു അവളുടെ ചിത്രങ്ങളെ കൂടുതൽ മനോജ്ഞമാക്കി. എന്നിട്ടും അവൾ ഒരു നല്ല ചിത്രകാരിയായി തീർന്നില്ല.

  പഠനം പാതി വഴിയിൽ നിർത്തിയപ്പോൾ വീട്ടുകാർ അവളിൽ അർപ്പിച്ച പ്രതീക്ഷകൾ കൈ വെടിഞ്ഞു. സമയമാകുമ്പോൾ വിവാഹം കഴിപ്പിച്ചു അയക്കുക എന്നത് മാത്രമായി വീട്ടുകാർക്ക് അവളെ ക്കുറിച്ചുള്ള ഏക ചിന്ത.

ഇതിനിടയിൽ രോഗിയായ അമ്മയുടെ മരണം അവളിലെ മകളെ നൊമ്പരപ്പെടുത്തി. ഏക മകളുടെ വിവാഹം എന്നത് ആ സാധു സ്ത്രീയുടെ സ്വപ്നം ആയിരുന്നു.അമ്മയുടെ ആഗ്രഹം മനസ്സിലാക്കാൻ കഴിയാതെ പോയത് അവളുടെ തോൽവിയും.

അമ്മയുടെ മരണത്തോടെ ജീവിതത്തിൽ ഒരു ഒറ്റപ്പെടൽ അവൾ ആദ്യമായി തിരിച്ചറിഞ്ഞു. കാലം വീണ്ടും കടന്നു പോയി. അവളിലെ കാമുകി മാത്രം  മങ്ങാതെ തെളിഞ്ഞു നിന്നു 

  ഓരോ ആലോചനയും ഓരോ കാരണം പറഞ്ഞു കൊണ്ട് അഞ്ജലി ഒഴിവാക്കി ക്കൊണ്ടിരുന്നു. വർഷങ്ങൾ ഓരോന്നായി കടന്നു പോയി. അതനുസരിച്ച് അഞ്‌ജലിക്ക് വിവാഹ കമ്പോളത്തിൽ മാറ്റ് കുറഞ്ഞു.

സ്വന്തം മനസ്  ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കാനോ ഇഷ്ടത്തെ കണ്ടെത്താനോ കഴിയാതെ പോയ  പാവം പെണ്ണൊരുത്തി! . ഒരു അപരിചിതനെ വരനായി സ്വീകരിക്കാൻ കഴിയാതെ അകത്തളത്തിൽ അവൾ ഒളിച്ചു. മുടിയിഴകളിൽ നര തെളിഞ്ഞു തുടങ്ങി.

മനസിലെ പ്രണയത്തെ അവൾ ആദ്യമായി ശപിച്ചു.അസ്തമയ സൂര്യനെ അവൾ വെറുത്തു. ഇളം കാറ്റ് അവളെ തേടി പുൽത്തകിടിയിൽ വന്നു നിരാശയോടെ മടങ്ങി. വീട്ടുകാർക്ക് അഞ്ജലി ഒരു കടങ്കഥയായി. നിഗൂഢമായ അവളുടെ മനസിനെ സ്വന്തം അമ്മ പോലും തിരിച്ചറിഞ്ഞിരുന്നില്ല എന്നത് മറ്റൊരു വാസ്തവം! 

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പോലെ അവൾക്ക് തോന്നി തുടങ്ങി.സ്വന്തം വീട്ടിൽ താൻ ഒരു അധികപ്പറ്റായി പോയാലോ എന്ന ചിന്ത വന്നപ്പോൾ അവൾ ചിലത് തീരുമാനിച്ചു.

ഒടുവിൽ ആകെയുള്ള കൂടപ്പിറപ്പായ ജ്യേഷ്ഠനെ പിരിയാൻ  അവൾ തീരുമാനിച്ചു. ഏട്ടൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.അച്ഛന്റെ മരണശേഷം ജ്യേഷ്ഠൻ തന്നെ പൊന്നു പോലെയാണ് നോക്കിയത്. ഇപ്പോൾ അമ്മയും പോയി. അതോടെ ഏക അത്താണി ഏട്ടൻ ആയി. ഇനി ഏട്ടന് തന്നോട് ഇഷ്ടക്കുറവ് വന്നാൽ അത് താങ്ങാൻ കഴിയില്ല. അവൾ ആരും കാണാതെ ഒരു നാൾ പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ  നടന്നു.

പെങ്ങളെ കാണാതെയായപ്പോൾ വേവലാതിയോടെ സഹോദരൻ അവൾ പോകുന്ന ഇടങ്ങളിലെല്ലാം അന്വേഷിച്ചു.

കുളക്കരയും പ്ലാവിൻ ചോടും, വയൽക്കരയും എല്ലാം ശൂന്യം. പത്രത്തിലും പരസ്യം കൊടുത്തു നോക്കി. രക്ഷയില്ല.ഒടുവിൽ ഭാര്യയുടെ തീക്ഷ്ണമായ നോട്ടത്തിൽ അയാൾ സ്വയം ഒതുങ്ങി.കൂടുതൽ അന്വേക്ഷണങ്ങൾക്ക് അവർ സമ്മതിച്ചില്ല.

കുടുംബത്തിനു പേരുദോഷം തന്നു പോയവളെ തിരഞ്ഞിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു എല്ലാരുടെയും ചിന്ത..  പിന്നീടാരും അഞ്ജലിയെ കണ്ടിട്ടില്ല.ഉള്ളിലെ പ്രണയത്തെ അവൾ ഉള്ളിൽ തന്നെ ഒളിച്ചു വച്ചു.

എന്നാൽ പ്രകൃതി മാത്രം ആ പൂത്തുലഞ്ഞ പ്രണയത്തിന് സാക്ഷിയായി.  ഒടുവിൽ  പ്രണയം പകർന്ന പ്രകൃതിയിൽ തന്നെ അവളുടെ ഓർമ്മകൾ  അലിഞ്ഞു ചേർന്നു. മറവിയുടെ വേഷം അതിനെ വൈകാതെ മറച്ചു കളഞ്ഞു.

 

 

Share :