Archives / july 2021

കുളക്കട പ്രസന്നൻ
ഇന്ത്യ ഒറ്റപ്പെടുന്നു

ഇന്ത്യയ്ക്ക് ലോക രാജ്യങ്ങൾക്കിടയിൽ ഒരു സ്ഥാനമുണ്ടായിരുന്നു. അതിപ്പോഴുണ്ടോ ? ഉത്തരം തരേണ്ടത് ഇന്ത്യൻ ഭരണാധികാരികളാണ്.

പക്വമായ ഇന്ത്യൻ നയങ്ങളാണ് ലോകത്തിനു മുന്നിൽ ഈ വികസ്വര രാജ്യത്തെ വേറിട്ടു നിർത്തിയത്. അതിൻ്റെ അടിസ്ഥാന ശിലയായിരുന്നു ഇന്ത്യയുടെ ചേരിചേരാ നയം. ഇന്ത്യയുടെ വാക്കുകൾ ലോകം സശ്രദ്ധം വീക്ഷിക്കാനും കാരണം ചേരിചേരാ നയം തന്നെ . ഇന്നാ നയം ഇന്ത്യയ്ക്കില്ല. ഇപ്പോഴുള്ളത് ചേരി ചേരൽ നയമാണ്. അതോടെ എക്കാലവും ഇന്ത്യയുടെ സുഹൃത്തായിരുന്ന റഷ്യ മറ്റൊരച്ചുതണ്ടിലേക്ക് മാറികൊണ്ടിരിക്കുന്നു. റഷ്യ - ചൈന - പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ ചേരി ശക്തമാകുമ്പോൾ ഇന്ത്യയുടെ നില ആശങ്കാജനകമല്ലെ.

ഇന്ത്യ അമേരിക്കൻ സാമ്രാജ്യത്വത്തോട് അടുത്തത് റഷ്യയ്ക്കിഷ്ടപ്പെടണമെന്നില്ല. എന്നു മാത്രമല്ല റഷ്യയെക്കാർ ശക്തമായ രാജ്യമാണിന്ന് ചൈന. 

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈന, പാകിസ്ഥാൻ ഇന്ത്യയോട് പൊരുത്തപ്പെട്ടു പോകുന്നവരല്ല. കൂടാതെ ഇന്ത്യയുടെ മറ്റു പല അയൽ രാജ്യങ്ങളുമായി ചൈനയ്ക്കുള്ള സൗഹൃദം ഇന്ത്യയെ കൂടുതൽ വിഷമവൃന്ദത്തിലാക്കുന്നു. നേപ്പാൾ ഒരിക്കൽ ഇന്ത്യയുമായി നല്ല സൗഹൃദത്തിലായിരുന്നുവെങ്കിൽ ഇന്നതല്ല സ്ഥിതി. ഇന്ത്യൻ മഹാസമുദ്രത്തിലും ചൈന കടന്നുകയറ്റത്തിനു ശ്രമിക്കുന്നത് തടയിടാൻ അമേരിക്കൻ -ഇന്ത്യ സൗഹൃദം കൊണ്ട് കഴിയുമോ എന്നത് സംശയകരമാണ്. ആ സംശയം ബലപ്പെടുത്തുന്ന സംഭവമാണ് ഈ അടുത്ത കാലത്ത് അമേരിക്കൻ കപ്പൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ നങ്കൂരമിട്ടത്. 

ഒരിക്കൽ സോവിയറ്റ് യൂണിയനും അമേരിക്കയുമാണ് ലോക രാജ്യങ്ങളെ ഇരു ചേരിയിൽ നിന്ന് നയിച്ചത്. സോവിയറ്റ് യൂണിയൻ്റെ പതനത്തോടെ അമേരിക്ക ചോദ്യം ചെയ്യപ്പെടാത്ത ലോകപോലീസായി മാറി. എന്നാൽ അതിന് മാറ്റം വന്നിരിക്കുന്നു. ചൈന സോവിയറ്റ് യൂണിയൻ്റെ സ്ഥാനത്തേക്ക് എത്തപ്പെട്ടു. ഇന്ത്യാ-പാക് യുദ്ധവേളയിലും ഇന്ത്യ - ചൈന യുദ്ധവേളയിലും ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിൻ്റെ പേരിലെ ഉപരോധസമയത്തും ഇന്ത്യയ്ക്ക് പഴയ സോവിയറ്റ് യൂണിയൻ്റെയും പിൽക്കാല റഷ്യയുടെയും പിന്തുണ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിശ്വസ്തസുഹൃത്ത്.

ചേരിചേരാ നയം വിട്ടിറങ്ങുകയും ചെയ്തു കരുത്തുറ്റ ഒരു സഖ്യത്തിലെത്തപ്പെട്ടില്ല എന്നതായി ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. എവിടെയാണ് പാളിച്ചയുണ്ടായത്. അതു വരുംകാല ചരിത്ര ഗവേഷകർക്ക് വിടാം.

ഇവിടെ മറ്റൊന്നുകൂടി പറയേണ്ടതുണ്ട്. ഇന്ത്യയിൽ ഏതു വിഷയത്തിലും വിഭജനവാദം ഉയർത്തുന്ന ഭരണകൂട രീതിയെ ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നോട്ടു നിരോധനത്തിലും കാർഷിക ബില്ലിനെതിരെയുള്ള കർഷക സമരത്തിലും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാലും അതിനെ നേരിടാൻ വിഭജനവാദം എന്ന ഗവേഷണം നടത്തുന്ന ഭരണകൂട രീതി രാജ്യത്തും ശക്തമായ എതിർപ്പിനു വഴിവെയ്ക്കുന്നു.

കൊവിഡ് പ്രതിരോധത്തിലെ പാളിച്ച യോടെ ഇന്ത്യയുടെ സ്ഥിതി ലോകം തിരിച്ചറിയുന്നു. ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവീഴുമ്പോഴും കൊവിഡ് പ്രതിരോധ പ്രവർത്തനം വേഗത്തിലാക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്ക് കഴിയുന്നില്ല. ഓക്സിജൻ എത്തിക്കാൻ റഷ്യയുൾപ്പെടെ തയ്യാറായി. പക്ഷെ, അമേരിക്ക അവശ്യത്തിനു സഹായിച്ചോ ? ഇന്ത്യ നിരന്തരമായി സമർദ്ദം ചെലുത്തിയപ്പോൾ അമേരിക്കൻ തമ്പുരാൻ സഹായിക്കാമെന്ന് മൊഴിഞ്ഞിട്ടുണ്ട്.

ഈ രാജ്യത്തെ സ്ഥിതി ഒന്നുകൂടി അറിയണം. ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദരിദ്രരുടെ എണ്ണം 13.4 കോടിയായി. ഈ പഠനം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെൻ്ററിൻ്റെതാണ്. അതായത് ഇന്ത്യ 45 വർഷം പിന്നിലേക്ക് പോയെന്ന്.

ഒരു പിടി കോർപ്പറേറ്റുകൾക്ക് വേണ്ടി ഒരു ഭരണകൂടം മാറിയപ്പോൾ ജനവികാരത്തെ തടഞ്ഞു നിർത്താൻ മതേതരത്വത്തെ മുറിവേല്പിച്ച് വിഭജനവാദം പ്രയോഗിക്കുമ്പോൾ ജനങ്ങൾ ശരിയും തെറ്റും തിരിച്ചറിയുന്നുണ്ട്. അതിൻ്റെ തെളിവാണ് ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മോദി സർക്കാർ മുന്നോട്ടു വെച്ചപ്പോൾ ഒരു രാജ്യം ഒരു വാക്സിൻ വില എന്ന് ജനങ്ങൾ വിളിച്ചത്. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ നയങ്ങൾ ബൂമറാങ്ങായി മാറും. അപ്പോഴും പറയാനുള്ളത് ഇന്ത്യയെ ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്ന നയങ്ങളിൽ നിന്ന് പിൻമാറുക എന്നാണ്.

കമൻ്റ്:  ഇന്ത്യയുടെ അയലത്തുള്ള കുഞ്ഞു രാജ്യങ്ങളാണ് നേപ്പാളും മാലദ്വീപുമൊക്കെ. ആ രാജ്യങ്ങളുമായി ഉണ്ടായിരുന്ന സൗഹൃദം പോലും കാത്തു സൂക്ഷിയ്ക്കാൻ കഴിയാത്ത ഇന്ത്യൻ ഭരണാധികരികളുടെ ലവൽ വേറെയൊന്നു തന്നെ.
 

Share :