Archives / March 2021

ഫില്ലീസ് ജോസഫ്
ആത്മഹത്യയ്ക്കിടയിലെ പക്ഷപാതങ്ങൾ(ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_26)

പിന്നീടുള്ള സന്ധ്യാ പ്രാർത്ഥനകളിൽ അക്കരെയമ്മച്ചിയുടെ ജപമാല ചൊല്ലൽസമയം മണിക്കൂറുകൾ നീണ്ടുപോയി. മൂകത തളം കെട്ടിയ അക്കരെവീട്ടിന്റെ ശോഭയാകെ അഷ്ടമുടിക്കായലിൽ ലയിച്ചതാണോ അതോ അകലെയെവിടെയോ മാഞ്ഞു പോയതാണോയെന്ന് പരസ്പരം സംശയിച്ച് എല്ലാവരും തറവാടിന്റെ ഒരോ മൂലകളിൽ ഉണ്ടായിരുന്നു

അങ്കിളിന്റെമുപ്പതിന്റെ കുർബാനയുടെ അന്ന് പോസ്റ്റോഫിസിൽ വന്ന പി.എസ്.സി യുടെ അപ്പോ യിൻമെൻഡ് ലെറ്റർ കൈപ്പറ്റാൻ ജോണിയങ്കിളില്ലാതെ  തിരിച്ചയക്കപ്പെടുകയും ചെയ്തു. ഒരുമിച്ചിരുന്ന് പൊതു വിജ്ഞാനം പഠിച്ചി വർ, തലകുമ്പിട്ട് മടങ്ങി.

ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോൾ അക്കരെവീടും അക്കരെയമ്മച്ചിയും ഞങ്ങളെ നോക്കിക്കരഞ്ഞു. പരസ്പരം " കണ്ണോക്ക്" ( രണ്ട് നിരയായി മുഖാമുഖം നിന്ന്  ഒരോരുത്തരെയായി കെട്ടിപിടിച്ച് ആശ്വസിപ്പിച്ച്  കടന്നുപോകുന്ന ചടങ്ങ് )കൊടുത്തു കാർന്നോൻമാരും പിരിഞ്ഞു പോയി.

മൂത്തഅപ്പച്ചിയും കുടുംബവും തൊട്ടടുത്ത് തന്നെ താമസിച്ചിരുന്നതിനാൽ സോജു അങ്കിളിന് അമ്മച്ചിയുടെ ദൈനം ദിന കാര്യങ്ങളിൽ ഉത്കണ്ഠ കൂടാതെ മലപ്പുറത്തേയ്ക്ക് മടങ്ങാൻ കഴിഞ്ഞു. എല്ലാ ആൺ മക്കളും സമയം കണ്ടെത്തി അമ്മച്ചിയുടെ അടുത്തേയ്ക്ക് കുടുംബ സമേതം പോയി വന്നു കൊണ്ടിരുന്നു

ഇതിനിടയിൽ ആകെ തകർന്ന എന്നെ കാണാൻ നസീമയെത്തി. അവളോട് സംസാരിക്കവേ ഞാൻ പൊട്ടിക്കരഞ്ഞുപോയി. മരിച്ചവർ പോയില്ലേ .... "നീയിങ്ങനെ കരഞ്ഞാൽ തിരികെ വരുമോ?" അനിയൻ എന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു

അപ്പന്റെ സിഗരറ്റ് വലി പിന്നെയും കൂടിക്കൂടി വന്നു. "എന്താണിങ്ങനെയൊക്കെ" എന്ന് കൂടെക്കൂടെ ചോദിച്ച് പപ്പ വിഷമിക്കുന്നത് ഞാൻ കണ്ടു. എങ്കിലും ഓഫീസ് മുടക്കാതെയും ഞങ്ങളുടെ പഠനത്തിൽ ശ്രദ്ധിച്ചും വീട്ടുകാര്യങ്ങൾ വേണ്ട പോലെ ചെയതും തന്നെ  പപ്പ മുന്നോട്ട് പോയി.

അക്കരെയമ്മച്ചി മുഴുവൻ സമയപ്രാർത്ഥനയിൽ മുഴുകി. കുടുംബത്തും ഇടവകയിലുമുള്ള സകലമാന കന്യാസ്ത്രീകളും അച്ചൻമാരും തറവാട്ടിലെത്തി അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. വീണ്ടും പുതിയ പുതിയ പ്രാർത്ഥന പുസ്തകങ്ങൾ നൽകി

ഇതിനിടയിൽ പഠിച്ച കോളേജിൽ തന്നെ ഞാൻ ബി എസ് സി പോളിമർ കെമിസ്ട്രിയ്ക്ക് ചേർന്നു.

ആയിടയ്ക്ക് നടന്ന ഇന്റർകോളേജിയേറ്റ് കലാ മത്സരങ്ങളിൽ കഥാ രചനയ്ക്ക് എനിക്ക് കിട്ടിയ വിഷയം, യാദ്യശ്ചികമെങ്കിലും എന്നെ ഞെട്ടിച്ചു കളഞ്ഞു. 'ആത്മഹത്യ'. 'ആത്മഹത്യയ്ക്കിടയിലെ പക്ഷപാതങ്ങൾ' എന്ന് പേരിട്ട എന്റെ കഥയ്ക്ക് ഒന്നാം സമ്മാനം ആദരണീയനായ സിനിമാ നടൻ മധു സാറിന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ എന്തിനെന്നില്ലാതെ ഞാൻ കരഞ്ഞു.

അപ്പന്റെ കസിനായിരുന്ന മലയാളം ഡിപ്പാർട്ട്മെന്റിലെ കന്യാസ്ത്രിയമ്മയുടെ കോൺവെന്റ് തൊട്ടടുത്തായിരുന്നതിനാൽ ട്രോഫി സിസ്റ്റമ്മയെ ഏൽപിച്ചാണ് ഞാൻ ബസ് കയറിയത്.

മനസിലാകെ തളം കെട്ടിനിന്ന ദുഃഖത്തിന്റെ കടലിനെ ദൂരെ ഏതോ  മൗനമേഘങ്ങളിൽ ഘനീഭവിക്കാൻ വിട്ട് ഞാൻ വീട്ടിലെത്തി. കഥാരചനയും സമ്മാനവും ജീവനോളം ഇഷ്ടമുണ്ടായിട്ടും ആരോടും ഒന്നും പറയാതെ ഞാൻ പതിവുദിനചര്യകളിൽ മുഴുകി.

Share :