Archives / july 2021

കുളക്കട പ്രസന്നൻ
തെരഞ്ഞെടുപ്പ് കളം ആവേശത്തിമിർപ്പിൽ

തിരു-കൊച്ചിയും മലബാറും ചേർന്ന് 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപീകൃതമാകുമ്പോൾ തിരു-കൊച്ചി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1957 ഏപ്രിൽ അഞ്ചിന് അധികാരം ഏൽക്കുന്നതുവരെ രാഷ്ട്രപതി ഭരണത്തിലായിരുന്നു കേരളം. പിന്നീട് 1964 സെപ്റ്റംബർ 10 ന് രണ്ടാം സർക്കാർ അധികാരത്തിൽ പുറത്തായ ശേഷം കേരളത്തിൽ രാഷ്ട്രപതി ഭരണം വന്നു. 1 965 മാർച്ചിൽ നടന്ന 3-ാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് ഫലം 1965 മാർച്ച് 24ന് റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി ഭരണം തുടർന്നു. പിന്നീട് 1967 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ സപ്ത കക്ഷി മുന്നണി അധികാരത്തിലെത്തി.

1970 ൽ അധികാരത്തിൽ വന്ന സി.അച്യുതമേനോൻ സർക്കാർ ഏഴ് വർഷം ഭരിച്ചു.1975 ൽ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ആ ഗവണമെൻ്റ് രണ്ട് വർഷം കൂടുതൽ അധികാരത്തിൽ തുടർന്നത്. പിന്നീട് 1982ൽ വന്ന സർക്കാർ 5 വർഷം കാലാവധി തികച്ചു. പിന്നീട് ഇങ്ങോട്ട് 1987 ൽ അധികാരത്തിൽ വന്ന ഇ.കെ.നായനാർ സർക്കാർ ഒഴിച്ച് എല്ലാ മുന്നണികളും  കാലാവധി തികച്ചു എന്ന് പറയാം.

1987 ൽ അധികാരത്തിൽ വന്ന ഇ.കെ.നായനാർ സർക്കാർ തുടർ ഭരണം ലക്ഷ്യം വച്ച് നാല് വർഷമായപ്പോൾ 1991 ൽ ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താൻ നിയമസഭാ പിരിച്ചുവിടുകയായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. 1990 ൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് 13 ജില്ലയിലും വിജയിച്ചിരുന്നു. എന്നാൽ 1991 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തി.

1991 മുഖ്യമന്ത്രിയായ കെ.കരുണാകരൻ 1995 രാജിവച്ചു. പകരം എ.കെ.ആൻ്റണി മുഖ്യമന്ത്രിയായി. 2001 ൽ മുഖ്യമന്ത്രിയായ എ.കെ.ആൻ്റണി 2004ൽ രാജിവച്ചു. പകരം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഈ രണ്ടു വട്ടവും യു ഡി എഫ് സർക്കാർ തന്നെയാണ് അധികാരത്തിൽ വന്നത്. അതായത് കേരളത്തിൽ 19782 മുതൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും കേരള രാഷ്ട്രീയത്തിൻ്റെ ഭാഗമായി കഴിഞ്ഞു എന്ന സൂചനയാണ് നൽകുന്നത്.

ഇരു മുന്നണി സംവിധാനത്തിനു പുറമെ ചില സ്വതന്ത്രരും അതില്ലാതെ ഒറ്റപ്പെട്ട രീതിയിൽ പാർട്ടി സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. എന്നാൽ ഒരു മൂന്നാം മുന്നണി സംവിധാനത്തിന് കേരളം പാകപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ  ഇപ്പോഴും ഇല്ലായെന്നാണ് തെളിയിക്കുന്നത്.

എന്നു കരുതി കേരളം കഴിഞ്ഞ 14 നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായതിനെക്കാൾ വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഐക്യകേരള രൂപീകരണ ഘട്ടത്തിലും പിന്നീട് രണ്ടു തവണയും രാഷ്ട്രപതി ഭരണം കണ്ട കേരളം ജനാധിപത്യ സംവിധാനത്തിൽ കരുത്തുറ്റ നിലയിലേക്ക് മാറി എന്നത് വസ്തുതയാണ്. ഒരു ദിവസം ഒരു നേരമെങ്കിലും രാഷ്ട്രീയം പറയാത്ത മലയാളിയുണ്ടോ ?

രാജ ഭരണത്തിലും വൈദേശിക ഭരണത്തിലും കഴിഞ്ഞ രാജ്യത്ത് ജനാധിപത്യത്തിലേക്കുള്ള കാൽവയ്പിൽ ഉറച്ച ചുവടുകളായി മാറാൻ വർഷങ്ങൾ വേണ്ടിവന്നു. രാജാവിനോടുള്ള ഭയഭക്തി ബഹുമാനം ജനാധിപത്യത്തിൽ കേരളീയർ നൽകുന്നുണ്ടോ? ഭരണാധികാരികളെ ഏറെ വിമർശിക്കപ്പെടുന്നവരാണ് മലയാളികൾ. ഹാസ്യം ഇഴപിരിച്ചെടുക്കാനാവാത്ത വിധം ആക്ഷേപഹാസ്യത്തിലൂടെയുള്ള വിമർശനം മലയാളികളുടെ അവകാശമായി കരുതിപ്പോരുന്നു. ഒരു പക്ഷെ മലയാളികൾക്ക് ആക്ഷേപഹാസ്യം ഇല്ലാതെയെന്ത് ജീവിതം. ചാക്യാർകൂത്തും, മിമിക്രിയും കാർട്ടൂണും എല്ലാം ഒഴുകി എത്തുന്നത് ആക്ഷേപഹാസ്യത്തിലേക്കാണല്ലോ.

പറഞ്ഞു വന്നത് തെരഞ്ഞെടുപ്പ് ഗോദയിൽ ആരോഗ്യകമായ മത്സരമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിയിൽ  നിന്നും മുക്തരല്ല മാനവരാശി. തെരഞ്ഞെടുപ്പ് ആവേശത്തിൽ  ഭാഗത്ത് കൊവിഡിനോടു പൊരുതാൻ മറക്കരുത്. ഇന്നലെകളിൽ പ്രളയം ഉണ്ടായപ്പോഴും കൊവിഡ് ഭീതി വിതച്ചപ്പോഴും രാഷ്ട്രീയവും ഭാഷയും മതവും മറന്ന് നമ്മൾ സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറിയവരാണ്.

ആശയപരമാകട്ടെ തെരഞ്ഞെടുപ്പ് കാലം. അതൊന്നിനെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയു.

കമൻ്റ്: പിച്ചവച്ചു തുടങ്ങുന്ന കാലമല്ല കേരളത്തിൻ്റേത്. കേരളം 65-ാം വർഷത്തിലേക്ക് കടക്കുകയാണ്. അത് ഏതൊരു രാഷ്ട്രീയ പാർട്ടിയേയും സംബന്ധിച്ച് ഒരുപാട് ഉത്തരവാദിത്വമാണ് ഓർമ്മപ്പെടുത്തുന്നത്.
 

Share :