Archives / April 2021

അശോക്
മറവി

ഇല്ല മറക്കല്ലേയെന്നോതിയിട്ടും

ഇല്ലായ്മയെന്നേ മറന്നൂ,

രണ്ടക്ഷരം കാതിലോതിയ മാഷിനെ

കണ്ടനാളെന്നേ മറന്നു,

എന്നുമിടയ്ക്കിടെ ചൊല്ലുംകവിതയെ

ഈണത്തിൽ മൂളാൻമറന്നു,

അച്ഛൻ്റെ ചില്ലിട്ടചിത്രം വരയ്ക്കുന്ന

പുഞ്ചിരിച്ചന്തം മറന്നു,

മുറ്റത്തു നട്ടുവളർത്തിയ മാവിൻ്റെ

നാൾവഴിയെന്നേ മറന്നു,

കൂടെപ്പിറപ്പിനെ, കൂട്ടുകാരെ

കൂട്ടുകൂടി,യൊരാളെ മറന്നു.

അമ്മക്കലത്തിൽ നിന്നൂറിപ്പടരുന്ന

നേർച്ചപ്പുകയും മറന്നു,

വണ്ടിയിലോടിയെത്താറുള്ളിടങ്ങളിൽ

വണ്ടി കേറാനും മറന്നു,

പൂവുകൾ, ചോലകൾ, പൂമ്പാറ്റയെത്തുന്ന

പൂനിലാപാടം മറന്നു, 

കാടും, കടലും ഇരമ്പിയിളകുന്ന

കാടാറുമാസം മറന്നു,

എന്നുമടുത്തെത്തിയേറുന്ന ചിന്തയെ

ചില്ലിട്ടടയ്ക്കാൻ മറന്നു.

 

ഇല്ല മറക്കാനിനി,യൊന്നുമേ.

ഇന്നവശേഷിക്കയുണ്ടോ?

നാളെ നിശബ്ദമുറങ്ങേണ്ട നാളിനെ

ഇല്ല മറക്കാവതല്ല..... -

 

 

Share :