Archives / March 2021

ഫില്ലീസ് ജോസഫ്
ജോണി അങ്കിൾ (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ_24)

അപ്പനോളം തന്നെ എന്നെ സ്നേഹിച്ച ചിറ്റപ്പനായിരുന്നു ജോണി അങ്കിൾ. അദ്ദേഹമാണ് നെയ്വേലിയിൽ ജോലി ചെയ്തിരുന്നത്. എന്റെ പഠനത്തിലുള്ള മികവിൽ അങ്കിൾ ആനന്ദിച്ചിരുന്നു."അടുത്ത മണവാളൻ ചെക്കനാണെന്ന്" ബന്ധുക്കളൊക്കെ കളിയാക്കി പറയാറുണ്ടായിരുന്നു. കൂട്ടത്തിൽ നല്ല ശമ്പളവും അങ്കിളിന് തന്നെ. അക്കാലത്തെ നൂതനവസ്ത്രങ്ങളിൽ വിലസി നടന്ന അങ്കിൾ പഴയകാലസിനിമാ നടന്മാരെ ഓർമ്മിപ്പിച്ചു.

ലീവ് കഴിഞ്ഞ് അങ്കിൾ നെയ് വേലിക്ക് മടങ്ങി.

നാട്ടിൽ നിന്നും നിറയെ കല്യാണാലോചനകൾ വരുന്ന സമയം. അങ്കിൾ പോയി ഏകദേശം ഒന്നര മാസം കഴിഞ്ഞിട്ടുണ്ടാവും. ഒരു ദിവസം നട്ടുച്ചയ്ക്ക് പോസ്റ്റോഫീസിൽ അങ്കിളിന്റെ കമ്പനിയിൽ നിന്ന് ഒരു ടെലിഗ്രാം വന്നു. 

"എത്രയും വേഗം നെയ് വേലിയിൽ എത്തിച്ചേരുക"

ജോണിയങ്കിൾ അഞ്ചോ ആറോ നില ഉയരത്തിൽ നിന്ന് വീണു പരിക്കേറ്റ് ആശുപത്രിയിലാണ്.

ജോലിക്കിടെ സംഭവിച്ചതായത് കൊണ്ട് കമ്പനി തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.അപ്പൻ ഉൾപ്പെടെ നാട്ടിലുള്ള ചിറ്റപ്പൻമാരെല്ലാവരും നെയ് വേലിക്ക് വണ്ടി കയറി. ശരീരത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞു നുറുങ്ങി അബോധാവസ്ഥയിലാണ് അങ്കിൾ കിടന്നിരുന്നത്. കമ്പനിയുടെ  ഏറ്റവും മികച്ച പരിചരണത്തിൽ 

അങ്കിളിന് വേണ്ടി പട്നായിക്ക് കുടുംബത്തിലുള്ള ഡോക്ടർ ആണ് ചുമതലയിൽ ഉണ്ടായിരുന്നത്. ഭാരതത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച സേവനമാണ് കമ്പനി അങ്കിളിന് നൽകിയത്.

ഏകദേശം ഒമ്പതു മാസത്തോളം വരുന്ന ചികിത്സയ്ക്കൊടുവിൽ എല്ലുകൾ ഉള്ളിടത്തെല്ലാം സ്റ്റീൽ റാഡുകളുമായി അങ്കിളിനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നു

കമ്പനി ഒരു നിശ്ചിത തുക അങ്കിളിന്റെ തുടർ ചികിത്സാർത്ഥം നൽകി. അത് നാട്ടിലെ ബാങ്കിൽ അങ്കിളിന്റെ പേരിൽ സ്ഥിരമായി നിക്ഷേപിക്കുകയും ചെയ്തു.

ചികിത്സ നടത്താനുള്ള തുകയും മറ്റും പിന്നീടും കമ്പനി അയച്ചു നൽകി. നെയ് വേലി ലിഗ്നൈറ്റ് കമ്പനി അന്ന് അങ്കിളിനും ഞങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് കാലമെത്ര കഴിഞ്ഞാലും നന്ദി പറഞ്ഞു തീർക്കാനാവില്ല.

ശരീരത്തിലാകമാനമുള്ള റാഡുകൾ മാറ്റുവാനും മറ്റും യാത്രകൾ പിന്നെയും വേണ്ടി വന്നു. 

ഏതായാലും ജോണി അങ്കിളിനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി.

പക്ഷേ, തനിക്കിനി ആണുങ്ങളെ പ്പോലെ ജോലിയെടുത്ത് ജീവിക്കാനാവില്ലെന്ന ചിന്ത അങ്കിളിനെ അലട്ടിയിരുന്നു

 നന്നായി വരയ്ക്കുമായിരുന്ന അങ്കിൾ ചിത്രരചന പഠിക്കാൻ ആരംഭിച്ചു. കൂട്ടത്തിൽ ഡ്രൈവിംഗ് പഠിച്ച് ലൈസൻസും സ്വന്തമാക്കുകയും ചെയ്തു.

ഇവിടെ നിന്നുള്ള യാത്ര ദുർഘടമായതിനാൽ അങ്കിൾ അംബാസിഡർ കാർ വാങ്ങി സ്വയം ഡ്രൈവ് ചെയ്തു പോയി.

മനോഹരമായ അതി ജീവന കാഴ്ച ഞങ്ങളുടെയെല്ലാം മനം നിറച്ചു. 

അങ്ങനെയിരിക്കെ ഒരു സന്ധ്യയ്ക്ക്

അങ്കിൾ 'ലീനാമോളേ' എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട് വീട്ടിലേയ്ക്കുള്ള വഴിയിലൂടെ, വർദ്ധിച്ച ആഹ്ളാദത്തോടെ, ഓടി വന്നു .എന്റെ പ്രീഡിഗ്രിയുടെ റിസൾട്ടായിരുന്നു അത്. പിറ്റേന്ന് പബ്ലിഷ് ചെയ്യുന്ന റിസൾട്ട് അങ്കിൾ എങ്ങനെ അറിഞ്ഞുവെന്ന് ഞാൻ അതിശയിച്ചു

Share :