Archives / April 2021

സുനിത ഗണേഷ്
കണ്ണാടി

നിന്നെ ഓർക്കുമ്പോഴൊക്കെ
നടുനിർത്തി നിൽക്കുന്ന
ഒറ്റപ്പനയെ ആണ്
ഓർമ വരുന്നത്.
മിന്നലേറ്റ് കരിഞ്ഞ
പച്ചച്ചിറകുകളിൽ,
കനവെയിൽ
പ്രഹരങ്ങൾ...
 കൊടുംമഴാക്രീഡകൾ..
നിൽപൊന്ന് 
ഉറപ്പിക്കാൻ
മണ്ണിലേക്കിറക്കിയ
 വേരുകൾ...
ഇപ്പോൾ
സ്വയം
അനങ്ങാനാവാത്തവിധം
ചെളിയിൽ പൂണ്ട
വേരുകൾ...
തലതൊട്ട ജീർണ്ണത
വേരിലേക്കും...
അധികം
വൈകില്ലായിരിക്കും,
ചിലപ്പോൾ
ഒരു ചെറിയ കാറ്റ്...
ശുഷ്കമായിക്കൊണ്ടിരിക്കും
കാതലൊന്നാകെ
മണ്ണാകും..
ആഗ്രഹിക്കാതെ തന്നെ..
നിന്നെക്കുറിച്ച് 
ഓർക്കുമ്പോഴോക്കെ
ഞാൻ
എന്നെത്തന്നെയാണ്
കാണുന്നത്.
തലപോയ, 
ചിറകറ്റ
ഒരു ഒറ്റപ്പനയുടെ
ചാരം തിന്ന
സ്വപ്നങ്ങൾ...
അതാണ്,
അതാണ്
ഞാൻ 
നീ
തന്നെയാണെന്ന്
ഞാനുറപ്പിച്ചത്.
മണ്ണിൽ
നടുനിവർത്തി,
കൈനീർത്തി,
കാൽവിടർത്തി
മനം തുറന്ന്
നിന്നെ 
എന്നിലേക്കാവാഹിച്ചത്...
നടുകേ പിളർന്ന കണ്ണാടിയായത്.

 

Share :