Archives / March 2021

ഫില്ലീസ് ജോസഫ്
എന്റെ അച്ചാച്ചൻ(ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_27)

ഞായറാഴ്ച കുർബാന കഴിഞ്ഞാൽ സെമിത്തേരി സന്ദർശനം പതിവായി. അക്കരെയമ്മച്ചിയും ഞാനും കുറേ നേരം എല്ലാ കല്ലറകളിലും പോയി പ്രാർത്ഥിക്കുമായിരുന്നു. സങ്കടം നിറഞ്ഞൊഴുകിയ അത്തരം സന്ദർഭങ്ങളിൽ ജീവിതത്തിന്റെ ക്ഷണഭംഗുരതയെ ക്കുറിച്ച് ആഴത്തിൽ ആലോചിക്കാറുണ്ടായിരുന്നു. മധുരസ്വപ്നങ്ങളിൽ മുങ്ങിത്താഴേണ്ട കാലഘട്ടത്തിലാകെ വേദനകളും ആകസ്മികതകളും പിടിമുറുക്കി ശ്വാസം മുട്ടിക്കുന്ന അവസ്ഥ കഠിനതരമായിരുന്നു.

യൗസേപ്പിതാവിന്റെ നാമത്തിലുള്ള സൺഡേ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ സമയത്ത് തന്നെ, പഠിപ്പിക്കാനായി  വിളിച്ചത് എന്റെ മാഷായ ജോസഫ് സാറായിരുന്നു.എട്ടാം ക്ലാസിലെ പുസ്തകത്തിന് രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നും പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ  റെക്കോഡ് മാർക്കോടെ ഒന്നാമതെത്തി എന്നതായിരുന്നു എന്നിൽ മാഷ് കണ്ട യോഗ്യത.

പിന്നെ മുടങ്ങാതെ കുർബാനയിലും സെമിത്തേരിയിലും ഭക്തസംഘടനാ പ്രവർത്തനങ്ങളിലുമുള്ള സാന്നിധ്യവും മാഷ് എടുത്തു പറയാറുണ്ടായിരുന്നു

 എട്ടാം ക്ലാസിലെ പെൺകുട്ടികളുടെ ഡിവിഷനാണ് എനിക്ക് മാഷ് നൽകിയത്. അന്ന് അദ്ദേഹമായിരുന്നു ഇടവകയിലെ സൺഡേ സ്കൂളിന്റെ പ്രഥമാധ്യാപകൻ.

അക്കരെയമ്മച്ചിയ്ക്ക് കൂട്ടാവാനാണ് ഞാനിങ്ങനെ ഏതു നേരവും പള്ളിയിൽ വന്നിരുന്നതെന്ന് മാഷിനറിയില്ലല്ലോ...

ഏതായാലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ ഞാൻ ക്ലാസ്സെടുത്തു. അന്നത്തെ കുട്ടികളുമായി ഇന്നും ചങ്ങാത്തം സൂക്ഷിക്കാൻ കഴിയുന്നതിന്റെ ആനന്ദം എത്ര സന്തോഷദായകമാണെന്നറിയുമോ?

ഞായറാഴ്ച ദിവസങ്ങളിലെ അധ്യാപനം എന്നിലെ ഡിഗ്രി വിദ്യാർത്ഥിനിയ്ക്ക് പഠനത്തോടുള്ള സമീപനം കൂടുതൽ പോസിറ്റീവാക്കുവാൻ സഹായിച്ചു എന്നത് സത്യം തന്നെ.

അക്കരെയപ്പച്ചന്റെ ചേട്ടന്റെ മോളും അവരുടെ ഭർത്താവായ കാഞ്ഞിരപ്പള്ളി അച്ചായനുമായിരുന്നു എന്റെ തലതൊട്ടപ്പനും തലതൊട്ടമ്മയും.(മാമോദീസാ സമയത്ത് പേരിടുന്നവർ അഥവാ ജ്ഞാനമാതാപിതാക്കൾ)

അവരുടെ മകനും കോളേജിൽ എന്റെ ക്ലാസിൽ തന്നെ ചേർന്നിരുന്നു.

'അച്ചാച്ചൻ' എന്ന് ഞാൻ വിളിക്കാറുള്ള, വളരെ കെയറിംഗ് ആയ ഒരു ബിഗ് ബ്രദറിന്റെ സ്നേഹം എനിക്ക് ലഭിക്കുകയും ചെയ്തു.

ആകെ പതിനൊന്നു പേർ മാത്രമുള്ള പോളിമർ കെമിസ്ട്രി ക്ലാസിൽ അച്ചാച്ചനെ കൂടാതെ ഏഴ് ആൺകുട്ടികളും ബാക്കി പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. അതിൽ ഫൗസിയ എന്ന പെൺകുട്ടി എന്നോട് സംസാരിക്കാറുണ്ടായിരുന്നു. 

ആദ്യ രണ്ടു വർഷങ്ങളിൽ പോളിമർ കെമിസ്ട്രിയിലെ മുഴുവൻ കുട്ടികളും പ്യുവർ കെമിസ്ട്രിക്കുട്ടികളുടെ കൂടെ ഗ്യാലറിക്ലാസ് മുറിയിൽ ഒരുമിച്ചിരുന്നാണ് പഠിച്ചിരുന്നത്

അവസാനവർഷമാണ് ഞങ്ങൾക്ക് മാത്രമായി ഒരു ക്ലാസ് മുറി ലഭിച്ചത്. അതിസുന്ദരിയും ശുദ്ധയുമായ  രമ മിസിന്റെ ക്ലാസുകൾക്കായി ഞങ്ങൾ കാത്തിരിക്കാറുണ്ടായിരുന്നു.

തറവാട്ടിലെ ദുരന്തങ്ങളും മറ്റും അറിയാമായിരുന്നെങ്കിലും അച്ചാച്ചൻ ഒരിക്കലും അതൊന്നും എന്നോട് സംസാരിച്ചിരുന്നില്ല.മാത്രവുമല്ല പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താനായി എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.

ആയിടയ്ക്ക് ഒരു ദിവസം കോളേജിൽ സമരം പ്രഖ്യാപിച്ചതിനാൽ അച്ചാച്ചൻ എന്നെ നാട്ടിലേക്കുള്ള ബസ് കയറ്റിവിടാൻ സ്റ്റോപ്പിലേയ്ക്ക് കൂടെ വന്നു. 

ഒരു റെയിൽവേ ക്രോസ് കടന്നാൽ കോളേജിൽ നിന്ന് വേഗം തന്നെ ബസ്റ്റോപ്പിൽ എത്താൻ കഴിയുമായിരുന്നു

അച്ചാച്ചൻ കൂടെ ഉള്ളതിനാൽ റെയിൽവേ പാളത്തിന് കുറുകേ കയറി പ്ലാറ്റ്ഫോമിലൂടെ നടന്ന് ഞങ്ങൾ ബസ് സ്‌റ്റോപ്പിലെത്തി. എനിക്ക് ബസ് വേഗം തന്നെ കിട്ടുകയും ചെയ്തു

പക്ഷേ, പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരുന്ന എന്റെ നാട്ടുകാരിക്ക് അറിയില്ലായിരുന്നു എന്റെ അച്ചാച്ചനെ....

Share :