Archives / April 2021

കെ.ജി.സുഷമ
കർണ്ണികാരങ്ങൾ

മീനച്ചൂടിൽ ഉരുക്കിയൊരുക്കിയ

പൊന്നാഭരണങ്ങൾ പോലെ

മേടപ്പുലരിതൻ പൊൻ കാഴ്ചയായ്

അടിമുടി പൂത്തുലഞ്ഞു  നിൽപ്പൂ.. നീ..

കൊന്നപ്പുവേ.. വിഷുപ്പൂവേ...

കണ്ണിനു കണിയായ് മനസ്സിനു കുളിരായ്..

 

മേദിനി തൻ സുഭഗതയേറ്റുന്ന

കനകകാന്തിയെഴും പൂക്കളുമായ്

മേടമാസപ്പുലരിയെത്തുന്നു

കണിയായ് കൊന്നകൾ പൂത്തു വീണ്ടും

 

കണ്ണൻ്റെ തിരുവാഭരണശോഭ പോലെ

കണ്ണിനുത്സവമായ് നീ വിടർന്നു

കത്തുന്ന ഗ്രീഷ്മത്തിനപ്പുറം

വസന്തത്തിൻ സന്ദേശമായ് നീ പുലർന്നു

 

അറകളിൽ നിറയും പുന്നെല്ലരിയും

നിറയേ നിറയുന്ന പത്തായപ്പുരകളും

നിറകണിയൊരുക്കും തൊടികളും

പുള്ളുവൻ പാട്ടിന്നീരടികളും ....

 

കാലത്തിനൊപ്പം മാഞ്ഞു പോയെങ്കിലും

മേട സംക്രമപ്പുലരിയിൽ

ഒരു നവ ലോകത്തെയെതിരേറ്റിടാൻ

പൂഞ്ഞാലമേന്തി നിൽക്കുന്നു കണിക്കൊന്നകൾ..

 

പീലിത്തിരുമുടി ശോഭയോടൊരു പൈതൽ

നീലമേഘമായ്  മനസ്സിൽ തെളിയുന്നു

മാധവാ നിന്നെ കണികണ്ടുണരുമ്പോൾ 

മനസ്സിലും പൂക്കുന്നു കർണ്ണികാരങ്ങൾ..

 

മാറ്റങ്ങൾ പ്രകൃതിയിലുണ്ടാകിലും

പൂക്കാതിരിക്കാൻ നിനക്കാവുമോ

കൊന്നപ്പൂവേ.... വിഷുപ്പുവേ...

കണ്ണിനു കണിയായ്.. മനസ്സിനു കുളിരായ്..

 

 

Share :