Archives / july 2021

അർച്ചന ഇന്ദിര ശങ്കർ 
മാനിനെ കാണ്മാനില്ല

വേടർ വെടിയുതിർത്തൊരു

കുഞ്ഞുമാൻപേടയെ

തിരഞ്ഞിടത്തൊന്നും

ഞാൻ കണ്ടതില്ല.

 

അന്ത്യയാമത്തിലാമൃദു 

ജീവിതൻ പ്രാണൻ വെടിഞ്ഞിറ്റിയ

കണ്ണീർനിണപ്പാടിൻ ഓർമ്മയില്ല.

 

ജഡമില്ല ഉയിരില്ല,

ഉയിരിൻ തെളിവില്ല,

ദൂരെയൊരുമാതൃഹൃദയത്തിൻ 

കേഴൽ കേൾക്കാം.

 

പ്രിയമാർന്ന കുഞ്ഞിനെ

കാണുവാതുഴലുന്ന സാധുവാം 

അമ്മമനസ്സിന്റെ തേങ്ങൽ മാത്രം.

 

മറ്റാരും കണ്ടില്ല,

കാണുവതുമില്ല,

പെറ്റ ഉയിരിന്റെ നൊമ്പരങ്ങൾ.

 

വീരനെന്നൊരു പേരും,

ബുജിപ്പാനിറച്ചിയും

നേടിയ മാനവാ

നീ കേൾക്കുന്നുണ്ടോ.

 

മാനിനെ കാണ്മാനില്ലെന്നൊരു

രോദനം വെറും ഫലിതകഥയായ്

ഗ്രഹിപ്പുവോ നീ.

 

ഇനിയും ചലിക്കും നിൻ

മൂർച്ചയേറും അമ്പുവാൾമുനകൾ

ഉന്നമേറി പതിയ്ക്കും 

നിസ്സഹായരുതിരമൊഴുകും ചങ്കിൽ.

 

ഓർത്തിടുകയൊന്നു

ഒരുനാൾ നീയും നീറുമീ

ഉറ്റ ഉടലിൻ വേർപ്പാടതിൽ.

 

കാലം തെളിയിക്കും,

നന്മതിന്മതൻ പാഠങ്ങൾ,

ചെയ്തികൾ തൻ

മറുപടിയും.

 

കർമ്മത്തിൻ ഫലം കായ്ക്കും

പടുവൃക്ഷമതിൻ

നാമമല്ലോ കാലം.

 

 

 

Share :