Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
കിലുങ്ങാത്ത വളകൾ

കാട്ടാറൊഴുകും കണ്ണീർ വാർത്തും

കാഞ്ചനവളകൾ കൈകളിൽ മുറുകിയും 

കനകചങ്ങല പിടയും ശ്വാസം തേടി

മൃദുമാറിൽ ലയലാസ്യം മെഴുകിയും

അരക്കല്ലിൽ തല തല്ലിയരച്ചും

നാറും ഓർമ്മകൾ അലക്കിയുണക്കിയും

മോഹം ഭരണിയിലുപ്പിൽ കുതിർത്തും

കാലം കുഴലാലൂതി കാച്ചിയും

കാമം ഭോഗം ത്യാഗം സംസ്കാരവും

വേറിട്ടറിയാതിഴുകി ചേർന്നും

ഇഷ്ടാനിഷ്ടം തൂക്കി കൊന്നും

സഹനം ക്ഷമയും ചോരയിലൊഴുക്കിയും

ഇന്നലെനാളെകൾ കെട്ടുപിണഞ്ഞും

കിലുങ്ങാക്കൈവള പൊട്ടിയൊലിച്ചും

സ്വപ്നം കൊരുത്ത മാല തകർത്ത്

ചിന്നിചിതറിയ മുത്തുകൾ പെറുക്കിയെറിഞ്ഞ് 

കടലിൽ ചിപ്പിയിൽ ഒളിക്കാൻ വിട്ടും

ബലിയായ് ചിതയായ് പുകയായ് തീരും

വർണ്ണം തേച്ച കിലുങ്ങാവളകൾ.

കവിതകൾക്കെന്ത് അർത്ഥവുമീണവും

ആരോ പാടാൻ ആടിരസിക്കാൻ

വെറുതേ നിറയും അക്ഷരഖനികൾ

തീമഴ പെയ്യിലും മഞ്ഞുതിർന്നൊഴുകിലും

കല്ലായ് നിൽക്കും കവിതകൾ നാരിമാർ.

 

 

Share :