Archives / March 2021

ഫില്ലീസ് ജോസഫ്
വിധിക്കപ്പെടാതിരിക്കാൻ നമുക്ക് വിധിക്കാതിരിക്കാം. (ഓർമ്മച്ചില്ലകൾ തളിർത്ത

പിറ്റേന്ന് വൈകിട്ട് കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയ എന്നെ കാത്ത് കുറച്ച് വാടിയ മുഖങ്ങൾ ഉണ്ടായിരുന്നു. സ്വതവേ അധികം സംസാരിക്കാത്ത അമ്മ എന്നോട് " എന്നാലും മോളേ നീ" .... കാര്യമറിയാതെ നിന്ന ഞാനൊന്ന് ഞെട്ടിത്തിരിഞ്ഞു. മുറം പോലെയുള്ള ബാഗും ചോറ്റുപാത്രവും റെക്കോസ്ബുക്കും ടീപോയിൽ വച്ച് ഞാൻ ചോദിച്ചു. "എന്താ സംഭവം? പപ്പ ഇന്ന് പോയില്ലേ?" ഉച്ചയ്ക്ക് പ്രാക്ടിക്കൽ ക്ലാസിൽ നിന്ന് കാല് വേദനിച്ചതും അവസാനം ആനയോണും ക്യാറ്റയോണും കണ്ടെത്തിയതും 4.10 ന്റെ ബസിൽ ഓടിയെത്തി കയറിയതും ഞെങ്ങിഞെരുങ്ങി യാത്ര ചെയ്തതും പറയാതെ ഞാൻ എല്ലാവരെയും ആശ്ചര്യത്തോടെ നോക്കി നിന്നു.

പപ്പ ഒരു ചെറുചിരിയോടെ അമ്മയോട് പറഞ്ഞു." "അവൾക്ക് ഒരു ചായ കൊടുക്കെടീ", ചായ കൊണ്ടുവന്ന അമ്മയോട് പപ്പ പറഞ്ഞു." അത് ആരാണെന്ന് ചോദിച്ച് മനസിലാക്ക് ... നാണക്കേട് ഉണ്ടാക്കാനല്ല, പഠിക്കാനാണ് കോളേജിൽ വിട്ടതെന്ന് പറഞ്ഞേക്ക്" പപ്പ ഒരു സിഗരറ്റ് കത്തിച്ച് ആഞ്ഞ് വലിച്ച് നടന്നു  എനിക്ക് ചായ കുടിക്കാൻ കഴിഞ്ഞില്ല. പകുതിയോളം പുറത്തെത്തിയ കരച്ചിലിനെ അടക്കിപ്പിടിച്ച് ഞാൻ വീണ്ടും അമ്മയോട് തിരക്കി. "എന്താണമ്മേ കാര്യം? ആരെങ്കിലും ഒന്നു പറയൂ"

"ആരുടെ കൂടെയാണ് നീ റയിൽവേ പ്ലാറ്റ്ഫോമിൽ പോയത്? പഠിക്കാൻ വിട്ടാൽ അത് ചെയ്താ പോരേ? ഏതാടീ അവൻ?" അമ്മയുടെ സ്വരം കനത്തു.

പ്രീഡിഗ്രിക്കാലത്താണെങ്കിൽ സിനോജണ്ണനാണെന്ന് പറയാം.. ഇതിപ്പോ ആരാ .. ഞാനുൾപ്പെടുന്ന വിദ്യാർത്ഥിസംഘടനയിൽ പ്പെട്ട ആരെങ്കിലുമായി ഞാൻ പ്ലാറ്റ്ഫോമിലൂടെ ചിന്നക്കടയ്ക്ക് പോയോ?

ഒറ്റനിമിഷം കൊണ്ട് ഓർമ്മയുടെ അങ്ങേയറ്റത്തുള്ള ഒറ്റമരത്തിന്റെ ചോട്ടിലേക്ക് ഞാൻ പോയി വന്റയിൽവേ പ്ലാറ്റ്ഫോമിലേയ്ക്ക് മാത്രമായി ഞാൻ പോകാറില്ല. അതിനുള്ള സമയവും കിട്ടാറില്ല. പിന്നെ റയിൽവേ ക്രോസ് കടന്ന് പ്ലാറ്റ്ഫോമിലൂടെ കുറേ നടന്ന് ഗേറ്റ് കടന്നാൽ ചിന്നക്കടയിലെത്താം. 

അവസാനത്തെ അവർ ഫ്രീ ആയിട്ടുള്ള ദിവസങ്ങളിൽ 4.10 ന് ചിന്നക്കടയിൽ നിന്ന് പുറപ്പെടുന്ന ട്രാൻസ്പോർട്ട് ബസിലെ സീറ്റ് ഉറപ്പിക്കാനായി ഞങ്ങൾ നാട്ടുകാരായ സഹപാഠികൾ അങ്ങനെ പോകാറുമുണ്ട്.

പക്ഷേ ആ കൂട്ടത്തിലും പെൺകുട്ടികളാണ് പതിവ്. ആൺകുട്ടികൾ ബൈക്കിലോ ബസിലോ ഞങ്ങളേക്കാൻ മുന്നേ അവിടെ എത്താറുണ്ട്. മാത്രമല്ല പ്ലാറ്റ്ഫോമിൽ ഇരിക്കാനുള്ള സമയം കിട്ടാറുമില്ല.

പെട്ടെന്നാണോർമ്മ വന്നത്. അച്ചാച്ചനും ഞാനും രമടീച്ചറിന്റെ ക്ലാസ് കഴിഞ്ഞ് ടീച്ചറുമൊത്ത് പ്ലാറ്റ്ഫോമിലൂടെ വന്നതും ടീച്ചറിന്റെ ടെയിൻ വരുന്നത് കാത്ത് പ്ലാറ്റ്ഫോമിൽ ഇരുന്നതും, ടീച്ചറെ യാത്രയാക്കി വീണ്ടും നടന്നതും..... ഞാൻ ഉറക്കെ ചിരിച്ചു.

"ഓ..അതാണോ... പപ്പയോട് പറഞ്ഞ ആളെന്താ പറഞ്ഞത്?... എന്റെ കൂടെ നടന്നയാൾ സുന്ദരനാണെന്ന് പറഞ്ഞോ? ഹാ ഹാ ഹാ" ..ഞാൻ വീണ്ടും ചിരിച്ചു. എല്ലാവരും പുച്ഛഭാവത്തിലാണെന്നെ നോക്കിയത്. അമ്മ പറഞ്ഞു." പയ്യൻ മിടുക്കനാണെന്നാ പറഞ്ഞത്...അല്ലേ പപ്പാ ?"...പപ്പ പെട്ടെന്ന് അമ്മയോട് ദേഷ്യപ്പെട്ടു.

ഞാൻ പെട്ടെന്ന് പറഞ്ഞു. "പപ്പ അത് നമ്മുടെ താനിയാന്റിയുടെ മോനാ ... കൊല്ലത്ത് താമസിക്കുന്ന എന്റെ തലതൊട്ടമ്മയുടെ മോൻ... എന്റെ ക്ലാസ്മേറ്റ് ... പീറ്റർ".

പപ്പയുടെ മുഖത്ത് ഒരു ചിരി പിടഞ്ഞു. 

ആശ്വാസത്തിന്റെ ചിരി. "ഓ.... താനിചേച്ചിടെ മോനാണോ.. നാട്ടാരെ കൊണ്ട് തോറ്റല്ലോ.. ആഹാ" ...

പപ്പ ചുണ്ടിൽ ചിരിയങ്ങനെ തങ്ങി നിന്നു.

ബാക്കി എല്ലാവരിലേയ്ക്കും പകർന്ന ആ ചിരിയുണ്ടാക്കാൻ എന്റെ ഓർമ്മകൾ അനുഭവിച്ച പെടാപ്പാടിന്റെ പൊരുളാവാം , പാടില്ലാത്ത ഒരു ബന്ധത്തിലേയ്ക്കും പിന്നീടിതുവരെ കൊണ്ടെത്തിക്കാതെയിരുന്നത്.

മിടുക്കരായ നമ്മുടെ ന്യൂജൻ കുട്ടികൾ പറയും പോലെ ഒരാണും പെണ്ണും ഒന്നിച്ചു നടന്നു പോയാൽ, അവർ സംസാരിച്ചാൽ, ഒരുമിച്ചിരുന്നാൽ, റസ്റ്റോറന്റിൽ കയറി  ഭക്ഷണം കഴിച്ചാൽ, അവർ തമ്മിൽ, അവർക്ക് ആരാണെന്ന് പോലുമറിയാതെ ചുറ്റുപാടുകൾ വിധിക്കുന്ന ഒരു വാക്കുണ്ട്" പ്രേമം".

സഹോദരബന്ധത്തെയോ, ഗുരുശിഷ്യബന്ധത്തെയോ പോലും വിശ്വസിക്കാനാവാത്ത ഇന്നത്തെ ലോകത്തും എത്രയെത്ര നല്ല ബന്ധങ്ങൾ നാം കണ്ടു മറക്കുന്നു. അപ്പോഴും എല്ലാറ്റിനെയും ഒരേ നൂലിൽ കോർക്കാനാണ് പലർക്കും ഇഷ്ടം.

അന്ന് ഇതൊക്കെ പറഞ്ഞ ആ സ്ത്രീ ഇന്നും എന്നെ നോക്കിച്ചിരിക്കാറുണ്ട്. ഒരു ചമ്മിയ ചിരി. കാരണം പപ്പ പിന്നിടെപ്പൊഴോ പറഞ്ഞിരുന്നു "അതവളുടെ അച്ചാച്ചനാ"ണെന്ന്....

Share :