Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
മണ്ണിനെ പ്രണയിച്ച ഇല

കൊഴിഞ്ഞു വീഴാൻ കൊതിക്കുന്ന ഇല

മണ്ണിനെ പ്രണയിച്ച ഇല

പച്ചിലകൾ ചിരിക്കുന്നു

പഴുത്തയിലകൾ വീഴുമ്പോൾ.

എങ്കിലും ഈ ഇല

ഒരു വീഴ്ച കൊതിക്കുന്നു.

ഭാരങ്ങളെല്ലാം ഒഴിഞ്ഞുപോകുന്ന ഒന്ന്

പ്രണയഭരിതമായി മണ്ണിനെ

മാറോടണച്ച് 

ചേർത്ത് പുൽകാൻ വെമ്പുന്ന ഒന്ന്

മണ്ണിനെ പ്രണയിച്ച ഇല

അവൾ, തടങ്കലിലാണ്

ഞെട്ടിന്റെ തുടലുകൾ തകർത്തെറിഞ്ഞ് 

വീണു ലസിച്ചു ലയിക്കുവാൻ കൊതിക്കുന്ന

ഒരു ഭ്രാന്തിയാണവൾ

മരത്തിന്റെ വ്യവസ്ഥകൾക്കതീതമായി

ഇറങ്ങിയോടി വീഴാൻ കൊതിക്കുന്നവൾ

അവൾ

മണ്ണിനെ പ്രണയിച്ച ഇല

കാലങ്ങൾക്കും ഋതുഭേദങ്ങൾക്കും

അതീതയായവൾ

അവൾ,

മണ്ണിനെ പ്രണയിച്ച ഇല.

മണ്ണിനെ അതിതീവ്രമായി പ്രണയിച്ച ഇല.

 

 

 

Share :