Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
പ്രണയമരങ്ങൾ

ദൂരെയാ താഴ്‌വരയിൽ

മുന്തിരിപടർപ്പുകൾക്കിടയിൽ

മധുരമിറ്റുന്ന ശലഭങ്ങളായി

നമ്മൾ പറന്നുകൊണ്ടിരിക്കും,

മുതിരിച്ചാറും തേനും നമ്മുടെ

ചുണ്ടുകളിലെ മധുരം കണ്ട്

അസൂയപ്പെടും.

നാരകമുള്ളുകൾ

നമ്മുടെ കണ്മുന മുന്നിൽ

ലജ്ജയോടെ തല കുനിക്കും.

അവിടെ വേനലേറ്റ് പൊള്ളിയ

മരുഭൂവിൽ വേഴാമ്പലുകൾ

നമ്മുടെ പെയ്ത്ത്‌ കാത്ത്

നിൽപ്പുണ്ടാവും.

നാമെന്ന മരങ്ങളവിടെ

പെയ്തുകൊണ്ടിരിക്കും.

പ്രണയസമുദ്രത്തിൽ നനഞ്ഞു

കുളിർ കൊണ്ട്

നിലാവ് കിനാവുകൾ കണ്ടു മയങ്ങും

നിഴലുകൾ പരസ്പരം വാരിപ്പുണർന്ന്

ചുംബിക്കും.

അവിടെ രണ്ട് പ്രണയമരങ്ങൾ

പൂത്ത് കൊഴിഞ്ഞുകൊണ്ടിരിക്കും...

 

 

Share :