Archives / july 2021

കുളക്കട പ്രസന്നൻ
ഡോ. ആർ. രഞ്ജിത്ത് കേരളത്തിൻ്റെ അഭിമാനം

കുടിലിൽ നിന്നും ഭരണാധികാരികൾ ഉണ്ടായിട്ടുണ്ട്. അതൊരു രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ വഴിയിലാവാം. കായിക താരങ്ങളും വ്യവസായികളുമുണ്ടായിട്ടുണ്ട്. എന്നാൽ കുടിലിൽ നിന്നും അസിസ്റ്റൻ്റ് പ്രൊഫസർ ആകുക എന്നത് ഏറെ ചിന്തനീയമാണ്.

പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു കുടിലിൽ നിന്നുമാണ് ആർ.രഞ്ജിത്ത് വിദ്യാഭ്യാസം നേടി ഐഐഎം റാഞ്ചിയിലെ ഇക്കണോമിക്‌സ് ആൻ്റ് ബിസിനൻസ് ഡിപ്പാർട്ടുമെൻ്റിലെ അസി. പ്രൊഫസറായത്. പ്രാരാബ്ദത്തിനിടയിൽ വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങേണ്ടതായിരുന്നു. തയ്യൽ തൊഴിലാളിയായ അച്ഛൻ്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയുടെയും വരുമാനത്തിൽ നിന്നു കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടുക എന്നത് പ്രയാസമായതിനാൽ ഒരു തൊഴിലെടുത്ത് കുടുംബത്തിനു താങ്ങാവാമെന്ന ചിന്തയിൽ നിന്നു കൊണ്ട് ബി എസ് എൻ എല്ലിൽ ലഭിച്ച താൽകാലിക ജോലിക്കൊപ്പം പഠനവും തുടർന്നു. അദ്ധ്യാപകരുടെ സഹായത്തോടെ പി ജിയും കഴിഞ്ഞ് പി എച്ച് ഡിക്ക് അവസരം ലഭിച്ചു. 

പുതിയ ജോലി ലഭിച്ചതോടെ രഞ്ജിത്ത് തൻ്റെ വീടുൾപ്പെടെ ജീവിതത്തെ സംബന്ധിച്ച് ഫെയ്സ് ബുക്കിൽ കുറിച്ചു. മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ രഞ്ജിത്ത് കുറിച്ച വരികൾ ലക്ഷകണക്കിനാളുകൾ വായിച്ചു കഴിഞ്ഞു. വായിച്ചതിൽ എത്ര പേർക്ക് പ്രോത്സാഹനമാകും. ചിലപ്പോൾ പത്തോളം പേർക്ക് . അത്രയെങ്കിലും ആയാൽ രഞ്ജിത്തിൻ്റെ ഫെയ്സ് ബുക്കിലെ എഴുത്ത് ഫലം കണ്ടു.

രഞ്ജിത്ത് ഫെയ്സ് ബുക്കിൽ തൻ്റെ അനുഭവം കുറിച്ചില്ലായിരുന്നു എങ്കിൽ ഇത് എത്രത്തോളം പേരറിയുമായിരുന്നു. രഞ്ജിത്തിനെ അടുത്തറിയുന്ന കുറെപ്പേർ മാത്രം. ഈ വിഷയം രഞ്ജിത്തിൻ്റെ ഫെയ്സ് ബുക്കിൽ കുറിച്ചു വൈറൽ ആയതിനാൽ പത്ര-ദൃശ്യ മാധ്യമങ്ങളും ചെറുതായി നൽകി. അത്ര മാത്രം. 

ഒരു ഗുണ്ടാ നേതാവിന്  വെട്ടേറ്റാൽ പത്രത്തിൻ്റെ ഒന്നാം പേജിലും ടി വി ചാനലിലെ അന്തിചർച്ചയ്ക്കും ഈ വിഷയം സ്ഥാനം പിടിക്കും. ഇതിനു തുല്യമായ പല വാർത്തകളും വാരിക്കോരി നൽകും. ഒരുതരം നെഗറ്റീവ് വാർത്തകൾ. ശുദ്ധമായ വാർത്തകൾ തഴയപ്പെടും. ഇതു മാറിയാൽ മാത്രമെ ഒരു ഡോ. ആർ. രഞ്ജിത്തിൽ നിന്നും ഒരായിരം രഞ്ജിത്തുമാർ പാകപ്പെടുകയുള്ളു.

 ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. വീട്ടുകാർ ഒന്നു നിർബന്ധിച്ചിരുന്നുവെങ്കിൽ ഞാൻ പഠിച്ച് ഒരു നിലയിൽ ആയേനെയെന്ന് . വേറെ ചിലർ പറയാറുണ്ട്. ഇതെൻ്റെ തലവിധിയാണെന്ന് . പക്ഷെ, ജീവിതവിജയം കഠിനാദ്ധ്വാനമാണ് എന്ന് ഡോ. ആർ. രഞ്ജിത്ത് സാക്ഷ്യപ്പെടുത്തുന്നു. രഞ്ജിത്ത് നൽകുന്ന പാഠം വലുതാണ്.

ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. അതിനെ സംബന്ധിച്ച് കുട്ടിക്കാലത്തെ അറിവുണ്ടാകാൻ കഴിയുന്ന വിധം കുടുംബ സാഹചര്യം പാകപ്പെടണം. എന്നാൽ മാത്രമെ ഉത്തരവാദിത്വബോധത്തോടെ കുട്ടികൾ വളരുകയുള്ളു. 

ജീവിതം ഒന്നെയുള്ളു. അത് ഏതുവിധം വേണമെന്ന നിരീക്ഷണബുദ്ധിയും ലക്ഷ്യബോധവും കുട്ടിക്കാലത്തുണ്ടാവണം. അതിനു സഹായകരമാകാൻ മാധ്യമ ലോകം ശ്രദ്ധ വയ്ക്കണം. സ്കൂൾ അന്തരീക്ഷം പുനർനിർവ്വചിക്കണം. 

കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവർ സ്വപ്നങ്ങൾ കണ്ട് അസ്വാതന്ത്ര്യത്തിൽപ്പെടാതെ ഡോ.ആർ.രഞ്ജിത്തിനെ പോലെ ഉയരങ്ങളിലെത്താൻ സാധിക്കണം. പ്രലോഭനങ്ങളിൽപ്പെട്ട് മാനസ്സിക അടിമകളായി കൊണ്ടിരിക്കുന്ന യുവത്വം അല്ല നാടിനു വേണ്ടത്. അടിമ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്  ഉന്നതങ്ങളിലെത്തുന്ന യു‌വത്വമാണ് നാടിനാവശ്യം.

കമൻ്റ്: ജീവിത വിജയത്തിന് കുറുക്കുവഴികളില്ല. ഉണ്ടെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതു കളവാണ്.
_

Share :