Archives / july 2021

കുളക്കട പ്രസന്നൻ
 കൊവിഡ് രണ്ടാം തരംഗത്തിൽ ദൃശ്യമാധ്യമങ്ങൾക്കുള്ള പങ്ക്

15-ാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സ്വാഭാവിക അന്തരീക്ഷത്തിൽ നിന്നു കൊണ്ടല്ല. കൊവിഡ് - 19 ൻ്റെ ഭയാശങ്കകൾ ഒഴിവാകാത്ത ഘട്ടത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഒന്നു ചിന്തോക്തിയിൽ പറഞ്ഞാൽ കൊവിഡിനെ തെരഞ്ഞെടുക്കുന്നതിൽ യാതൊരു പിശുക്കും കാട്ടിയില്ലായെന്ന് പറയാം. അതാണല്ലോ കേരളത്തിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം പ്രതിദിനം  പതിനായിരം കവിയാൻ കാരണം.

കൊവിഡ് മഹാമാരി മൂലം വളരെയേറെ ദുരിതമനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്. തൊഴിൽ നഷ്ടപ്പെട്ട് ലക്ഷക്കണക്കിനു പേര് അന്യനാടുകളിൽ നിന്നും തിരികെ കേരളത്തിലെത്തി. പ്രവാസി മലയാളികളുടെ വരുമാനം ഏതാണ്ട് കുറഞ്ഞു. നാട്ടിൽ തന്നെ പണിയില്ലാത്ത അവസ്ഥ. ആവശ്യമായ കൃഷിയില്ലാത്തതിനാൽ ഭക്ഷ്യസാധനങ്ങൾ കേരളത്തിനു പുറത്തു നിന്നു കൊണ്ടു വരണം. ഇങ്ങനെ നിരവധിയായ വിഷയങ്ങൾ അഭിമുഖീകരിക്കുന്ന കേരളം സ്വാഭാവികമായി ഒരു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വന്നു. അപ്പോൾ നാടിൻ്റെ സുരക്ഷിതത്വം മറന്നു പോകാൻ പാടില്ലായിരുന്നു.

ജനസാന്ദ്രത കൂടുതലുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ അതീവ ശ്രദ്ധ നൽകേണ്ടിയിരുന്നു. രാവിലെ മുതൽ വെള്ളം കോരിയിട്ട് കലമിട്ട് ഉടയ്ക്കുന്ന രീതിയായിപ്പോയി കൊവിഡിനോടുള്ള കീഴടങ്ങൽ. അതിൽ ദൃശ്യമാധ്യമങ്ങളും പങ്കു വഹിച്ചു എന്നു പറയാതെ നിവൃത്തിയില്ല.

തെരഞ്ഞെടുപ്പിനു മുമ്പെ ടി വി ചാനൽ സർവ്വെ നടത്തി ഏതു മുന്നണി വിജയിക്കുമെന്ന് പ്രഖ്യാപനം തുടങ്ങിയതോടെ കൊവിഡിനെ വിട്ട് രാഷ്ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി തെരുവിലിറങ്ങി ശക്തി പ്രകടനം നടത്താൻ തുടങ്ങി. രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ ദൃശ്യമാധ്യമങ്ങൾ നെറ്റി പട്ടം ചാർത്തിയും വെഞ്ചാമരം വീശിയും നൽകി. ഇതല്ലെ തെരഞ്ഞെടുപ്പ് സമയത്ത് സംഭവിച്ചത്.

ഈ കൊവിഡ് കാലത്ത് മൈക്കും ക്യാമറയും പിടിച്ച് ആൾക്കൂട്ടങ്ങളിലേക്ക് വന്ന് തെരഞ്ഞെടുപ്പ് ഓളം സൃഷ്ടിക്കുന്നതിലും ആൾക്കൂട്ടങ്ങളിൽ സംവാദങ്ങൾ നടത്തുന്നതിലും ദൃശ്യമാധ്യമങ്ങൾ കാട്ടിയ വേലത്തരങ്ങൾ വിമർശന വിധേയമാണ്. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വീട്ടകങ്ങളിൽ ഇരുന്നവരെ തെരുവിലേക്ക് കൊണ്ടുവന്ന രീതി എങ്ങനെയായിരുന്നുവെന്ന് മറച്ചു വയ്ക്കാൻ കഴിയുമോ ? കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നതും കൊവിഡ് പ്രതിരോധത്തിൽ കഴിയാവുന്നത്ര ശ്രദ്ധയോടെ ആയിരുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ ദൃശ്യമാധ്യമങ്ങളുടെ ഇടപെടൽ ഒരു പ്രധാന ഘടകമായിരുന്നു. അത് ഇത്തവണ ഉണ്ടായില്ല.

ദൃശ്യമാധ്യമങ്ങൾ ലക്ഷ്യം വയ്ക്കുന്നത് വാർത്ത മാത്രമാണോ ? ചില പത്ര- ദൃശ്യ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റിയ ചാരക്കേസ് ഇന്നും കനലാണല്ലോ ? ലൂസിഫർ എന്ന സിനിമയിൽ വാർത്ത ചമയ്ക്കുന്നതിൻ്റെ രീതി കൂടി ചേർത്തിട്ടുണ്ട്. അതിൻ്റെ മറ്റൊരു രീതിയാവാം ചാരക്കേസിലും വാർത്തയ്ക്കു പിന്നിൽ സംഭവിച്ചത്. ഇതു ഇവിടെ പറയാൻ കാരണം, തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞു  വാർത്ത ഉണ്ടാവണമല്ലോ ? അതു കൊവിഡ് തരംഗം ആകുന്നുവെങ്കിൽ ആകട്ടെ എന്ന് ചില വിരുതന്മാർ കരുതി കാണുമോ ? 

ജനങ്ങളോടും പറയാനുണ്ട്. വാക്സിൻ വന്നു എന്നു കരുതി അശ്രദ്ധ പാടില്ല. എന്തെന്നാൽ എല്ലാപേർക്കും നൽകാനുള്ള വാക്സിൻ ലഭ്യമായിട്ടില്ല. കോ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് അതേ വാക്സിൻ തന്നെയാണ് രണ്ടാം ഡോസ്  നൽകേണ്ടത്. കോ വാക്സിൻ്റെ ലഭ്യത കുറവു കാരണം രണ്ടാം ഡോസ് നൽകാൻ കഴിയാതെ വരുന്നുണ്ട്. അതുപോലെ രണ്ടാം ഡോസ് സ്വീകരിച്ച് 15 ദിവസം കഴിയുന്നതോടു കൂടിയെ പ്രതിരോധശേഷി നേടുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പലരും ഇതൊക്കെ മറന്നാണ് മട്ടാണ്.

ജനിതകമാറ്റം വന്ന വൈറസുകൾ വെല്ലുവിളി ആയേക്കാം. അതിനാൽ ജാഗ്രത കുറവ് കുറ്റകരമാകുന്നത് ഭൂഷണമല്ല. സാമൂഹിക അകലം പാലിക്കുക, മൂക്കും വായും മറച്ച്  മാസ്കിടുക, സോപ്പ് ഉപയോഗിച്ച് കൈ കഴുക എന്നിവ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നമ്മുടെ കുടുംബത്തെയും നാടിനെയും ഓർത്ത് ഇവ മറക്കരുത്.

സമൂഹത്തിൽ കാണുന്ന ഒരു വിവരക്കേട് സൂചിപ്പിക്കട്ടെ. വായും മൂക്കും മറച്ച് മാസ്കുമായി ചിലർ വരും. സംസാരം തുടങ്ങുമ്പോൾ മാസ്ക് കീഴ്ത്താടിയിലാവും. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ എനിയ്ക്ക് കൊവിഡ് ഇല്ലാ എന്ന രീതിയിൽ ദേഹത്ത് പിടിക്കും. ഇതു  അപകർഷതാബോധത്തിൽ നിന്നും സംഭവിക്കുന്നതാണ്. ഇത്തരം അപകർഷതാബോധത്തിനു മാനസ്സിക ചികിത്സ വേണം.

കമൻ്റ്: ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകു എന്നതാവരുത് മാധ്യമ രീതി.
-

Share :