Archives / April 2018

മേഴ്സി ടീച്ചര്‍
ഈ വഴിത്താരയില്‍ - 3


ഞാന്‍ ആദ്യമായി അമ്മയാകാന്‍ പോകുന്നുവെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറയുമ്പോള്‍ - അന്ന് ഞാന്‍ അനുഭവിച്ച ഒരു വീര്‍പ്പുമുട്ടലുണ്ട് - അത് സ്ത്രീകള്‍ക്ക് മാത്രം പ്രകൃതി തന്ന ഒരു വരദാനമായി ഞാന്‍ അന്നും ഇന്നും കാണുന്നു.
പറയാന്‍ വിട്ടുപോയി - എനിക്ക് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. രണ്ട് പേരും എന്‍റെ ഇളയതാണ്. 1981-ല്‍ സഹോദരന്‍ ഡോ. ജോര്‍ജ്ജ് ജോസഫ് മരിച്ചു. അവന്‍റെ ഭാര്യ ഡോ. മൃദുലയും മോനും മോളും ഇപ്പോള്‍ ഗള്‍ഫിലാണ്.
വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഇളയ സഹോദരി വത്സ കേരളത്തിന് പുറത്താണ്. ഇപ്പോള്‍ ബാംഗ്ലൂരിലാണ്. ഏഴാം മാസം മുതല്‍ ഞാന്‍ അനുഭവിച്ച വികാരം വൈദ്യശാസ്ത്രത്തിലുണ്ടാവില്ല. എന്നെ അമ്മ എട്ടാം മാസത്തില്‍ പ്രസവിച്ചതുപോലെ ഞാനും എന്‍റെ കുഞ്ഞിനെ എട്ടാം മാസത്തില്‍ പ്രസവിക്കുമോ എന്നൊരു ഉള്‍ക്കിടിലം - ആവശ്യമില്ലാത്തതാണെങ്കിലും എന്നില്‍ ത്രസിച്ചു നിന്നിരുന്നു. അത് എട്ടാം മാസം കഴിഞ്ഞപ്പോള്‍ എന്നില്‍ നിന്നും മാറിപ്പോയതും ഒപ്പം ഒരു പ്രസവത്തിന് വേണ്ട ഒരു മാനസിക ധൈര്യം എന്നില്‍ ഉടലെടുക്കുകയും ചെയ്തു. ഡോക്ടറുടെ കൃത്യ ഡേറ്റില്‍ തന്നെ ഞാന്‍ മോനെ പ്രസവിച്ചു.
അവിടെ മുതലാണ് ഞാനും മോനുമായി ഒരു ലോകം ഞാന്‍ കണ്ടെത്തിയത്.
മുമ്പ് ഞാന്‍ ഭംഗിയായി പാടുമായിരുന്നു. (അച്ഛന്‍ ശാസ്ത്രീയമായി എന്നെ സംഗീതം പഠിപ്പിക്കാന്‍ ഗുരുവിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അച്ഛന്‍റെ വലിയൊരു ആഗ്രഹം ആയിരുന്നു - ഞാന്‍ അറിയപ്പെടുന്ന പാട്ടുകാരിയാകണമെന്ന് - പിന്നെ കാലം എന്നെ ഒരു അധ്യാപികയാക്കി) അത് പിന്നെ താരാട്ടുപാട്ടിന്‍റെ ഈണത്തില്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍, ഏറെ ആസ്വദിച്ചതും മോന്‍ തന്നെയായിരുന്നു. ഓ . . . . മറന്നുപോയി അവന്‍റെ പേര് പറയാന്‍ - ബോബി.
അവന് എല്ലാ പാട്ടുകളും ഇഷ്ടമല്ല. ഇഷ്ടപ്പെട്ട പാട്ട് പാടിക്കൊടുത്താല്‍ വേഗത്തില്‍ ഉറങ്ങികൊള്ളും - (അവനില്‍ ഒരു ഗായകനുണ്ടെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു.).
രണ്ട് വയസ്സ് ആകുന്നതിന് മുമ്പ് തന്നെ പാട്ടിന്‍റെ വരികള്‍ പറഞ്ഞ് തന്ന് ആ പാട്ട് പാടാന്‍ പറയുന്നത് പോലെയുള്ള അവന്‍റെ ചില കുസൃതിത്തരങ്ങള്‍ ഇന്നും എന്നില്‍ നിന്നും വിട്ട് പോയിട്ടില്ല. അന്നത്തെ അവന്‍റെ ചില കുസൃതിത്തരങ്ങള്‍ ഇന്നും എന്നില്‍ നിന്നും വിട്ടുപോയിട്ടില്ല. അന്നെത്ത അവന്‍റെ ഏറ്റവും പ്രിയ ഗാനം . . . . . . . . അപ്പം വേണം അടവേണം . . . . . . ., ചെത്തിമന്താരം തുളസി. . . . . . .
(തുടരും. . . .)

Share :

Photo Galleries