Archives / july 2021

കുളക്കട പ്രസന്നൻ
ആദിവാസികൾ ഭരണ നിർമ്മാണ സഭാംഗങ്ങൾ ആവണം

നാടിൻ്റെ പച്ചപ്പിനെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നവർ ആരെന്ന് ചോദിച്ചാൽ പ്രധാനമായും ഉയർന്നു വരുന്ന ഉത്തരം മറ്റൊന്നാവില്ല; അതു ആദിവാസികൾ എന്നു തന്നെയാവും. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മറ്റേത് മനുഷ്യ വിഭാഗമുണ്ടാവും. കാട്ടറിവുള്ള ആദിവാസികൾ പരിഷ്കൃതരല്ലാ എന്നു പറഞ്ഞ് മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്നതാണ് പരിഷ്കൃതർ എന്ന് വിശേഷിപ്പിക്കുന്നവർ തിരിച്ചറിയേണ്ടത്.

വനപ്രദേശങ്ങളിലോ, മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നോക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ എന്ന് ഭാരതത്തിൽ ആദിവാസികളെ നിർവ്വചിക്കുന്നു. 461 ആദിവാസി വിഭാഗങ്ങൾ ഇന്ത്യയിൽ ഉള്ളതായി കണക്കാക്കുന്നു. ഇതിൽ ആൻ്റമാൻ നിക്കോബാറിൽ  മറ്റു മനുഷ്യരുമായി ഇണങ്ങാത്ത ആദിവാസി ഗോത്രവുമുണ്ട്. ആദിവാസി ഗോത്രങ്ങൾക്ക് അതാത് ഗോത്രങ്ങളുടേതായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ഉണ്ട്.

സർക്കാരിൻ്റെ കണക്ക് പ്രകാരം 37 ആദിവാസി വിഭാഗങ്ങൾ കേരളത്തിൽ ഉണ്ട്. അടിയർ, ഇരുളർ, കാടർ, കാണി, കുറിച്യർ, മലയരയൻ, നായാടി, ഉള്ളാടൻ തുടങ്ങിയ ഗോത്രങ്ങളാണ് കേരളത്തിലുള്ളത്.  

കേരളത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിശോധിക്കുമ്പോൾ ആദിവാസികളുടെ പ്രാധാന്യം വലുതാണ്. ശബരിമല , അഗസ്താർക്കൂടം ഇവിടങ്ങളിൽ ആദിവാസികൾക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതുപോലെ  പഴശ്ശിരാജയോടൊപ്പം പറയുന്ന തലയ്ക്കൽ ചന്തു കുറിച്യർ വിഭാഗത്തിൽപ്പെട്ടതാണ്.

ആദിവാസികളുടേതായ ഭാഷ, പാട്ടുകൾ, വൈദ്യം ഇതൊക്കെ ഏറെ പ്രാധാന്യത്തോടു കൂടി സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതു പറയാൻ കാരണം പല ഗോത്രങ്ങളും നിലനില്പ് ഭീഷണിയിലാണ്. അട്ടപ്പാടിയിൽ നിന്നും പലപ്പോഴും വാർത്തകളാകുന്ന പോഷകഹാര കുറവുമൂലം മരണപ്പെടുന്ന നവജാത ശിശുക്കളുടെ മരണം ദു:ഖകരമായ അവസ്ഥയാണ്. ഇതു നിശബ്ദ വംശഹത്യയ്ക്ക് കാരണം ആയേക്കുമോ എന്നു  പല പ്രമുഖരും ആശങ്ക പങ്കു വച്ചിട്ടുണ്ട്.

പരിഷ്കൃതർ എന്ന് വിശേഷിപ്പിക്കുന്നവർക്ക്  ആദിവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ എത്രത്തോളം മനസ്സിലാക്കാൻ കഴിയും എന്നതൊരു വിഷയമാണ്. ആദിവാസികളുടെ ജീവിത രീതിയിൽ നിന്ന് മാറി നഗരജീവിതമോ, അതല്ലെങ്കിൽ ഫ്ലാറ്റ് ജീവിതമോ അവർക്ക്  പൊരുത്തപ്പെടാൻ കഴിയണമെന്നില്ല. ഫാസ്റ്റ്ഫുഡ് സംസ്കാരം ദഹിക്കണമെന്നില്ല. അങ്ങനെ അവർ നേരിടുന്ന ഒട്ടനവധി വിഷയങ്ങളുണ്ട്. അത് ബോദ്ധ്യപ്പെട്ട് ആദിവാസികളെ അവരുടെ ചുറ്റുപാടിൽ നിർത്തിക്കൊണ്ട് ജീവിതം മെച്ചപ്പെടുത്തുക എന്നതാവണം ജനാധിപത്യ സംവിധാനത്തിലുള്ള ഭരണകൂടങ്ങൾ പ്രാവർത്തികമാക്കേണ്ടത്.

ആമസോൺ കാടുകൾക്ക് തീപ്പടരുമ്പോൾ അവിടെ വെന്തുമരിക്കുന്ന ആദിവാസികളെ കുറിച്ച് ചിന്തിക്കാതെ അവിടെ കൃഷിയിടമാക്കാമെന്ന് കരുതുന്ന ഭരണാധികാരികളെ കുറിച്ച് 2019 ൽ കേട്ടതാണ്. ഓക്സിജൻ കലവറ എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ പോലും സംരക്ഷിക്കുക എന്നത് ഭരണകൂട അജണ്ടയല്ലാതെ മാറിയത് മാനവരാശിയുടെ മേൽ വാ പിളർന്നു നിൽക്കുന്ന അപകട സൂചനയാണ് ചൂണ്ടിക്കാട്ടാനുള്ളത്. ജീവിക്കാനുള്ള ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിച്ചു പോരുന്ന ആദിവാസികളെന്ന നമ്മൾ വിശേഷിപ്പിക്കുന്ന അപരിഷ്കൃതർ ഇല്ലാതായാൽ ഈ ഭൂമിയുടെ അവസാന പച്ചപ്പും ഇല്ലാതാവില്ലെ ?

വികസന പദ്ധതികൾ എന്ന പേരിൽ എന്തെല്ലാം പദ്ധതികൾ നടപ്പിലാക്കുന്നു. അക്കൂട്ടത്തിൽ ആദിവാസികളുടെ ഭാഷാടിസ്ഥാനത്തിൽ പ്രാമുഖ്യം നൽകി കൊണ്ട് ഒരു യൂണിവേഴ്സിറ്റി കേരളത്തിൽ ആകാവുന്നതല്ലെ ? അതു കൊണ്ട് ആദിവാസികളുടെ പ്രശ്നങ്ങൾ തീരുമെന്നല്ല. പക്ഷെ, അതൊരു മാറ്റം ആകും. 

ആദിവാസികൾ ഏറെയുള്ള പശ്ചിമഘട്ടത്തെ പാറക്വാറികൾ ഇല്ലാതാവണം. പശ്ചിമഘട്ടം ടൂറിസവുമായി ബന്ധപ്പെടുത്തുന്നുവെങ്കിൽ പ്രകൃതിസംരക്ഷണത്തോടും ആദിവാസികൾക്ക് ശല്യമാകാത്ത വിധവുമായിരിക്കണം. അതിനു ഘടകവിരുദ്ധമായാൽ ഒരു നാട് തന്നെ ഇല്ലാതെയാവും എന്നത് സദാ ഓർക്കുന്നത് നല്ലതാണ്.

ആദിവാസികളെ സംബന്ധിച്ച് അവർക്ക് അർഹതപ്പെട്ട ഇടങ്ങളിൽ അംഗീകാരം നൽകേണ്ടതുണ്ട്. അതിൽ പ്രധാനമാണ് നിയമനിർമ്മാണ സഭകളിൽ ഉൾപ്പെടേണ്ടതിൻ്റെ ആവശ്യകത. ഒരു വോട്ട് ബാങ്ക് അല്ലാത്തതിനാൽ കേരള നിയമസഭയിൽ ആദിവാസികൾ അംഗമാകുക എന്നത് അപൂർവ്വമാണ്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ആംഗ്ലോ ഇന്ത്യൻസിനെ നാമനിർദേശം ചെയ്തു വന്ന രീതിയിൽ ആദിവാസികളെ നാമനിർദ്ദേശം ചെയ്യുന്നത്  പ്രത്യേക നിയമത്തിലൂടെ സാധ്യമാക്കി കൂടെ ? അതിനു വേണ്ടി പരിഷ്കൃത സമൂഹം ഇടപെടണം.

ആദിവാസ സഭകൾ കൂടുന്നതിന് തദ്ദേശ തലത്തിൽ സംവിധാനം ആലോചിച്ചു വരുന്നതായി കേട്ടു . ഇവിടെ പറയാനുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറമാവണം സാമൂഹികമായ ഇടപെടൽ.

കമൻ്റ്: ആദിവാസികൾ നിശബ്ദമായി പ്രകൃതിയെ സംരക്ഷിച്ചു പോരുന്നു. ഈ നാട് നിലനിന്നുപോകുന്നത് ആ കരുതലിലാണ്.
 

Share :