
ഊർമ്മിള
ഊർമ്മിളേ,
അറിയുന്നു നിന്നെ ഞാൻ
വിഷാദ ഭൂവിലലയുന്ന,
തിരയുന്നതെന്തന്നറിയുന്നു ഞാൻ, ഊർമ്മിളേ.
ഉറവ വറ്റിയൊരേകാന്ത ഭൂവിൽ
ഏകയായ് മൂകയായ്
അന്ത:പുരത്തിന്നകത്തളത്തി-
ലിരുട്ടറയിൽ,
കഴിയുന്ന നിന്റെ നിശ്വാസം
അറിയുന്നു ഞാൻ ഊർമ്മിളേ.
യാമങ്ങുളറുങ്ങുന്ന രാവിലും
നിന്നുടെ ചുടു കണ്ണുനീരിന്നുപ്പു
നുണഞ്ഞ ഭൂവിന്റെ,
വേദനയുമറിയുന്നു ഞാൻ സഖേ.
വിഷാദമുറങ്ങുമാ തീരത്തിൽ,
മാറിടം പറ്റിയുറങ്ങുന്ന കാമിനീ
നിന്നെ മഥിക്കുമാദ്യ രാത്രിയുടെ
പുളകമറിയുന്നു ഇന്നു ഞാൻ.
സീതാ പരിത്യാഗം കണ്ടു നീ,
വിവശയായി ലക്ഷ്മണനോടു
കേണുര ചെയ്തതുമറിയുന്നു
ഞാൻ സഖേ.
ജാനകിയാളുടെ നിഴലായി
നിന്നെ വരച്ചൊരാദി കവിയുടെ
വിഷാദമറിയുന്നു നിന്നിലൂടിന്നു ഞാൻ.
മോഹങ്ങളുറങ്ങാത്തൊരാ രാവിൽ
കൺ പൂട്ടിയെന്നാലും
ഇക്കിളിയൂട്ടുന്ന ചിന്തകളാൽ
ഞെളിപിരി കൊള്ളുന്നതുമറിയുന്നു
ഞാൻ സഖേ.
ക്രൂദ്ധയാം കൈകേയി ചൊല്ലിയ,
വാക്കുകൾ കേട്ടു നീ യന്ധകാരത്തിലുഴറി
വീണതുമറിയുന്നു, ഇന്നു ഞാൻ.
രാമ ദാസനാം ലക്ഷ്മണനൊത്തു നീ
കാനന വാസം വരിക്കാഞ്ഞതു മറിയുന്നു ഞാൻ സഖേ.
മൗനമായി മൗനിയായി
ഗാർഗ്ഗീ മൈത്രേയീ മാരിലൂടെ
ലോക തത്വം പഠിച്ചയെൻ മൈഥിലി
ഇക്കിളിയൂട്ടുമാ രാവുകളോർത്തു
വിഷാദ മൂകയാകുന്നതു മറിയുന്നു,
ഇന്ന് ഞാൻ.
ആദി കവി മറന്നൂ നിൻ നിശ്വാസം
രാമനോ സീതയോയൊട്ടുമേ കണ്ടില്ല,
ഇളയിലിളയവളാമൂർമ്മിളേ,
നിന്റെ വിഷാദമെന്തന്നറിയുന്നു
ഇന്നു ഞാൻ.
ആദി കവിയുടെ തൂലികത്തുമ്പിലുതിർന്ന
നിൻ ചിത്രങ്ങൾ ജീവിക്കുന്നതുമറിയുന്നു
ഇന്നു ഞാൻ,
ഭാരത സ്ത്രീത്വത്തിൻ
പ്രതീകമെന്ന പോൽ.
രാമനെ കാമിച്ചു ദാസനെ വരിച്ച നീ,
ഊർമ്മിളേ,
ഭൂമിക്ക് തുല്യയായ്
മൈഥിലിയായ് വാഴുക വീണ്ടും.