Archives / March 2021

മാത്യു പണിക്കർ
സമാന്തര ജീവികൾ

 

ഒരു സമാന്തരലോകവും ജീവസാന്നിധ്യവും

എനിക്ക് ചുറ്റും ഞാൻ അറിയുന്നു

എന്റെ തോളുരുമ്മി അവർ സഞ്ചരിക്കുന്നു

അതിതീവ്രമായ ഉഷ്ണത്തിൽ ഞാൻ

വിയർത്തൊലിക്കുമ്പോൾ

തൂവെള്ള മഴക്കൊട്ടുമിട്ടു മഴ നനഞ്ഞു

അവർ എന്നോടൊപ്പം ചരിക്കുന്നു

വ്യഥയുടെ പാരമ്യത്തിൽ

ഞാനാശ്രയിക്കുന്ന

എന്റെ ഹുക്ക ഒരു നാണവുമില്ലാതെ

അതിൽ സ്ത്രീകളായവർ വലിച്ചു തീർക്കുന്നു

അതിന്റെ പുകയിൽ നിന്ന്

അവർ പുണ്യവാളന്മാരെ സൃഷ്ടിക്കുകയും

അവരെ കൊണ്ട് സർവ്വ പാപങ്ങളും

പരിഹരിച്ചെടുക്കയും ചെയ്യുന്നു

പിൻതലമുറയിലെ ഒരു പേരുകളും

എനിക്കറിയാതിരിക്കെ

അവരുടെ പിൻഗാമികളുടെ പോലും നാമങ്ങൾ

ആയിരം തലമുറവരെ അവർ മനപ്പാഠമാക്കിയിരിക്കുന്നു

അതിൽ ഐ വി, കത്തീറ്റർ എന്ന സ്ത്രീനാമങ്ങളും

സക്ഷൻ, സാച്ചുറേഷൻ എന്ന പുരുഷനാമങ്ങളും

പതിവായി അവർ ഉരുവിട്ട് കേൾക്കാറുണ്ട്

എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും

അവർ കൂട്ടമായി എത്തി

എന്റെ കണ്ണുകൾ വലിച്ചു തുറക്കുകയും

കൃഷ്ണമണിയുടെ ദർപ്പണത്തിൽ

തങ്ങളുടെ മുഖകാന്തി

മത്സരിച്ചു നോക്കുകയും ചെയ്യാറുണ്ട്

നിങ്ങൾ അവരെ ഭൂമിയിലെ മാലാഖമാർ

എന്ന് തന്നെ വിളിച്ചു കൊള്ളുക

അവർ എന്റെ സമാന്തര ലോകത്തിലെ

വിചിത്രരായ യാത്രികരാണ്

ഇനിയങ്ങോട്ട് ആകെയുള്ള സഹയാത്രികരും

Share :