Archives / April 2021

ജയ. വി . എസ്‌
കയർ        

എന്നെ തല്ലിച്ചതച്ചുപിരിച്ചു
പിന്നെയെന്നെ നിറം ചാർത്തി
പിന്നെയെനിക്കുവളയരൂപം കിട്ടി .
ആ കശ്മലന്മാർ എന്നെ
കൈക്കുള്ളിൽച്ചുറ്റയെടുത്തു .
എന്നെ പിരിച്ചെടുത്തതിലും
വേദയോടെ ഞാൻ തൂങ്ങിയാടി.
എനിക്ക്താഴെ വീഴാൻ തോന്നി,
പക്ഷെ പിരിച്ചകൈ യ്യുടെ സത്യം
എന്നെ അതിനനുവദിച്ചില്ല.
ആ മുറിക്കുള്ളിലുണ്ടായ
ആർത്തനാദം
എന്റെ ഇഴകളിലുഴഞ്ഞുകയറി. 
ഒരു പിഞ്ചുകുഞ്ഞിന്റെ പ്രാണവേദന
നരാധമന്മാർക്കു ഹരംപകർന്നു .
ഏറ്റമൊടുവിൽ അവരുടെ
കൈപ്പിടിയിലമർന്നു പോയ
ആ പൂത്തണ്ടിനെയവർ
എന്റെ ഒരറ്റത്തുതൂക്കിയാട്ടി,
കാറ്റിന്റെ ഒരു തരി പോലുമില്ലെന്നുറപ്പിച്ചു.
ഒരു കയറായി മാറിയതിൽ
ഞാൻ അപമാനിതയായി
ഒരു വെറും പുറന്തോടായി
മണ്ണിനെ പുൽകാനെനിക്ക് തോന്നി.

 

Share :