Archives / March 2021

ഫില്ലീസ് ജോസഫ്
പരിഹാസത്തിന്റെ വില(ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_25)

ഇന്റർനെറ്റും മറ്റും ഇത്രയുംസാധാരണമാവാത്തൊരു കാലത്ത് അങ്കിൾ എന്റെ റിസൾട്ട് തലേന്ന് തന്നെ കണ്ടെത്തിയത് എനിക്ക്അത്ഭുതമായിരുന്നു .അപ്പോഴാണ് അങ്കിളിന്റെ പിഎസ്സ്സി പഠനവും കൂട്ടുകാരുമൊക്കെ ഞങ്ങൾക്ക് വെളിപ്പെട്ടത്.കായികാധ്വാനം അധികം വേണ്ടി വരുന്ന ജോലികളൊന്നും തനിക്ക് സാധിക്കില്ലെന്ന തിരിച്ചറിവ് േജാണി അങ്കിളിൽ ഒരു തരം അപകർഷത വളർത്തുകയായിരുന്നു.പൊയ്കേലെ വീടിന്റെ ഭിത്തികൾ നിറയെ അങ്കിൾ വരച്ച ചിത്രങ്ങളായിരുന്നു. ജീവൻ തുടിക്കുന്നവ. കൂടുതലും പൗരാണിക കുലസ്ത്രീ ചിത്രങ്ങൾ, പുഷ്പവാടികൾ ഒക്കെ ഞങ്ങളെ അങ്കിളിന്റെ വരകളോട് അത്യാകർഷണീയരാക്കി. 

അങ്കിളിന്റെ ചിത്രരചനയിലുള്ള അപാരസിദ്ധി എത്ര പറഞ്ഞാലും എങ്ങനെ പറഞ്ഞാലും തീരില്ല

എന്റെ കുഞ്ഞനിയനും നന്നായി വരയ്ക്കുമായിരുന്നു. പൂർവ്വീകരിൽ ആരുടെയോ സിദ്ധി രണ്ടാൾക്കും ലഭിച്ചതാവാം.

പതിനാലാം വയസിൽ അപ്പച്ചനെ കല്യാണം കഴിക്കും വരെ കുണ്ടറ സിറാമിക്സ് കമ്പനിയിലെ പ്ലേറ്റുകളിൽ പൂ വരയ്ക്കാൻ പോയിരുന്ന അക്കരെയമ്മച്ചിയുടെ സിദ്ധി തന്നെയാവാം!

അന്നത്തെ പ്ലേറ്റുകളൊക്കെ അമ്മച്ചി സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. തേങ്ങാ ചമ്മന്തിയും കായൽ മീൻ കറിയും കൂട്ടിക്കുഴച്ചു കഴിച്ച സുന്ദരി പ്ലേറ്റുകൾ...!

പക്ഷേ ജോണിയങ്കിൾ ഒന്നിലുംതൃപ്തനായിരുന്നില്ല. പി എസ് സി വഴി ജോലി വാങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അങ്കിൾ കരുതി. ആരുടെയും ഉപദേശങ്ങൾക്കോ വാക് ധോരണികൾക്കോ അത് മാറ്റാനും കഴിഞ്ഞില്ല

കഠിനമായ പരിശ്രമത്തിനൊടുവിൽ ജോണി അങ്കിൾ ഒന്നുരണ്ട് പി എസ് സി ലിസ്റ്റുകളിൽ വരികയും ചെയ്തു.

അങ്ങനെയിരിക്കെ കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവർ ടെസ്റ്റ് പാസായ അങ്കിൾ ജോലിയിൽ പ്രവേശിച്ചു

 ആറുമാസത്തോളം അങ്കിൾ ഒരേ റൂട്ടിൽ വണ്ടി ഓടിച്ചു. പരിചയസമ്പന്നനായ ഒരു ഡ്രൈവറെ പോലെ അങ്കിൾ തന്റെ ജോലി മനോഹരമായി ചെയ്തു.

അതിന് ശേഷം റൂട്ട് മാറി ഓടേണ്ടി വന്ന അങ്കിൾ ഓടിച്ച ബസ് നിറയെ യാത്രക്കാരുമായി പാടത്തേയ്ക്ക് മറിഞ്ഞു. ഒന്നും ചെയ്യാനാവാതെ നിസഹായനായ അങ്കിളിന്റെ പ്രാർത്ഥനയുടെ ഫലമാവാം ആർക്കും പരിക്കുകൾ പോലും ഉണ്ടാവാതെ രക്ഷപ്പെടുകയാണുണ്ടായത്.ആ സംഭവത്തോടെ അങ്കിൾ ആകെ തളർന്നു വീട്ടിൽ ചിത്രം വരയും .ചെടിപരിപാലനവുമായി ജോണി അങ്കിൾ ഒതുങ്ങി. എങ്കിലും കൂട്ടുകാരുമൊത്തുള്ള സായാഹ്‌നങ്ങളും പൊതു വിജ്ഞാനപഠനവും നിർത്തിയില്ല.

സമപ്രായക്കാരും നാട്ടുകാരുമായ കൂട്ടുകാർ ഇടയ്ക്കിടെ തന്റെ ശാരീരികപ്രശ്നങ്ങൾ പറഞ്ഞ് കളിയാക്കാറുണ്ടെന്ന് അങ്കിൾ പറഞ്ഞിരുന്നു

ഒരിക്കൽ എല്ലാവരുടെ പൊയ്കേലെ വീട്ടിൽ ഒത്തുചേർന്ന അവസരത്തിൽ അങ്കിൾ ഇതേക്കുറിച്ച് ഞങ്ങൾ, കുട്ടിപ്പട്ടാളത്തോട് വാചാലനാവുകയും ചെയ്തു.

കളിയിലും ചിരിയിലും മുക്കി ഞങ്ങൾ ജോണി അങ്കിളിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.

അക്കരെ വീട്ടിൽ നിന്നും റോഡിലേയ്ക്ക് വരുന്ന കുന്നുംപുറത്തെ വഴിയരികിൽ,പരിഹസിക്കാൻ വിരുതരായ ഒരു ദരിദ്രകുടുംബക്കാർ താമസിച്ചിരുന്നു

"പറന്നു പോകുന്ന കാക്കയേയും കിളിയേയും വരെ കളിയാക്കുന്ന കൂട്ടരെ"ന്നാണ് അങ്കിളുമാരൊക്കെ അവരെ ക്കുറിച്ച് പറഞ്ഞിട്ടുള്ളത്

പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്പി ക്കേറ്റ് അപ്പൻ വാങ്ങി നൽകിയതിനാൽ ജോലിയിൽ പ്രവേശിച്ച ഏറ്റവും ഇളയ സോജു അങ്കിൾ പോലീസ് ഡ്രൈവർ ട്രെയിനിംഗിനായി മലപ്പുറം എം എസ് പിയിലായിരുന്ന സമയമായിരുന്നു അത്.

സോജു അങ്കിൾ അവധിയ്ക്ക് വരുമ്പൊഴൊക്കെ ജോണി അങ്കിൾ റോഡിലേയ്ക്കും കൂട്ടുകാരുടെ അടുത്തേയ്ക്കുമൊക്കെ പോകുമ്പോൾ "ഇതെന്താ ജോണീ.... പുതിയ ഉടുപ്പാണല്ലോ .... സോജു വന്നോ" എന്ന് സ്ഥിരമായി ചോദിച്ച് ആ കൂട്ടർ ജോണി അങ്കിളിലെ പരിഹസിച്ചിരുന്നു എന്നൊരിക്കൽ ജോണി അങ്കിൾ വേദനയോടെ പറഞ്ഞിരുന്നത് ഓർക്കുന്നു.

"പി.എസ്.സി യുടെ ലിസ്റ്റിലൊക്കെ ഉണ്ടല്ലോ. നീ എന്തിനാ വിഷമിക്കുന്ന"തെന്ന് അങ്കിളുമാരും ചോദിക്കുമായിരുന്നു.

അപ്പച്ചൻ തനിക്ക് തന്ന ഓഹരി വസ്തുവിനെ ക്കുറിച്ചും മറ്റുള്ളവയെ അപേക്ഷിച്ച് അതിന്റെ പോരായ്മയെക്കുറിച്ചും ജോണി അങ്കിൾ വ്യാകുലപ്പെട്ടിരുന്നു

 "ജോലിയൊക്കെ ആയാൽ പിന്നെ വീടും വസ്തുവകയുമൊക്കെയുള്ള പെണ്ണിനെ കെട്ടാമല്ലോ"

എന്ന് പറഞ്ഞ് ഞങ്ങളെല്ലാവരും അങ്കിളിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ അധിക സമയവും അക്കരെ വീട്ടിൽ ചെലവഴിച്ച അങ്കിൾ ഒരു ദിവസം എന്നെ തിരക്കുന്നതായി അപ്പൻ വന്നു പറഞ്ഞു.

കോളേജിൽ ഒന്നാം വർഷം ഡിഗ്രി പോളിമർകെമിസ്ട്രിയ്ക്ക് ചേർന്ന ഞാൻ പിറ്റേന്ന് കോളേജ് മുടക്കി അക്കരെ വീട്ടിൽ പോകാൻ തീരുമാനിച്ചു

പക്ഷേ, അന്ന് ഉച്ചയ്ക്ക് നേരത്തേ എപ്പൊഴോ വാങ്ങി രഹസ്യമായി സൂക്ഷിച്ചപരാമർ കഴിച്ച അങ്കിൾ റോഡിലേയ്ക്കുള്ള വഴി മദ്ധ്യേ  തളർന്ന് വീണ് കണ്ടെത്തുകയും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണമടയുകയും ചെയ്തു

 

Share :