Archives / April 2021

രാധിക ശരത്..
തിരിച്ചു പോക്ക് 

തുലാവർഷം ഉറഞ്ഞു തുള്ളുമ്പോൾ കഴുകിയ പാത്രങ്ങൾ അലമാരയിൽ അടുക്കിവെച്ചു കയ്യും മുഖവും കഴുകി, തോർത്തുകൊണ്ട് തുടച്ചു അടുക്കളയിലെ ലൈറ്റും അണച്ചു മുറിയിലേക്ക് പോകുമ്പോൾ വെറുതെയൊന്നു സമയം നോക്കി. പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ഭർത്താവ് ഹാളിലെ കസേരയിൽ ചാരിയിരുന്നു എന്തോ വായിക്കുന്നുണ്ട്. ഞാനും ചെന്നു ഒപ്പമിരുന്നു. പുള്ളിയുടെ മുഖത്തേയ്ക്കൊന്നു പാളി നോക്കി.

എനിക്കിഷ്ടമാണ് ഇങ്ങനെ ഫോണും ടിവിയും കാർന്നു തിന്നാത്ത പുസ്തകം വായിക്കുന്ന ഈ കോമളനെ..

എന്റെ ആത്മഗതം മനസ്സിൽ നിന്നും മുഖത്തേക്കെത്തി നോക്കിയതുകൊണ്ടാവണം. അദ്ദേഹമെന്നെ ചേർത്തുപിടിച്ച് നെറുകിൽ ചുംബിച്ചത്.

പുസ്തകം മടക്കി വെച്ച് അദ്ദേഹമെന്നോട് കുറെ നേരം സംസാരിച്ചു..

ഇതിവിടെ പതിവാണ് എന്റെ തിരക്കുകൾ ഒഴിയുമ്പോൾ അദ്ദേഹം മറ്റുള്ളവർ എഴുതിയ കഥകൾക് വിശ്രമം കൊടുക്കും. എന്റെ കഥകൾ കേൾക്കും. രാവിലെ മീൻവെട്ടിയപ്പോൾ അടുത്ത വീട്ടിലെ പൂച്ച വന്നു കൊഞ്ചിയതുമുതൽ കിടക്കും മുൻപ് വാരിക്കീഴീൽ പാത്രമെടുത്തു വെച്ചതുവരെ എന്റെ കഥകൾ ആണ്..

പുള്ളിയും സ്കൂളിലെ വിശേഷങ്ങൾ പങ്കുവെയ്ക്കും.

കുട്ടികൾ ഉറങ്ങിക്കഴിഞ്ഞു. ലൈറ്റും അണച്, ഞങ്ങളും തുലാവർഷത്തിനൊപ്പം ഉറങ്ങാൻ കിടന്നു..

നേരം പുലരും മുൻപേ എഴുനേറ്റു കുട്ടികളെയും ഭർത്താവിനെയും ചോറുപാത്രവും കൊടുത്തുവിടുന്ന ഒരു ശരാശരി വീട്ടമ്മയാണ് ഞാനും...

എന്റെ സുഖവും ദുഖവുമെല്ലാം ഈ വീട്ടിലെച്ചുമരുകൾക്കുള്ളിലാണ്. ഞാനത് ആസ്വദിക്കുന്നു....

അങ്ങനെ എല്ലാരേയും പറഞ്ഞു വിട്ട് കഴുകാനുള്ള തുണിയുമായി പുറത്തേക്കിറങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്...

അത്രമേൽ പ്രിയപ്പെട്ടവൾ ആയിരുന്നോണ്ടാവും സംസാരം വല്ലാതെ നീണ്ടുപോയത്...

വീണ്ടും തുണി നനയ്ക്കാൻ പുറപ്പെടുമ്പോൾ അവളെപ്പറ്റി മാത്രം ഓർത്തു..

എഴോ എട്ടോ വർഷമായിക്കാണും ഞങ്ങൾ പിരിഞ്ഞിട്ട്.. ഒരേമുറിയിൽ ഒരേ കട്ടിലിൽ കിടന്നവർ..

പുറത്തു വളർന്നു പുറം കാഴ്ച്ച കണ്ടുമടുത്ത എനിക്ക് അവളുടെ നാട്ടിൻപുറം ഒരു അത്ഭുതമായിരുന്നു. അവൾക്കാകട്ടെ നാട്ടിൻപുറം മടുത്തും തുടങ്ങിയിരുന്നു. ഒരിക്കൽ എന്റെ താല്പര്യപ്രകാരം അവളുടെ നാടുകാണാൻ എത്തിയതാണ്.. അവളുടെ പുറകെ നടന്നെങ്കിലും ബ്ലഡി ഗ്രാമവാസി എന്ന് അവൾ പുച്ഛിച്ചു തള്ളിയ അവളുടെ മുറച്ചെറുക്കൻ സ്കൂൾ വാദ്യരേ എനിക്കങ്ങു കൈവിടാൻ തോന്നിയില്ല.. അതുകൊണ്ട് ദേവേട്ടൻ ഇന്നെനിക്ക് സ്വന്തമായി..

 

നഗരത്തിന്റെ പരിഷ്കാരങ്ങളും ജോലിയും ഒക്കെ വലിച്ചെറിഞ്ഞ് രണ്ടുകുട്ടികളുടെ അമ്മയായും ദേവേട്ടന്റെ ഭാര്യയായും കഴിയുന്ന സുഖം മറ്റെവിടെ കിട്ടാനാണ്..

ഇന്നവൾ കിട്ടുന്ന ശമ്പളം ആകെയുള്ള ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് നടത്തുന്ന കഥകളും ആഴ്ചയിൽ ഉള്ള പാർട്ടികളും ഒക്കെയടങ്ങുന്ന അവളുടെ കുടുംബകഥ പറഞ്ഞപ്പോൾ എനിക്കൊട്ടും പശ്ചാത്താപം തോന്നിയില്ല,നഷ്ടപ്പെടുത്തിയ അർഭാട ജീവിതത്തേക്കുറിച്ചോർത്...

കഴുകിയ തുണികൾ വിരിക്കുമ്പോൾ എന്റെ ചിന്ത എല്ലാരുമെത്തുമ്പോഴേക്കും തൊടിയിൽ നിന്നും രണ്ടു കപ്പ പിഴുതു പുഴുങ്ങി മുളകുചമ്മന്തി ഉടച്ചു വെച്ചാലോ എന്നായിരുന്നു....

ഞാനുമൊരു പെണ്ണാണ്. പറക്കാൻ അറിയാവുന്ന ആണിന്റെ ചിറകിന്നടിയിൽ സുഖം കണ്ടെത്തുന്ന പെണ്ണ്..

അവന്റെ സ്വപ്നങ്ങൾക്കു ജീവൻ കൊടുത്തവൾ..

കുഞ്ഞുങ്ങളെയും എന്നെയും മാറോടടുക്കി പിടിച്ചു അയാൾ ജീവിക്കുമ്പോൾ ഈ ലോകം എന്റെ മുന്നിൽ ഒരു സ്കൂൾ വാദ്യാര് മാത്രമാണ്... അതിനപ്പുറം ചിന്തിക്കാൻ ഈ തൊടിയിലെ കപ്പയുടെ രുചിയും നാട്ടുമാവിന്റെ ചുനയുടെ ഗന്ധവുമെന്നെ അനുവദിക്കാറേയില്ല..

പ്രിയപ്പെട്ടവളെ നീ ഉപേക്ഷിച്ചു പോയതൊക്കെയും എന്റെ സൗഭാഗ്യങ്ങളാണ്....എന്റെ ജീവിതമായിരുന്നു....

അന്നും തുലാവർഷം തിമിർത്തു പെയ്യുമ്പോൾ അവനോടു ചൊല്ലുവാനേറെയുള്ള കഥകളോടവൾ അടുക്കളവാതിലടച്ചു....... 

 

 

Share :